രാജേഷ് കെ. എരുമേലി
നാളിതുവരെയുണ്ടായ കാഴ്ചവത്കരണത്തില്‍നിന്ന് മലയാള സിനിമ കുതറുന്ന സവിശേഷ സന്ദര്‍ഭമാണിത്. ദേശം, ഭാഷ, ആഖ്യാനം, ദൃശ്യം എന്നിവയിലെല്ലാം ഈ മാറ്റം കാണാന്‍ കഴിയും. സവിശേഷമായ സമൂഹങ്ങള്‍ സിനിമയുടെ ദൃശ്യപരിസരത്തേക്ക് കടന്നു വരുന്നു എന്നതാണ് പുതുകാലത്തിന്റെ പ്രത്യേകത. സിനിമയില്‍ ഉറപ്പിച്ചുവെച്ചിരുന്ന ഭാഷക്ക് മാറ്റം വരികയും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ വര്‍ത്തമാനങ്ങള്‍ സജീവമാവുകയും ചെയ്യുന്നു. ഇത്തരം പ്രശ്‌നപരിസത്തുനിന്നുകൊണ്ടാണ് ലെനിന്‍ രാജേന്ദ്രന്റെ സിനിമകളെ മുന്‍നിര്‍ത്തിയുള്ള ആലോചന നടക്കുന്നത്. ആധുനികതയുടെയും തീവ്രരാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ചയാവുകയും ചെയ്ത എഴുപതുകളുടെ സാമൂഹിക സാഹചര്യത്തിലാണ് ലെനിന്‍ രാജേന്ദ്രന്‍ ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.
ഒരേസമയം ഭൂതകാലത്തോടും സമകാലികതയോടും സംവദിക്കുകയും പുതുകാലത്തോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്നതുമായ സിനിമകളാണ് ലെനിന്‍ രാജേന്ദ്രേത്. ബാഹ്യമായ നോട്ടത്തില്‍ പൊതുബോധത്തിനെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സൗന്ദര്യനിര്‍മ്മിതികളാണ് ലെനിന്‍ രാജേന്ദ്രന്റെ സിനിമകളെന്ന് തോന്നാമെങ്കിലും ആന്തരികമായി അത് സൂക്ഷ്മരാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നുണ്ട്. മധ്യവര്‍ത്തി സിനിമകളുടെ കാലത്തെയാണ് ലെനിന്‍ രാജേന്ദ്രന്‍ പ്രധാനമായും പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍ അതിനുള്ളില്‍ തന്റെ രാഷ്ട്രീയം മുന്നോട്ടുവെയ്ക്കുന്ന മൗലികതയുടെ അംശങ്ങളെ കണ്ടെത്താന്‍ കഴിയും. രാഷ്ട്രീയം, പ്രണയം, ശരീരം, കുടുംബം ഇവയിലെല്ലാം സമകാലീകരില്‍നിന്നും വ്യത്യസ്തമായ വഴി കണ്ടെത്താന്‍ ലെനിന്‍ രാജേന്ദ്രന് സാധിക്കുന്നുണ്ട്. “വേനല്‍” മുതല്‍ “ഇടവപ്പാതി” വരെയുള്ള സിനിമകളില്‍ ഇത്തരം പ്രത്യേകതകള്‍ കണ്ടെത്താന്‍ കഴിയും.
അസ്ഥിത്വവും കത്തുന്ന പ്രണയാവിഷ്‌കാരവും
ആദ്യ സിനിമയായ വേനല്‍(1981) കാല്‍പനികതയുടെ തിരക്കാഴ്ചകളെയാണ് ദൃശ്യവത്കരിക്കുന്നത്. ദ്വീര്‍ഘനാള്‍ പി.എ.ബക്കറിന്റെ ഒപ്പം ചലച്ചിത്രരംഗത്ത് സജീവമായിരുന്ന ലെനിന്‍ ആദ്യമായി വേനലിലൂടെ സ്വതന്ത്ര സംവിധായകനായി മാറുകയായിരുന്നു. ചില്ലും കാലത്തോട് ഏറെ അടുത്തുനില്‍ക്കുന്നു. എഴുപതുകളിലെ യുവത്വം എന്തിനോടും തീവ്രമായി പ്രതികരിക്കുന്നതായിരുന്നു. എല്ലാത്തരം അവസ്ഥകളോടും ആഴത്തില്‍ ഇഴുകിച്ചേരുന്ന തരത്തില്‍ അസ്ഥിത്വാന്വേഷണത്തിന്റെയും തീവ്രപ്രണയത്തിന്റെയുമൊക്കെ കാലമായിരുന്നു അത്. വേനലും ചില്ലും ഈ അര്‍ത്ഥത്തില്‍ കാല്‍പനികതയോട് ചേര്‍ന്നു നില്‍ക്കുന്ന സിനിമകളാണ്. ചില്ലിലെ ഗാനങ്ങള്‍പോലും പ്രേക്ഷകര്‍ സ്വീകരിച്ചത് തീഷ്ണമായ ദു:ഖത്തിന്റെ ഛായ അതില്‍ പടരുന്നതിനാലാണ്.
വിരഹികളായ കാമുകീ-കാമുക സങ്കല്‍പ്പങ്ങളെ അതിന്റെ തീവ്രതയില്‍ ആവിഷ്‌കരിക്കുകയായിരുന്നു ചില്ലിലൂടെ. മാറിയ കാലത്തും ഈ സിനിമ സൃഷ്ടിച്ച അലയൊലികള്‍ പ്രേക്ഷകരില്‍നിന്ന് വിട്ടുപോകുന്നില്ല എന്നതാണ് സത്യം. പ്രണയത്തിന്റെ മാസ്മരിക തരങ്കങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ ലെനിന്‍ രാജേന്ദ്രന്റെ “മഴ”യിലും കാണാന്‍ കഴിയും. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന കഥയെ മുന്‍നിര്‍ത്തിയാണ് ഈ സിനമ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കഥയുടെ അതേപോലെയുള്ള അനുകരണമല്ല.
വി.കെ.ജോസഫ് എഴുതുന്നു: നിലാംബരി എന്ന കഥയുടെ പകര്‍പ്പല്ല മഴ. പല കഥകളും നോവലുകളും സിനിമയാക്കുമ്പോള്‍ ലെനിന്‍ പ്രകടിപ്പിച്ച ചലച്ചിത്രകാരന്റെ ഭാവനയും സ്വാതന്ത്ര നിലപാടും ആഖ്യാനരീതിയും മഴയുടെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. സുഭദ്രാദേവി, ജ്ഞാനാംബാള്‍, രാമാനുജം ശാസ്ത്രികള്‍, ചന്ദ്രശേഖരമേനോന്‍ എന്നിങ്ങനെ വളരെകുറച്ചു കഥാപാത്രങ്ങള്‍ മാത്രമേ മാധവിക്കുട്ടിയുടെ കഥയിലുള്ളു. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ പശ്ചാത്തലമാണ് കഥയുടെ പരിസരം. ഇതില്‍നിന്നാണ് ലെനിന്‍ പ്രണയത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും ത്യാഗത്തിന്റെയും കുടുംബ പാരമ്പര്യങ്ങളുടെയും സവര്‍ണ-അവര്‍ണ ജാതിബോധത്തിന്റെയും സംഘര്‍ഷങ്ങളുടെയും ഒരു വ്യാഖ്യാനമുണ്ടാകുന്നത് (ഭാവിയിലേക്ക് സഞ്ചരിക്കുന്ന സിനിമകള്‍, വി.കെ.ജോസഫ്) വിഖ്യാതയായ ഒരു എഴുത്തുകാരിയുടെ കഥയെ ചലച്ചിത്രമാക്കുമ്പോഴും ലെനിന്‍ അദ്ദേഹത്തിന്റെ കൈയൊപ്പ് അതിനുള്ളില്‍ പതിപ്പിച്ചിരിക്കും എന്നു തെളിയിക്കുകയാണ് മഴയും. സഫലമായ പ്രണയമല്ല നഷ്ടപ്രണയമാണ് എന്നും ഓര്‍മ്മകളായി പെയ്തിറങ്ങുന്നത് എന്ന അനുഭവവും ഈ സിനിമ കാണിച്ചു തരുന്നുണ്ട്. ഈ രണ്ടു സിനിമകള്‍ക്കുശേഷം തൊട്ടടുത്ത വര്‍ഷമാണ് പ്രേം നസീറിനെ കാണ്മാനില്ല എന്ന ചിത്രം പുറത്തുവരുന്നത്. ലെനിന്റെ ചലച്ചിത്ര ജീവിതം പരിശോധിച്ചാല്‍ ഈ ചിത്രത്തിനുമുമ്പോ ശേഷമോ ഇതുപോലൊരു സിനിമ അദ്ദേഹം സംവിധാനം ചെയ്തിട്ടില്ല.
ഉള്ളിലെ രാഷ്ട്രീയവും ക്യാമറക്കുള്ളിലെ രാഷ്ട്രീയവും
പൂര്‍ണമായും രാഷ്ട്രീയ സിനിമയാണ് “മീനമാസത്തിലെ സൂര്യന്‍”. കൊളോണിയല്‍ അധികാരവാഴ്ചക്കെതിരെയും ജന്മിത്വത്തിനെതിരെയും ഒരു ജനത നടത്തിയ പോരാട്ടത്തിന്റെ കഥയാണിത്. അന്നുവരെ മലയാളത്തിലുണ്ടായ രാഷ്ട്രീയ സിനിമകളെല്ലാം രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അപചയത്തെയാണ് ആവിഷ്‌കരിക്കുന്നതെങ്കില്‍ മീനമാസത്തിലെ സൂര്യന്‍ ചരിത്രത്തെ കീഴ്‌മേല്‍ മറിച്ച വലിയൊരു സമര മുന്നേറ്റത്തോട് ഐക്യദാര്‍ഡപ്പെടുകയാണ്. ലെനിന്‍ രാജേന്ദ്രന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പൂര്‍ണമായും കണ്ടെത്താന്‍ കഴിയുന്നത് ഈ ചലച്ചിത്രത്തിലൂടയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സംഭവബഹുലമായ ഏടാണ് കയ്യൂര്‍ സമരം.
സാമൂഹിക മാറ്റത്തിനുവേണ്ടി പൊരുതിയ യുവാക്കളെ തൂക്കിലേറ്റിയപ്പോള്‍ അവരോട് ഐക്യദാര്‍ഡ്യപ്പെട്ടത് പല ദേശങ്ങളിലുള്ള ആയിരക്കണക്കിന് മനുഷ്യരായിരുന്നു. പുന്നപ്രവയലാര്‍, കരിവള്ളൂര്‍ സമരങ്ങള്‍പോലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന് കേരളത്തില്‍ വേരോട്ടം നല്‍കിയത് കയ്യൂരിലെ മുന്നേറ്റമാണ്. ചരിത്രപരമായി അടയാളപ്പെട്ട ഒരു സമരത്തെ ക്യാമറയില്‍ പകര്‍ത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നെന്ന് ലെനിന്‍ രാജേന്ദ്രന്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ ഈ നേര്‍ സാക്ഷ്യത്തെ അതിന്റെ അര്‍ത്ഥവും ആഴവും ചോര്‍ന്നു പോകാത്ത തരത്തില്‍ ചലച്ചിത്രകാവ്യമാക്കാന്‍ ലെനിന്‍ രാജേന്ദ്രനു കഴിഞ്ഞു. ചരിത്രം വിസ്മൃതിയിലേക്ക് പോവുകയും വായാടികള്‍ വിപ്ലവകാരികളായി വാഴ്ത്തപ്പെടുകയും ചെയ്യുന്ന സമകാലിക പരിസരത്ത് ഈ സിനിമ വീണ്ടും സംവാദമണ്ഡലത്തില്‍ സജീവമാകും.
പുരാവൃത്തവും (1988) ചരിത്രത്തെ മുന്‍നിര്‍ത്തിയ സിനിമയാണ്. സി.വി.ബാലകൃഷ്ണന്റെ കഥയെ ആധാരമാക്കിയാതാണ് ഈ സിനിമ. തൊഴിലാളികളെ പ്രത്യേകിച്ചും സ്ത്രീ തൊഴിലാളികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ജന്മിയാണ് പുരാവൃത്തത്തിലുള്ളത്. അധികാര വ്യവസ്ഥ സൃഷ്ടിക്കുന്ന വര്‍ഗപരമായ വേര്‍തിരിവുകള്‍ സമൂഹത്തെ എത്രമാത്രം കലുമാക്കുന്നു എന്നു സിനിമ പറയുന്നു. ലെനിന്റെ രാഷ്ട്രീയ സിനിമകളുടെ മറ്റൊരു മുഖമാണ് ഇവിടെ കാണുന്നത്. എപ്പോഴും ചൂഷണങ്ങള്‍ക്ക് എതിരായി നില്‍ക്കാനും പൊതു സമൂഹത്തിന്റെ സദാചാരത്തോട് കലഹിക്കാനുമാണ് ലെനിന്‍ രാജേന്ദ്രന്റെ സിനിമകള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കലഹത്തിന്റെ/സംവാദത്തിന്റെ ഭാഷയാണ് ലെനിന്‍ കുറിക്കുന്നത്.
ജന്മി-നാടുവാഴിത്തത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് പരിവര്‍ത്തിക്കപ്പെട്ട സമൂഹത്തിന്റെ അനുഭവങ്ങളെയാണ് മീനമാസത്തിലെ സൂര്യനിലൂടെ ആവിഷ്‌കരിക്കുന്നതെങ്കില്‍ ഫാസിസത്തിന്റെ ആക്രമണത്താലും വംശഹത്യയുടെ ഭീതിയാലും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ സ്വന്തം നാട്ടില്‍ നിന്നും ഒളിച്ചോടുകയുന്ന ജനതയുടെ അനുഭവമാണ് അന്യരിലുള്ളത്. അതുകൊണ്ട് തന്നെ ജന്മിത്തത്തിനെതിരെ പുലര്‍ത്തുന്ന കാഴ്ചപ്പാടുപോലെ തന്നെ ഫാസിസത്തിന്റെ നേരെയുള്ള ക്യാമറാ പ്രതിരോധമായി മാറുന്നു അന്യര്‍. ഇത്തരത്തില്‍ വ്യത്യസ്തമായ ചരിത്ര, രാഷ്ട്രീയ ഘട്ടങ്ങളെയാണ് ലെനിന്‍ രാജേന്ദ്രന്റെ സിനിമകളില്‍ പലതും അഡ്രസ് ചെയ്യുന്നത്.
ഇന്ത്യയിലെ സമകാലിക രാഷ്ട്രീയ സന്ദര്‍ഭത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്നതാണ് അന്യര്‍ എന്ന സിനിമയുടെ പ്രത്യേകത. ഫാസിസം സാംസ്‌കാരിക മേല്‍ക്കോയ്മ എന്നതിനപ്പുറം ഭരണകൂട അധികാരമായി മാറുമ്പോള്‍ ഒരുകൂട്ടം ജനത എങ്ങനെയാണ് അപരവത്കരിക്കപ്പെടുന്നത് എന്നതാണ് അന്യര്‍ പറയുന്നത്. ലെനിന്‍ രാജേന്ദ്രന്റെ രാഷ്ട്രീയ സിനിമകളിലെ മറ്റൊരു അടയാളപ്പെടുത്തലാണ് അന്യര്‍. ജനാധിപത്യത്തെ തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ നിരന്തരം പ്രതിരോധം തീര്‍ക്കേണ്ടതുണ്ട് എന്ന സന്ദേശവും ഈ സിനിമ നല്‍കുന്നു.
മനുഷ്യന്‍ എന്ന അവസ്ഥയുടെ നാനാര്‍ത്ഥങ്ങള്‍
മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ ആധുനിക സാഹിത്യത്തിലെ വിഖ്യാതമായ കൃതികളിലൊന്നാണ്. സാഹിത്യകൃതിയെന്ന നിലയില്‍ വായനാ സമൂഹം ആ കൃതിയെ വേണ്ടുവോളം സ്വീകരിച്ചതാണ്. എല്ലാത്തരം അധിനിവേശങ്ങളെയും എതിര്‍ത്തിരുന്ന കേരള സമൂഹത്തിന് മുന്നിലേയ്ക്ക് പുതിയൊരു പാഠത്തെയാണ് മുകുന്ദന്‍ തുറന്നു വെച്ചത്. മയ്യഴിയിലെത്തിയ ഫ്രഞ്ച് സമൂഹത്തിന് കേരളത്തോട് ഉണ്ടായിരുന്ന, പറിച്ചു മാറ്റാന്‍ കഴിയാത്ത ബന്ധം അല്‍ഫോന്‍സ് അച്ചനിലൂടെ മുകുന്ദന്‍ ചേര്‍ത്തുവെയ്ക്കുകയായിരുന്നു. ഈ കൃതിയെ 1992ല്‍ ചലച്ചിത്രമാക്കിയപ്പോള്‍ മുകുന്ദന്റെ അല്‍ഫോന്‍സച്ചനെ തന്റെ “സ്വന്തം അച്ചനാ”ക്കിമാറ്റുകയായിരുന്നു ലെനിന്‍. നോവല്‍ വായനയില്‍ കടന്നു വരുന്ന അല്‍ഫോസച്ചനല്ല സിനിമയിലുള്ളത്. ഇതു തന്നെയാണ് നോവല്‍ പോലെ സിനിമയെയും ആകര്‍ഷിക്കാന്‍ പലര്‍ക്കും പ്രേരകമായത്. അല്‍ഫോന്‍സ് അച്ചനിലെ യഥാര്‍ത്ഥ മനുഷ്യനെ തിരിച്ചറിഞ്ഞത് സിനിമ പുറത്തു വന്നതോടെയായിരുന്നു എന്നു പറയുന്നത് അതിഭാവുകത്വമല്ല.
പി.എസ്.രാധാകൃഷ്ണന്‍ എഴുതുന്നു:
മുകുന്ദന്റെ “ദൈവത്തിന്റെ വികൃതികള്‍” ലെനിന്‍ രാജേന്ദ്രന്‍ പകര്‍ന്ന ദൃശ്യ ഭാഷ്യം നോവല്‍ വായനക്കാരെ അക്കാലത്ത് തെല്ല് അസ്വസ്ഥമാക്കിയിരുന്നു. വായനയും ചലച്ചിത്രഭാഷണവും രണ്ട് ദിശകളിലൂടെ നീങ്ങുകയാണ്. കഥ പറച്ചിലിലല്ല. കഥയില്‍നിന്നും സിനിമാറ്റിക്കായ സന്ദര്‍ഭങ്ങളെ ചലച്ചിത്രവത്കരിക്കുകയാണ് ലെനിനെപ്പോലുള്ള സംവിധായകര്‍. ഇവിടെ അല്‍ഫോന്‍സച്ചന്റെ വൈകാരികതയും വൈചാരികതയും നിര്‍ണായകമായ മയ്യഴി അനുഭവങ്ങള്‍ക്കാണ് ഊന്നല്‍. മയ്യഴിയുടെ മണ്ണും ആകാശവും വിട്ടുപോകാത്ത അല്‍ഫോന്‍സച്ചന്‍ പ്രാദേശിക വംശീയതയുടെ ആര്‍ദ്രമായ ഉദാഹരണമാണ്. ഫ്രാന്‍സിലേയ്ക്ക് നീങ്ങാനുള്ള എല്ലാ സന്നാഹങ്ങളും ഒരുങ്ങി വന്നപ്പോഴും മയ്യഴിയുടെ മായാജാലക്കാരനായ ഈ സായ്‌വ് ആ പ്രദേശത്തിന്റെ കടലും ആകാശവും ചെടികളും പൂക്കളുമൊക്കെ തന്റേതാണെന്ന് വിശ്വസിച്ച് അവിടെതന്നെ ജീവിതം തുടര്‍ന്നയാളാണ്. ഒടുക്കം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടാത്ത ആളാണ് താനെന്ന തിരിച്ചറിവ് നല്‍കുന്ന അന്യതാത്വമായി തന്റെ ജീവിതം തന്നെ നഷ്ടപ്പെടുത്തുകയാണ് അല്‍ഫോന്‍സ്. സ്വദേശത്ത് ഭ്രഷ്ടനായി ജീവിക്കേണ്ടി വന്നതിന്റെ ദുരന്തം പേറുന്ന ജനസമൂഹത്തിന്റെ നിസഹായതയും നിരാലംബതയുമാണ് മയ്യഴിയുടെ മായാജാലക്കാരന്‍ പ്രതിനിധീകരിക്കുന്നത്.(കലാസിനിമകള്‍ ജനകീയമായ കാലം, പി.എസ്.രാധാകൃഷ്ണന്‍, ചലച്ചിത്രസമീക്ഷ സെപ്റ്റംബര്‍ 2018).
പൊതുബോധത്തില്‍ നിര്‍മ്മിതമായ മനുഷ്യന്‍ എന്ന സങ്കല്‍പത്തെ അട്ടിമറിക്കുകയാണ് അല്‍ഫോന്‍സച്ചന്‍. പ്രതിഷേധത്തിന്റെയോ ചെറുത്തുനില്‍പിന്റേയോ സ്വരം കേള്‍പ്പിക്കാതെ എല്ലാം നിശബ്ദമായി അനുഭവിക്കുകയാണയാള്‍. ആധുനികത നിര്‍മ്മിച്ച അസ്ഥിത്വ ദു:ഖത്തിന്റെ തീവ്രമായ ശരീരത്തെയാണ് അല്‍ഫോന്‍സച്ചനിലൂടെ ലെനിന്‍ രാജേന്ദ്രന്‍ ആവിഷ്‌കരിക്കുന്നത്.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ എഴുതുന്നു:
ദൃശ്യങ്ങളുടെ ഇഴയടുപ്പവും വെളിച്ചത്തിന്റെയും വര്‍ണത്തിന്റെയും വിന്യാസവും ദൈവത്തിന്റെ വികൃതികളില്‍ സവിശേഷാനുഭവം നല്‍കുന്നു. ചില്ലുവാതിലിലൂടെ പെയ്തിറങ്ങുന്ന വെളിച്ചവും സാന്ദ്രമായ പശ്ചാത്തല സംഗീതവും ദുരന്തകാവ്യംപോലെ സിനിമയെ ഹൃദയസ്പര്‍ശിയാക്കുന്നു. ദേശവും അതിന്റെ പുരാവൃത്തവും പുതുകാലത്ത് എങ്ങനെ ദൃശ്യവത്കരിക്കാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് അദ്ദേഹം.
നേടാന്‍ പലതുമുണ്ടായിട്ടും എല്ലാ നഷ്ടപ്പെടുത്തുന്ന അല്‍ഫോന്‍സ് അച്ചനെ ചരിത്രം കുറ്റക്കാരനെന്നും വിളിക്കില്ല എന്ന ഉത്തമബോധ്യം തന്നെയാണ് ലെനിന്‍ ദൈവത്തിന്റെ വികൃതിയിലൂടെ പങ്ക്‌വെയ്ക്കുന്നത്.
അതിരുകള്‍ ഭേദിക്കുന്ന സ്വാതിതിരുനാളും കുലവും
തിരുവിതാംകൂറിന്റെ സംഭവബഹുലമായ ചരിത്രമാണ് രാജഭരണ കാലത്തിന്റേത്. ഈ കാലഘട്ടം സാഹിത്യത്തിന് ഉള്‍പ്പെടെ നിരവധി ആഖ്യാനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അടിച്ചമര്‍ത്തലിന്റെയും അസ്വാതന്ത്ര്യത്തിന്റെയും അനുഭവമായിരുന്നു രാജഭരണം നല്‍കിയതെന്ന യാഥാര്‍ത്ഥ്യം ഇന്നു എല്ലാവരും തിരിച്ചറിയുന്ന വസ്തുതാണ്. ഇകഴ്ത്തലും പുകഴ്ത്തലുംകൊണ്ട് ശ്രദ്ധേയനായിരുന്നു
ലെനിന്‍ തന്റേതായ കാഴ്ചപ്പാടില്‍ സ്വാതിതിരുനാളിനെ അവതരിപ്പിക്കുകയായിരുന്നു. ചരിത്രത്തോട് നീതി പുലര്‍ത്തുമ്പോള്‍തന്നെ സന്ധിചെയ്യുന്ന നിലപാടല്ല ലെനിന്‍ ഈ സിനിമയില്‍ സ്വീകരിച്ചത്.
സാഹിത്യകൃതികളെ ഇതിവൃത്തമാക്കിയുള്ള സിനിമകളില്‍ സ്ത്രീ കര്‍തൃത്വത്തെ ഉയര്‍ത്തിക്കാടുന്ന ചലച്ചിത്രമാണ് “കുലം” (1997). സി.വി.രാമന്‍പിള്ളയുടെ “മാര്‍ത്താണ്ഡവര്‍മ്മ” എന്ന നോവലിനെ ഉപജീവിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചരിത്രത്തില്‍നിന്നും വര്‍ത്തമാനത്തിലേയ്ക്ക് കഥാപാത്രങ്ങളെ കൊണ്ടുവരുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ചരിത്രത്തിന്റെ വെട്ടിപ്പിടിക്കലുകളിലും പടയോട്ടങ്ങളിലും സ്തീകള്‍ പലപ്പോഴും സഹനത്തിന്റെയും അപമാനിക്കപ്പെടുന്ന വ്യക്തിത്വങ്ങളായും അല്ലെങ്കില്‍ നിഷ്‌കാസനം ചെയ്യപ്പെടുന്നവരുമായി മാറുന്നു. എന്നാല്‍ അവര്‍ക്ക് കര്‍തൃത്വമുണ്ടെന്നു കുലം പോലുള്ള സിനികള്‍ പറയുന്നു.
ഈ അര്‍ത്ഥത്തില്‍ കുലത്തിലെ സുഭദ്ര തീഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോകുകയും നിരന്തരം ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. മരുമക്കത്തായത്തില്‍നിന്നും മക്കത്തായത്തിലേക്ക് മാറുന്ന സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് കുലത്തിന്റെ കഥ നടക്കുന്നത്. സുഭദ്ര അധികാരം വെട്ടിപ്പിടിക്കാനും ചിലരുടെ നേട്ടങ്ങള്‍ക്കെല്ലാം ഇരയാക്കപ്പെടുന്നുണ്ട്. എന്നാല്‍ അവള്‍ അതിനെ ചോദ്യം ചെയ്യുന്നതോടെ വെറുക്കപ്പെട്ടവളായി മാറുന്നു. ചരിത്രത്തിന്റെ ഭാഗമായവരോ സാധാരണക്കാരോ ആയ സ്ത്രീകളുടെ അവസ്ഥായാണിത്. ആണ്‍ അധികാരത്തിന്റെ ബലപ്രയോഗങ്ങള്‍ എങ്ങനെയാണ് സ്ത്രീ ശരീരത്തിനുമേല്‍ ആധിപത്യമുറപ്പിക്കുന്നത് എന്നതാണ് കുലം പ്രശ്‌നവത്കരിക്കുന്നത്. അതുകൊണ്ടുതന്നെ സി.വിയില്‍നിന്നും സുഭദ്രയെ പുറത്തു ചാടിക്കുകയാണ് ലെനിന്‍ രാജേന്ദ്രന്‍.
ആള്‍ദൈവങ്ങളുടെ അധോലോകങ്ങള്‍ മനുഷ്യമനസിനെ അടിമകളാക്കി മാറ്റുന്നത് എങ്ങനെയെന്നു പറയാനുള്ള ശ്രമമാണ് വചനം എന്ന സിനിമ. ദാനധര്‍മ്മങ്ങളിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും കമ്പോളത്തിന്റെ സാധ്യതകളെ കപട ആത്മീയവാദികള്‍ കൈയടക്കുന്നതിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് വചനം. ആഖ്യാനത്തില്‍ പുതിയൊരു ദൃശ്യഭാഷയെ മുന്‍നിര്‍ത്തിക്കൊണ്ടാണ് ലെനിന്‍ ഇത് സാധ്യമാക്കുന്നത്.
ജി.പി.രാമചന്ദ്രന്‍ എഴുതുന്നു: പൗരസ്ത്യര്‍ ആത്മീയവാദികളും പാശ്ചാത്യര്‍ ഭൗതികവാദികളുമാണെന്ന സാമാന്യബോധത്തിന്റെ മറവില്‍, സാമ്രാജ്യത്വം നടത്തുന്ന പുത്തന്‍ കൊളോണിയല്‍ മര്‍ദനരീതികളെക്കുറിച്ചുകൂടി ഈ ചലച്ചിത്രം പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തി(സ്‌നേഹോപാസനയുടെ തത്വശാസ്ത്രവുമായി, ജി.പി രാമചന്ദ്രന്‍). ആഭ്യന്തരകൊളോണിയലിസം നിര്‍മ്മിക്കുന്ന അധീശത്വപ്രത്യയശാസ്ത്രത്തിനൊപ്പം ആത്മീയതയെ എങ്ങനെയാണ് കപട സന്യാസികള്‍ ഒളിച്ചു കടത്തുന്നത് എന്നതും വചനത്തിലൂടെ ലെനിന്‍ വെളിപ്പെടുത്തുകയാണ്.
ചരിത്രത്തെ ഒപ്പിയെടുക്കുന്ന ഋതുഭേദങ്ങളുടെ ക്യാമറ
രാത്രിമഴയും (2007) വ്യത്യസ്തമായ ആവിഷ്‌കാരമാണ്. പ്രണയം ഋതുപരിണാമങ്ങള്‍ പോലെയാണെന്ന് ലെനിന്‍ രാജേന്ദ്രന്റെ പ്രണയ പശ്ചാത്തലമായ സിനികള്‍ നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രണയം നിരന്തരം ജീവിതത്തെ പുതുക്കിപ്പണിയുകയാണ് എന്നാണ് ലെനിന്റെ ഫ്രെയ്മുകള്‍ തെളിയിക്കുന്നത്.
സാഹിത്യ കൃതികളും പ്രശസ്തരായവരുടെ ജീവിതവും സിനിമയാക്കുമ്പോള്‍ അതിനോട് സത്യസന്ധത പുലര്‍ത്താന്‍ ലെനിന്‍ രാജേന്ദ്രന് കഴിയുന്നുണ്ട്. രാജാരവിവര്‍മ്മയെപ്പോലുള്ള ലോക പ്രശസ്തരായ ചിത്രകാരന്റെ ജീവിതത്തെ മുന്‍നിര്‍ത്തി “മകരമഞ്ഞ്” (2010) എന്ന സിനിമ യെടുക്കുമ്പോഴും ഇത്തരം സൂക്ഷ്മതകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ തന്റെ മൗലികതയെ നിലനിര്‍ത്താനും സാധിക്കുന്നു. രവിവര്‍മ്മ എന്ന ചിത്രകാരനപ്പുറം അദ്ദേഹത്തിനുള്ളിലെ പച്ചയായ മനുഷ്യനെയാണ് മകരമഞ്ഞിലൂടെ ലെനിന്‍ അവതരിപ്പിക്കുന്നത്.
പലായനത്തിന്റേയും സന്ദിഗ്ധതയുടെയും നടുവിലുള്ള ജീവിതത്തെയാണ് “ഇടവപ്പാതി”(2016) ആവിഷ്‌ക്കരിക്കുന്നത്. തിബറ്റന്‍ ജനത നാല്‍പ്പത് വര്‍ഷമായി പലായന ജീവിതമാണ് നയിക്കുന്നത്. ജനിച്ച നാട്ടില്‍ അസ്ഥിത്വം നഷ്ടപ്പെട്ട് ഒളിച്ചോടേണ്ടി വരുന്ന സമൂഹമാണിവര്‍. ബുദ്ധഭിക്ഷുക്കളും സന്യാസിനിമാരും സാധാരണക്കാരുമടക്കം അയ്യായിരത്തിലധികം പേര്‍ ബൈലകൂപ്പയില്‍ താമസിക്കുന്നുണ്ട്. ഇവര്‍ തിബറ്റിലേക്ക് മടങ്ങാമെന്നു സ്വപ്നം കാണുന്നവര്‍ തന്നെയാണ്. ഇവരില്‍ ഒരാളായ ബുദ്ധഭിക്ഷുവും മലയാളി പെണ്‍കുട്ടിയും തമ്മിലെ പ്രണയമാണ് ഇടവപ്പാതിയുടെ ഇതിവൃത്തം. കുമാരനാശാന്റെ “കരുണ” യിലെ വാസവദത്തയെയും ഉപഗുപ്തനെയും പുതിയ കാലത്തോട് ചേര്‍ത്തുവെക്കുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്.
സന്യാസം, പ്രണയം, ആത്മീയത ശരീരം, ഭരണകൂടം ഇവയെല്ലാം മനുഷ്യ സമൂഹത്തിനുമേല്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഈ സിനിമ അന്വേഷിക്കുന്നത്. സന്യാസം എന്നത് മറ്റെല്ലാം മറയ്ക്കാനുള്ള ആവരണമായി മാറുന്ന കാലത്ത് ബുദ്ധസന്യാസിമാരുടെ ജീവിതം എങ്ങനെ ആത്മീയതയുമായി ചേര്‍ന്നു നില്‍ക്കുന്നു എന്നു സൂക്ഷ്മമായി പറയാന്‍ ശ്രമിക്കുകയാണ് മകരമഞ്ഞ്. പ്രണയത്തെ ശരീരത്തോട് ചേര്‍ക്കാതെ ആത്മാവിന്റെ അനുഭൂതിയാക്കുന്നു ഈ സിനിമ.
സാഹിത്യ കൃതികളെ ചലച്ചിത്രമാക്കുന്നതിനൊപ്പം പ്രശസ്തരുടെ കവിതകളും ലെനിന്റെ സിനിമകളിലെ പ്രത്യേകതയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ കാലത്തിനൊപ്പമോ കാലത്തിനപ്പുറമോ സഞ്ചരിക്കുന്ന ചലച്ചിത്രകാരനാണ് ലെനിന്‍ രാജേന്ദ്രന്‍. പൊതുബോധത്തിന്റെ നിര്‍മ്മിതകളോട് കലഹിക്കാന്‍ തന്റേതായ ചലച്ചിത്രഭാഷയാണ് ലെനിന്‍ രാജേന്ദ്രന്‍ ആവിഷ്‌കരിക്കുന്നത്. ഇതു തന്നെയാവും ആ സിനിമകളെ അടയാളപ്പെടുത്തുന്നതും.
********
സഹായഗ്രന്ഥങ്ങള്‍
വിജയകൃഷ്ണന്‍, മലയാള സിനിമയുടെ കഥ, പൂര്‍ണ കോഴിക്കോട്.
ജി.പി.രാമചന്ദ്രന്‍, മലയാള സിനിമ ദേശം ഭാഷ സംസ്‌ക്കാരം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം.
രശ്മി, അനില്‍കുമാര്‍, തിരക്കാഴ്ചയുടെ സൗന്ദര്യ ദര്‍ശനങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, സിനിമയും മനസും, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം
കെ.പി.ജയകുമാര്‍, ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍, മാതൃഭൂമി കോഴിക്കോട്.
സി.എസ്. വെങ്കിടേശ്വരന്‍, മലയാള സിനിമാ പഠനങ്ങള്‍, ഡി.സി. ബുക്‌സ് കോട്ടയം.
വി.കെ.ജോസഫ്, ദേശം പൗരത്വം സിനിമ, ചിന്ത പബ്ലിഷേഴ്‌സ് തിരുവനന്തപുരം.
രാജേഷ് കെ. എരുമേലി ഉടയുന്ന താരശരീരങ്ങള്‍ കുതറുന്ന കറുത്ത ശരീരങ്ങള്‍, പാപ്പാത്തി പുസ്തകങ്ങള്‍ തൊടുപുഴ.
കെ പി ജയകുമാര്‍ എഡിറ്റ് ചെയ്ത് ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച സിനിമയുടെ വേനലും മഴയും എന്ന പുസ്തകത്തില്‍ നിന്ന്