ഈ ഷോട്ട് കളിക്കും മുമ്പേ ആലോചിക്കണമായിരുന്നു ആരാണ് പന്തെറിയുന്നതെന്ന്! ദുരന്തമായി ജോസ്-സ്വാള്‍
IPL
ഈ ഷോട്ട് കളിക്കും മുമ്പേ ആലോചിക്കണമായിരുന്നു ആരാണ് പന്തെറിയുന്നതെന്ന്! ദുരന്തമായി ജോസ്-സ്വാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th April 2023, 10:32 pm

ഐ.പി.എല്‍ 2023ലെ 23ാം മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട് രാജസ്ഥാന്‍ റോയല്‍സ്. സീസണിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടായ ജോസ് ബട്‌ലര്‍ – യശസ്വി ജെയസ്വാള്‍ ഡുവോ ഗുജറാത്തിന്റെ പേസ് നിരക്ക് മുമ്പില്‍ പരാജയപ്പെടുകയായിരുന്നു.

യശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെയായിരുന്നു ജെയ്‌സ്വാള്‍ മടങ്ങിയത്. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ശുഭ്മന്‍ ഗില്ലിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഏഴ് പന്തില്‍ നിന്നും വെറും ഒറ്റ റണ്‍സായിരുന്നു ജെയ്‌സ്വാളിന്റെ സമ്പാദ്യം.

അധികം വൈകാതെ ജോസ് ബട്‌ലറിന്റെ വിക്കറ്റും രാജസ്ഥാന് നഷ്ടമായി. അഞ്ച് പന്തില്‍ നിന്നും ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് ബട്‌ലര്‍ സംപൂജ്യനായി പുറത്തായത്.

സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ സ്‌കൂപ്പിന് ശ്രമിച്ച ബട്‌ലറിന് പിഴക്കുകയും വിക്കറ്റ് നഷ്ടപ്പെടുകയുമായിരുന്നു.

അതേസമയം, പത്ത് ഓവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ 53 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്. 25 പന്തില്‍ നിന്നും 26 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റാണ് രാജസ്ഥാന് അവസാനം നഷ്ടമായത്.

18 പന്തില്‍ നിന്നും 20 റണ്‍സുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണും അറ് പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി റിയാന്‍ പരാഗുമാണ് ക്രീസില്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ നഷ്ടമായിരുന്നു. എന്നാല്‍ പിന്നാലെയെത്തിയ സായ് സുദര്‍ശനും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കുമൊപ്പം ചേര്‍ന്ന് ഗില്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.

20 റണ്‍സുമായി സായ് സുദര്‍ശനും 28 റണ്‍സുമായി പാണ്ഡ്യയും മടങ്ങിയപ്പോള്‍ ഡേവിഡ് മില്ലറിനെ കൂട്ടുപിടിച്ചായി ഗില്ലിന്റെ ആറാട്ട്. 34 പന്തില്‍ നിന്നും 45 റണ്‍സ് നേടി ഗില്‍ പുറത്തായി.

അഭിനവ് മനോഹറിന്റെ ഇന്‍സ്റ്റന്റ് വെടിക്കെട്ടും മില്ലറിന്റെ തകര്‍പ്പന്‍ പ്രകടവുമായപ്പോള്‍ ടൈറ്റന്‍സ് സ്‌കോര്‍ 177ലേക്കുര്‍ന്നു.

രാജസ്ഥാന് വേണ്ടി സന്ദീപ് ശര്‍മ മാത്രമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. നാല് ഓവര്‍ പന്തെറിഞ്ഞ ശര്‍മ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

 

Content highlight: Rajasthan Royals’ opening duo failed against Gujarat Titans