രാജ്യസഭയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി; ആം ആദ്മി എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
national news
രാജ്യസഭയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി; ആം ആദ്മി എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd February 2021, 10:58 am

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിഷേധിച്ച മൂന്ന് ആംആദ്മി എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തു. സഞ്ജയ് സിംഗ് അടക്കം മൂന്ന് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഒരു ദിവസത്തേക്കാണ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. രാജ്യസഭയുടെ നടുത്തളത്തില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യവുമായി മുദ്രാവാക്യം വിളിച്ചതിനാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കര്‍ഷക സമരം സഭാനടപടി നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍. കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.

എം.പിമാരെ പുറത്താക്കിയതിന് പിന്നാലെ 9.40 വരെ സഭ നിര്‍ത്തിവെക്കുകയും ചെയ്തു.

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യവ്യാപക കര്‍ഷക റാലി നടത്തുമെന്ന പ്രഖ്യാപനവുമായി കര്‍ഷക നേതാവ് രാകേഷ് ടികായത് രംഗത്തെത്തിയിരുന്നു.

ഒക്ടോബര്‍ വരെ കേന്ദ്ര സര്‍ക്കാരിന് സമയം നല്‍കിയിരിക്കുകയാണെന്നും അതിനുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ വീണ്ടും ട്രാക്ടര്‍ റാലി നടത്തുമെന്നുമാണ് രാകേഷ് ടികായത് പറഞ്ഞതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല്‍പത് ലക്ഷം ട്രാക്ടറുകള്‍ അണി നിരക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഏതു വിധേനെയും കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിന് സമരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്ന പിന്തുണ ആശങ്കപ്പെടുത്തുന്നുണ്ട്. ലോക പ്രശസ്ത പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് തുടങ്ങിയവര്‍ പ്രതിഷേധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചതിനെ രംഗത്തെത്തിയിരുന്നു. റിഹാനയുടെയും ഗ്രെറ്റയുടെയും ട്വീറ്റുകള്‍ വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതോടുകൂടി #farmersprotets എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajya Sabha Chairman M Venkaiah Naidu imposed Rule 255 against three Aam Aadmi Party MPs including Sanjay Singh asking them to ‘withdraw’ from the House