ന്യൂദല്‍ഹി: സുപ്രീം കോടതി വിധിയായതിനാല്‍ ശബരിമല പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിന് ഇടപെടാനാകില്ലെന്ന നിലപാടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഈ വിഷയത്തില്‍ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഇക്‌ണോമിക് ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ശബരിമല പ്രശ്‌നത്തില്‍ ഇടപെടാനാകില്ലെന്ന തരത്തില്‍ അദ്ദേഹം സംസാരിച്ചത്.
സുപ്രീം കോടതി വിധിയായതിനാല്‍ നമുക്കെന്തു പറയാനാവും എന്നു പറഞ്ഞാണ് ശബരിമല പ്രശ്‌നത്തില്‍ നിന്നും രാജ്‌നാഥ് സിങ് തടിയൂരുന്നത്.
“ഈ വിഷയത്തില്‍ ചിലയാളുകളുടെ വികാരം വ്രണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം (ശനിയാഴ്ച), ഞാന്‍ കേരള ഗവര്‍ണറുമായി സംസാരിച്ചിരുന്നു. സുപ്രീം കോടതി വിധിയായതിനാല്‍ നമുക്കെന്തു പറയാനാവും? ഈ വിഷയത്തില്‍ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യണം” എന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ബി.ജെ.പി സംസ്ഥാന നേതൃത്വം വലിയ തോതിലുള്ള പ്രതിഷേധ പരിപാടികളാണ് ആചാരസംരക്ഷണം എന്ന അവകാശവാദത്തോടെ കേരളത്തില്‍ നടത്തിയത്. പ്രതിഷേധങ്ങള്‍ക്കിടെ പലയിടത്തും അക്രമമഴിച്ചുവിടുകയും ചെയ്തിരുന്നു. അക്രമ സംഭവങ്ങളുടെ പേരില്‍ പല ബി.ജെ.പി നേതാക്കള്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ പ്രതിഷേധ പരിപാടികളാണ് കേരളത്തില്‍ ക്രമസമാധാ പ്രശ്‌നങ്ങള്‍ക്കു വഴിവെച്ചത് എന്നിരിക്കെയാണ് കേരളത്തിലെ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ബി.ജെ.പി നേതാവുകൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി തടിയൂരുന്നത്.
ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ഘടകം കഴിഞ്ഞദിവസം ആഭ്യന്തര വകുപ്പിനും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനും കത്തയക്കുകയും ചെയ്തിരുന്നു.