തന്റെ ആദ്യ സിനിമയായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ തന്നെ സംസ്ഥാന അവാർഡ് സ്വന്തമാക്കിയ അഭിനേത്രിയാണ് രജിഷ വിജയൻ. ആങ്കറായി തിളങ്ങിയ ശേഷമാണ് താരം ബിഗ് സ്ക്രീനിലേക്കെത്തുന്നത്.
തന്റെ പുതിയ സിനിമയായ പകലും പാതിരാവും എന്ന സിനിമയുമായി ബന്ധപ്പെട്ട് ഡൂൾ ന്യൂസിലെ അമൃത. ടി. സുരേഷിന് നൽകിയ അഭിമുഖത്തിനിടെ മമ്മൂട്ടിയെ ക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് രജിഷ വിജയൻ.
മമ്മൂട്ടി ഒരു ഴോണറിലുള്ള സിനിമയിലേക്ക് മാത്രം ഒതുങ്ങിപ്പോവാതെ എല്ലാത്തരം സിനിമയിലും അഭിനയിക്കുന്നുണ്ടെന്നും നിരവധി ഷോകളിൽ ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വളരെ ബോധവാനാണ് മമ്മൂട്ടിയെന്നുമാണ് രജിഷ വിജയൻ പറഞ്ഞിരിക്കുന്നത്.
“വെറും റിയലിസ്റ്റിക്ക് സിനിമകളിലോ അല്ലെങ്കിൽ അത്തരത്തിലുള്ള ഏതെങ്കിലുമൊരു ഴോണർ സിനിമകളിൽ ഒതുങ്ങാതെ എല്ലാത്തരം സിനിമകളും പുൾ ഓഫ് ചെയ്യാൻ കഴിയുന്ന താരമാണ് മമ്മൂക്ക.
മമ്മൂക്ക വര്ഷങ്ങളായി അത്തരം വ്യത്യസ്ത വേഷങ്ങൾ അസാധ്യമായി ചെയ്യുന്നുണ്ട്. ഏത് വേഷം കൊടുത്താലും ക്യാരക്ടർ കൊടുത്താലും മനോഹരമായി അദ്ദേഹമത് ചെയ്യും.
നൻപകൽ കണ്ട ശേഷം ഞാൻ മമ്മൂക്കയുമായി സംസാരിച്ചിരുന്നു ഇപ്പോഴും ചുറ്റും നടക്കുന്നതിനെക്കുറിച്ച് വലിയ ബോധ്യമുള്ള മനുഷ്യനാണ് മമ്മൂക്ക. സീരിയൽ , ടി.വി പ്രോഗ്രാം തുടങ്ങി പണ്ട് ഞാൻ ആങ്കർ ചെയ്ത് കൊണ്ടിരുന്നപ്പോഴുള്ള ഒരു പ്രോഗ്രാം വരെ മമ്മൂക്ക കണ്ടിട്ടുണ്ട്.
ഇതിനൊക്കെ ഇത്രയും സമയം മമ്മൂക്കക്ക് എവിടുന്ന് കിട്ടുന്നു എന്ന് എനിക്കിതുവരെ മനസിലായിട്ടില്ല. ഇത്രയും സിനിമ ചെയ്ത എക്സ്പീരിയൻസിൽ നിന്നും മമ്മൂക്ക നമ്മുടെ അടുത്ത് വന്ന് പറയുന്ന ജെനുവിനായ ഒരു അഭിപ്രായം പുതുതായി വളർന്ന് വരുന്ന താരങ്ങൾക്ക് വലിയ പ്രോത്സാഹനമാണ്.