പ്രതിപക്ഷത്തെങ്കിലും നമുക്ക് ഇരിക്കാന്‍ കഴിയണ്ടേ? കോണ്‍ഗ്രസ് നേതാക്കളോട് വിനയപൂര്‍വം അപേക്ഷിക്കുകയാണ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
Kerala
പ്രതിപക്ഷത്തെങ്കിലും നമുക്ക് ഇരിക്കാന്‍ കഴിയണ്ടേ? കോണ്‍ഗ്രസ് നേതാക്കളോട് വിനയപൂര്‍വം അപേക്ഷിക്കുകയാണ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th December 2020, 11:59 am

കാസര്‍ഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടത് മുന്നേറ്റം യു.ഡി.എഫിനേറ്റ കനത്ത തിരിച്ചടിയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പ്രഹരം ആഴത്തിലുള്ളതാണെന്നും ഈ പ്രഹരം മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെങ്കില്‍ ഗുരുതരമായ അപകടം വരുന്ന തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

പരാജയത്തിന്റെ കാരണം ആഴത്തിലുള്ളതാണ്. പുറംചികിത്സകൊണ്ട് അത് ഭേദമാകില്ല. മുന്നണി സംവിധാനത്തെ കുറിച്ച് പഠിക്കുന്നതില്‍ യു.ഡി.എഫ് നേതൃത്വം പരാജയപ്പെട്ടു.

കെ.പി.സി.സി പ്രസിഡന്റ് ഒന്നുപറയുന്നു, യു.ഡി.എഫ് കണ്‍വീനര്‍ മറ്റൊന്ന് പറയുന്നു. കോണ്‍ഗ്രസില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുകയാണ്. ഈ ഗ്രൂപ്പ് രാഷ്ട്രീയം നിര്‍ത്തിയില്ലെങ്കില്‍ അടുത്തതവണ ഭരണം കിട്ടുമോ എന്നതല്ല, അടുത്തതവണ ഭരണം കിട്ടിയേക്കാം. പക്ഷേ അതിനടുത്ത തവണ ഭരണം കിട്ടിയില്ലെങ്കില്‍ പ്രതിപക്ഷത്തെങ്കിലും ഇരിക്കണ്ടേ?

ബി.ജെ.പിയുടെ വളര്‍ച്ച നിസ്സാരമായി കാണരുത്. സംഘടനാപരമായി ശക്തമായ രണ്ട് മുന്നണികളാണ് എന്‍.ഡി.എയും എല്‍.ഡി.എഫും. പക്ഷേ കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാപരമായ ദൗര്‍ലബ്യത്തിന്റെ ആഴം ഇതുവരെ നേതാക്കള്‍ക്ക് മനസിലായിട്ടില്ല.

ഇപ്പോള്‍ എല്ലാവരും ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ എന്നിവയിലൂടെയുള്ള രാഷ്ട്രീയക്കളിയാണ്. ജനങ്ങളുമായുള്ള ബന്ധം കോണ്‍ഗ്രസിന് അറ്റുപോയിരിക്കുന്നു.

കോണ്‍ഗ്രസിന്റെ 14 ജില്ലയിലേയും നേതൃത്വത്തെ മാറ്റണം. കെ.പി.സി.സിയില്‍ വെച്ചിരിക്കുന്ന ആളുകളുടെ സംഭാവന എന്താണെന്ന് അന്വേഷിക്കണം. പണ്ട് നാല് കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുള്ളിടത്ത് ഇപ്പോള്‍ നൂറിലേറെ ആളായി. അവരൊക്കെ തെരഞ്ഞെടുപ്പില്‍ എന്ത് സംഭാവനയാണ് നല്‍കിയതെന്ന് പാര്‍ട്ടി വിലയിരുത്തണം.

രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിന്റെ മുഖത്ത് നോക്കി അഭിപ്രായം പറയാന്‍ കഴിയുന്നവരെ കൊണ്ടുവരണം. നിഷ്പക്ഷമായും നീതിപൂര്‍വമായും ചര്‍ച്ച നടക്കണം. അല്ലാതെ അവിടെ വന്നിരുന്ന് നേതാക്കന്മാരുടെ മനസില്‍ ആഗ്രഹിക്കുന്നത് അവര്‍ പറയുന്നതിന് മുന്‍പ് വിളിച്ചുപറയുന്ന ആളുകളെയൊന്നും ഇത്തരം സമിതികളില്‍ ഇരുത്തിയിട്ട് കാര്യമില്ല.

കോണ്‍ഗ്രസിന്റെ നന്മയ്ക്ക് വേണ്ടി എന്തെങ്കിലും പറഞ്ഞാല്‍ ആ പറയുന്നവരെ ഒതുക്കുകയല്ല വേണ്ടത്. അവര്‍ പറയുന്ന കാര്യങ്ങളില്‍ ന്യായമുണ്ടെങ്കില്‍ അത് ഉള്‍ക്കൊള്ളണം. ദേശീയ തലത്തിലും മുഴുവന്‍ സമയ പ്രസിഡന്റ് ഉണ്ടായിരുന്നെങ്കില്‍ കേരത്തിലുള്‍പ്പെടെ ശക്തമായ ഇടപെല്‍ ഉണ്ടായേനെയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajmohan Unnithan Criticise Congress and KPCC