കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.
പിലാത്തോസും ജൂദാസും ചേര്‍ന്നാല്‍ എന്താണോ അതാണ് സി.കെ ശ്രീധരന്‍. ഈ വഞ്ചന ഒരിക്കലും നാട് പൊറുക്കില്ല. സി.കെ ശ്രീധരന്‍ കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തെ ചതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സി.കെ ശ്രീധരന്‍ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെ ഭാഗ്യമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
‘കേസിന്റെ എല്ലാ വിവരങ്ങളും സി.കെ. ശ്രീധരന് കുടുംബം കൈമാറി. എറണാകുളത്തെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് രേഖകള്‍ കൈമാറിയത്. കോണ്‍ഗ്രസ് നേതാവായിരുന്ന ശ്രീധരനെ അന്ന് അവിശ്വസിച്ചിരുന്നില്ല.
എന്നാല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് കുടുംബത്തെ പിന്തിരിപ്പിച്ചു. സി.കെ ശ്രീധരന്‍ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെ ഭാഗ്യമാണ്,’ ഉണ്ണിത്താന്‍ പറഞ്ഞു.
ശ്രീധരന് പണത്തിനോടുള്ള ആര്‍ത്തിയാണ് ഇതിനെല്ലാം കാരണം. പണത്തിനു വേണ്ടി സി.പി.ഐ.എമ്മുമായി ശ്രീധരന് അവിശുദ്ധ ബന്ധമുണ്ടായിരുന്നുവെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേർത്തു.
അതേസമയം, ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത് സി.പി.ഐ.എമ്മാണെന്നും ശ്രീധരന്‍ വിചാരിച്ചാല്‍ ഇല്ലാതാകുന്ന ഒന്നല്ല സത്യമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു.
പിണറായി വിജയന്‍ എറിഞ്ഞുകൊടുക്കുന്ന വറ്റുകള്‍ കഴിച്ച് എ.കെ.ജി സെന്ററില്‍ വാലാട്ടി നില്‍ക്കാന്‍ ഒരാള്‍ കൂടെ ഉണ്ടായി എന്ന് കേരളം ശ്രീധരനെ ഓര്‍ത്തുസഹതപിക്കുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
പെരിയയിലെ കുട്ടികളെ മൃഗീയമായി കൊന്നതാണ്. ഒരു തെറ്റും ചെയ്യാത്ത ആ മക്കളുടെ തല വെട്ടിപ്പൊളിച്ചതാണ്. ഇത് ചെയ്തത് സി.പി.ഐ.എം ആണ്. ആസൂത്രിതമായി തന്നെ.
ഏതെങ്കിലും ശ്രീധരന്‍ വിചാരിച്ചാല്‍ ഇല്ലാതാകുന്ന ഒന്നല്ല സത്യം. അത് തെളിയിക്കപ്പെടുക തന്നെ ചെയ്യും. ഞങ്ങളുടെ കുട്ടികള്‍ക്ക് നീതി വാങ്ങി കൊടുക്കാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. ശ്രീധരന് അത് വഴിയേ മനസിലായിക്കോളുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.