പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ അമിത് ഷായെ തടസ്സപ്പെടുത്തി പ്രതിപക്ഷം; പ്രക്ഷേപണം നിര്‍ത്തിവെച്ച് രാജ്യസഭാ ടി.വി
Citizenship (Amendment) Bill
പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ അമിത് ഷായെ തടസ്സപ്പെടുത്തി പ്രതിപക്ഷം; പ്രക്ഷേപണം നിര്‍ത്തിവെച്ച് രാജ്യസഭാ ടി.വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th December 2019, 12:46 pm

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പ്രതിപക്ഷം തടസ്സപ്പെടുത്തിയതു പ്രക്ഷേപണം ചെയ്യാതെ രാജ്യസഭാ ടി.വി. അസം സ്വദേശികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നത് എങ്ങനെയെന്ന് അമിത് ഷാ വിശദീകരിക്കുന്നതിനിടെയാണ് സഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ ബഹളമുണ്ടാക്കിയത്.

എന്നാല്‍ ഈ സമയം രാജ്യസഭാ ടി.വി പ്രക്ഷേപണം നിര്‍ത്തിവെയ്ക്കുകയായിരുന്നു. പ്രക്ഷേപണം വീണ്ടും ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ പ്രതിഷേധവും തീര്‍ന്നിരുന്നു.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ട കാര്യമുണ്ടോയെന്ന് ബില്‍ അവതരിപ്പിക്കവേ അമിത് ഷാ ചോദിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ലോകത്താകമാനമുള്ള മുസ്ലിങ്ങളെ നമുക്ക് ഇന്ത്യന്‍ പൗരന്മാരാക്കേണ്ടതുണ്ടോ? അങ്ങനെയല്ല രാജ്യം മുന്നോട്ടുപോകേണ്ടത്. അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ ബില്‍.’- അദ്ദേഹം പറഞ്ഞു.

ബില്‍ മുസ്ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിസോറമിനെ ബില്‍ ബാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

അല്‍പ്പസമയത്തിനകം ബില്ലില്‍ ചര്‍ച്ചയാരംഭിക്കും. ലോക്‌സഭയില്‍ അനായാസം പാസ്സായ ബില്‍ രാജ്യസഭ കടക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

240 അംഗ രാജ്യസഭയില്‍ കുറഞ്ഞത് 121 വോട്ടാണ് ബില്‍ പാസാക്കാന്‍ വേണ്ടത്. 130 വോട്ടോടെ ബില്‍ പാസാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എ.ഐ.എ.ഡി.എം.കെ, ജെ.ഡി.യു, അകാലി ദള്‍ എന്നീ കക്ഷികളുടെ 116ഉം 14സ്വതതന്ത്രരുമാണ് ഈ കണക്കുകൂട്ടലിന്റെ കാതല്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, യു.പി.എയുടെ 64 അംഗങ്ങളെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ്, എസ്.പി, ബി.എസ്.പി, ടി.ആര്‍.എസ്, സി.പി.ഐ.എം, സി.പി.ഐ എന്നിവരടങ്ങുന്ന 46 പേരും ബില്ലിനെ എതിര്‍ത്തേക്കും. ഇതോടെ ബില്ലിനെ എതിര്‍ക്കുന്നവരുടെ എണ്ണം 110 ആവും.

രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ സംയുക്ത പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.