എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍ സിനിമയിലെ രാംചരണിന്റെയും ജൂനിയര്‍ എന്‍.റ്റി.ആറിന്റെയും കെമിസ്ട്രി ശരിക്കും സിനിമാ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലുള്ള ചില പ്രശ്‌നങ്ങള്‍ രണ്ട് താരങ്ങളെയും കാലങ്ങളായി അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. എന്നാല്‍ സിനിമയിലെ ഭീമനും രാമനുമായുള്ള ഇരുവരുടെയും പ്രകടനം ആ പ്രശ്‌നങ്ങളെയൊക്കെ ഇല്ലാതാക്കി.
ലോകം മുഴുവന്‍ ഇപ്പോഴും ആര്‍.ആര്‍.ആര്‍ ചര്‍ച്ചയാണ്. സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയിരുന്നു. പുരസ്‌കാര വേദിയില്‍ ഇരുവരും സിനിമയെ കുറിച്ചും തങ്ങളുടെ സൗഹൃദത്തെ കുറിച്ചും പറഞ്ഞിരുന്നു.
കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളൊക്കെ അവസാനിച്ചുവെന്നും ഇരുവരും സൗഹൃദത്തിലാണെന്നുമാണ് രാംചരണ്‍ പുരസ്‌കാര വേദിയില്‍ പറഞ്ഞത്. എന്നാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ തമ്മില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ ആരോഗ്യകരമായ മത്സരമാണ് തങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് പോളണ്ടിന് നല്‍കിയ അഭിമുഖത്തില്‍ എന്‍.റ്റി.ആര്‍ കുടുംബവും തന്റെ കുടുംബവും തമ്മിലുള്ള മത്സരത്തെ കുറിച്ചും രാം ചരണ്‍ പറഞ്ഞിരുന്നു. തങ്ങളുടെ കുടുംബങ്ങള്‍ രാഷ്ട്രീയത്തിലും സിനിമയിലും വര്‍ഷങ്ങളായി മത്സരിക്കുകയാണെന്നും ജൂനിയര്‍ എന്‍.റ്റി.ആറിന്റെ മുത്തച്ഛനും തന്റെ മുത്തച്ഛനും ചിരവൈരികളായിരുന്നു എന്നും രാംചരണ്‍ പറഞ്ഞു.
രാംചരണിന്റെയും ജൂനിയര്‍ എന്‍.റ്റി.ആറിന്റെയും കുടുംബങ്ങള്‍ തെലുങ്ക് സിനിമയിലും രാഷ്ട്രീയത്തിലും വളരെ സ്വാധീനമുള്ളവരാണ്. അതുകൊണ്ട് തന്നെ പരസ്പരം മത്സരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ന് ഇരുതാരങ്ങളും സിനിമക്കകത്തും പുറത്തും നല്ല സുഹൃത്തുക്കളാണ്.
content highlight: ramcharan about friendship with junior ntr