തിരുവനന്തപുരം: നിയമസഭയില്‍ ഭരണപക്ഷാംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനത്തിനും മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
ചെന്നിത്തലയുടെ വാക്കുകള്‍:
ഇത്തരമൊരു ചോദ്യവും ഇത്തരമൊരു ഉത്തരവും എന്തിന് വേണ്ടിയിട്ടാണ് എന്ന് എല്ലാവര്‍ക്കുമറിയുന്നതാണ്. സര്‍, കേരളത്തിലെ പ്രതിപക്ഷം ഈ ഗവണ്‍മെന്റിനെതിരായി നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. അഴിമതിയില്‍ മുങ്ങിക്കളിച്ചുകൊണ്ടിരിക്കുന്ന ഗവണ്‍മെന്റാണ് ഇന്ന് കേരളം ഭരിക്കുന്നത്. അഴിമതിയില്‍ മുങ്ങിതാണുകൊണ്ടിരിക്കുന്ന ഒരg ഗവണ്‍മെന്റ് അവരുടെ മുഖം രക്ഷിക്കാന്‍ വേണ്ടി പ്രതിപക്ഷവും ഇങ്ങനെയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ഒരു പാഴ്‌വേലയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇവിടെ മറുപടി പറഞ്ഞപ്പോള്‍ പറഞ്ഞു ഗവര്‍ണറെ ഞാന്‍ സമീപിച്ചു എന്ന്. ശരിയാണ് സര്‍, കാരണം ഈ ബാര്‍ കോഴയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ട് അന്വേഷിച്ചിട്ടുള്ളതാണ്. രണ്ട് തവണ അന്വേഷിച്ചിട്ടുള്ളതാണ്. ഇതിനാധാരമായിട്ടുള്ള ഒരു സിഡിയിലാണ് എന്റെ പേര് പരാമര്‍ശിക്കുന്നത്.
ഈ ഗവണ്‍മെന്റും കഴിഞ്ഞ ഗവണ്‍മെന്റും അന്വേഷിച്ച് ആ സിഡി വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഈ കേസ് നിലനില്‍ക്കുകയാണ്. അതിന്റെ റിപ്പോര്‍ട്ട് ഈ ഗവണ്‍മെന്റും കഴിഞ്ഞ ഗവണ്‍മെന്റും സമര്‍പ്പിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ അടിസ്ഥാനരഹിതമായ ഒരു കാര്യം നിയമപരമായി, ഗവണ്‍മെന്റ് ചെയ്യുമ്പോള്‍ നിയമപരമായി വേണം ചെയ്യാന്‍, അത് സബ്ജുഡീസ് ആണ്, അത് ഞാന്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തിട്ടുള്ളത്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഞാന്‍ പറയുന്നു അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ഉന്നയിക്കുന്നത് സത്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്. ഞാനാരുടേയും കൈയില്‍ നിന്ന് കോഴ വാങ്ങിയിട്ടില്ല, ചോദിച്ചിട്ടില്ല. ബോധപൂര്‍വമായി പ്രതിപക്ഷത്തെ അപമാനിക്കാനായി നടത്തുന്ന ശ്രമമാണ്. ഏതന്വേഷണം നടത്തിയാലും ഞങ്ങള്‍ക്കൊരു ചുക്കുമില്ല എന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.
അഞ്ച് വര്‍ഷക്കാലം നിങ്ങള്‍ എന്തെല്ലാം അന്വേഷിച്ചു. എനിക്ക് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത് കോടതിയുടെ പരിഗണനയിലുള്ള ഒരു കേസ്, രണ്ട് സര്‍ക്കാരുകള്‍ അന്വേഷിച്ച് വ്യാജമാണെന്ന് കണ്ടെത്തിയ ഒരു സിഡി അതിനെ സംബന്ധിച്ചൊരു പെറ്റീഷന്‍ എഴുതി വാങ്ങി ഞങ്ങള്‍ അഴിമതി ആരോപണം ഉന്നയിക്കുന്നതിന്റെ പേരില്‍ തിരിച്ചാരോപണം ഉന്നയിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയം ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടോ എന്നാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക