ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അര്‍ണബ് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല; വെളിപ്പെടുത്തലുമായി ക്യാമറാമാന്‍ രൂപന്‍ പഹ്‌വ
Daily News
ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അര്‍ണബ് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നില്ല; വെളിപ്പെടുത്തലുമായി ക്യാമറാമാന്‍ രൂപന്‍ പഹ്‌വ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st September 2017, 10:03 am

ന്യൂദല്‍ഹി: ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമി പറഞ്ഞതെല്ലാം വെറും നുണകള്‍ മാത്രമാണെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി രംഗത്തെത്തിയിരുന്നു.

ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്തത് താനും രൂപന്‍ പഹ് വയും കൂടിയായിരുന്നു എന്നും കലാപം റിപ്പോര്‍ട്ട് ചെയ്യുന്നത് പോയിട്ട് ആ പരിസരത്ത് പോലും അര്‍ണബ് ഉണ്ടായിരുന്നില്ലെന്നുമായിരുന്നു രജദീപ് വ്യക്തമാക്കിയത്.

അന്ന് ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ രജദീപിനൊപ്പമുണ്ടായിരുന്ന എന്‍.ഡി.ടിവി ക്യാമറാമാന്‍ രൂപന്‍ പഹ്‌വയും ഇപ്പോള്‍ അര്‍ണബിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് രൂപന്‍ വെളിപ്പെടുത്തുന്നത്.


Dont Miss താങ്കള്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്നാണ് രാജ്യത്തിനറിയേണ്ടത്; വ്യാജ അവകാശവാദം നടത്തിയ അര്‍ണബിനോട് രജദീപ് സര്‍ദേശായി


“”ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാനായി പോയത് ഞാനും രജദീപ് സര്‍ദേശായി ഉള്‍പ്പെടെയുള്ള ഞങ്ങളുടെ ടീമുമായിരുന്നു. ഞങ്ങളുടെ കാര്‍ ഹിന്ദുത്വവാദികളായ ചിലര്‍ തടഞ്ഞുനിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അര്‍ണബ് അവകാശപ്പെടുന്നതുപോലെ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം അന്നുണ്ടായിരുന്നില്ല.

യാത്രചെയ്തുകൊണ്ടിരിക്കെ മുന്നൂറോളം വരുന്ന ആളുകളാണ് ഞങ്ങളുടെ കാര്‍ തടയാനായി എത്തിയത്. കാറിന്റെ മുന്‍സീറ്റിലിരുന്നത് സര്‍ദേശായി ആയിരുന്നു എന്ന് അര്‍ണബ് പറയുകയേ ഉണ്ടായില്ല. മറിച്ച് കാറിന്റെ മുന്നിലുണ്ടായിരുന്ന സീനിയര്‍ എഡിറ്റര്‍ ആ സംഘത്തെ നേരിടാനായി പോയി എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഏതാണ്ട് പത്ത് മിനുട്ടോളം നീണ്ടുനിന്ന ഒരു സംഭവമായിരുന്നു അത്.

ഞങ്ങളുടെ ജീവന്‍ ഒരുവിധത്തില്‍ സംരക്ഷിച്ച് അവിടെ നിന്നും ഞങ്ങള്‍ രക്ഷപ്പെടുകയായിരുന്നു. ഗാന്ധിനഗര്‍ ഓഫീസിലേക്കാണ് കാര്‍ കൊണ്ടുപോയത്. ഡ്രൈവര്‍ ആകെ ഭയചകിതനായിരുന്നു. അദ്ദേഹം എങ്ങനെയൊ ധൈര്യം വീണ്ടെടുത്താണ് അവരില്‍ നിന്നും ഞങ്ങളെ സുരക്ഷിതമായി എത്തിച്ചത്. അര്‍ണബിന്റെ വാദങ്ങളെല്ലാം കള്ളംമാത്രമാണ്. – രൂപന്‍ പറയുന്നു.

അന്ന് വന്ന ആള്‍ക്കൂട്ടം ഏത് മതസ്ഥരായിരുന്നു എന്ന ചോദ്യത്തിന് അത് ഒരു വലിയ ആള്‍ക്കൂട്ടമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇതേ കഥ തന്നെയാണല്ലോ അര്‍ണബ് പറഞ്ഞത് എന്ന ചോദ്യത്തിന് രൂപന്‍ പഹ വയുടെ മറുപടി ചിരിയായിരുന്നു. അന്നത്തെ സംഭവം നടക്കുമ്പോള്‍ അര്‍ണബ് അവിടെ ഉണ്ടായിരുന്നില്ല എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടെന്നും വ്യാജവാര്‍ത്തകള്‍ ഒഴിവാക്കി സത്യത്തില്‍ ഊന്നിനില്‍ക്കുകയാണ് വേണ്ടതെന്നും രൂപന്‍ പറയുന്നു.

എന്‍.ഡി.ടിവിയില്‍ ജോലി ചെയ്യവേ 2002 ലെ ഗുജറാത്ത് കലാപം താന്‍ ജീവന്‍ പണയപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തതാണെന്നായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ അവകാശവാദം.

എന്നാല്‍ ഇതിനെതിരെ മാധ്യമപ്രവര്‍ത്തകനും ഇന്ത്യാ ടുഡെ ടിവി കണ്‍സള്‍ട്ടിങ് എഡിറ്ററുമായ രജദീപ് സര്‍ദേശായി രംഗത്തെത്തുകയായിരുന്നു.

ഗുജറാത്ത് വംശഹത്യ എന്‍.ഡി.ടി.വിക്ക് വേണ്ടി 2002 ല്‍ അര്‍ണബ് ഗോസ്വാമി ജീവന്‍ പണയം വെച്ച് റിപ്പോര്‍ട്ട് ചെയ്തുവെന്ന് അവകാശപ്പെടുന്ന
പഴയ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം സര്‍ദേശായി അര്‍ണബിനെതിരെ രംഗത്തെത്തിയത്. രജദീപ് സര്‍ദേശായിയും ക്യാമറാമാനും ആക്രമിക്കപ്പെട്ട സംഭവത്തെ സ്വന്തം അനുഭവമാക്കി പറയുകയായിരുന്നു അര്‍ണബ്.

അന്ന് തനിക്കൊപ്പം ഗുജറാത്ത് കലാപം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ക്യമാറാമാന്‍ വൈകാതെ തന്നെ സത്യം ക്യാമറയിലൂടെ പറയുമെന്നും സര്‍ദേശായി പറഞ്ഞിരുന്നു.

താങ്കളുടെ കള്ളം ലോകം മനസിലാക്കിയ സാഹചര്യത്തില്‍ രാജിവെച്ച് പുറത്തുപോകാനും മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാനും തയ്യാറുണ്ടോയെന്നും കഴിഞ്ഞ ദിവസം രജദീപ് സര്‍ദേശായി അര്‍ണബിനോട് ചോദിച്ചിരുന്നു.