കണ്ണൂര്‍: സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയിലേക്കും കേന്ദ്ര കമ്മിറ്റിയിലേക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെടേണ്ടവരുടെ പേരുകളില്‍ അവസാനവട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനാവും കേരളത്തില്‍ നിന്നും പുതുതായി പി.ബിയിലേക്കെത്തുന്നതെന്നാണ് സൂചന.
നേരത്തെ കേരളത്തില്‍ നിന്നും എ.കെ. ബാലനേയോ കെ. രാധാകൃഷ്ണനേയോ പി.ബിയിലേക്കെത്തിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇരുവരെയും ഒഴിവാക്കി ബംഗാളില്‍ നിന്ന് രാം ചന്ദ്ര ഡോമിനെ ദളിത് പ്രാതിനിധ്യമായി പി.ബിയില്‍ എത്തിക്കാനാണ് സാധ്യത.
കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തിലെ മൂന്ന് അംഗങ്ങളുടെ ഒഴിവിലേക്ക് നാലുപേര്‍ക്ക് അവസരം കിട്ടിയേക്കും. സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളായ കെ.എന്‍. ബാലഗോപാലിന്റേയും പി. രാജീവിന്റേയും പേരുകളില്‍ തീരുമാനമായിട്ടുണ്ട്.
വനിതാ കമ്മീഷന്‍ അധ്യക്ഷയായ പി. സതീദേവിയും സി.എസ്. സുജാതയും വനിതാ പ്രാതിനിധ്യമായി കേന്ദ്ര കമ്മിറ്റിയില്‍ എത്തിയേക്കും.
പാര്‍ട്ടിയുടെ ചരിത്രത്തിലെ ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളില്‍ നിന്നുള്ള രാം ചന്ദ്ര ഡോമായിരിക്കും പി.ബിയിലെന്നും സൂചനയുണ്ട്. അശോക് ധാവ്ലയും സൂര്യകാന്ത് മിശ്രയും പി.ബിയില്‍ തുടരും.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് പ്രകാശ് കാരാട്ട് മറുപടി നല്‍കിയ ശേഷമായിരിക്കും പുതിയ പി.ബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.
അതേസമയം, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി സീതാറം യെച്ചൂരി തന്നെ തുടരും.
എസ്.രാമചന്ദ്രന്‍ പിള്ള, ഹന്നന്‍ മൊല്ല, ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പി.ബി അംഗങ്ങള്‍ കേന്ദ്ര കമ്മറ്റിയില്‍നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. സൂര്യകാന്ത് മിശ്ര തുടരണം എന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്. എന്നാല്‍ മിശ്ര ഒഴിയാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയെ നേരിടാന്‍ ഉള്ള തന്ത്രങ്ങളാണ് പ്രധാനമായും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തത്. കേരളമൊഴികെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളും പരിശോധിച്ചു.
കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ രണ്ട് ദിവസം പൂര്‍ണമായും ചര്‍ച്ച ചെയ്തെങ്കിലും കൃത്യമായ ഉത്തരം നല്‍കാതെയാണ് സമ്മേളനത്തിന് കൊടിയിറങ്ങുന്നത്. പ്രാദേശിക തലത്തില്‍ രാഷ്ട്രീയ സാഹചര്യം അനുസരിച്ചുള്ള അടവ് നയങ്ങള്‍ക്കാവും മുന്‍തൂക്കം.
പ്രതിനിധി സമ്മേളനം നടക്കുന്ന നായനാര്‍ അക്കാദമിയില്‍ നിന്നും മൂന്ന് മണിയോടെ അരംഭിക്കുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ചിന് പിന്നാലെ പൊളിറ്റ് ബ്യൂറോ കേന്ദ്ര കമ്മിറ്റി അംഗങ്ങളും സമ്മേളന പ്രതിനിധികളും പ്രകടനമായി സമ്മേളന വേദിയായ ജവഹര്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങും.
ജനത്തിരക്ക് കണക്കിലെടുത്ത് പൊതു പ്രകടനം ഒഴിവാക്കിയിട്ടുണ്ട്. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, മണിക് സര്‍ക്കാര്‍, ബൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവര്‍ പൊതു സമ്മേളനത്തില്‍ സംസാരിക്കും.
Content Highlight: Ram Chandra Dome will be the Dalit Representation in PB, A Vijayaraghan also elect to PB