ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ സ്കൂളിൽ വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത ബി.ജെ.പി എം.എൽ.എ ബൽമുകുന്ദ് ആചാര്യക്കെതിരെ പ്രതിഷേധം. ഹവാമഹ ലിലെ സ്കൂൾ സന്ദർശിക്കുന്നതിനിടയിൽ ഹിജാബ് ധരിക്കുന്നത് തടയണമെന്ന് സ്കൂൾ അധികൃതരോട് ആചാര്യ ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നു.
സംഭവത്തിനുശേഷം മുസ്‌ലിം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. എം.എൽ.എ മാപ്പ് പറയണമെന്നും സ്കൂളിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ബൽമുകുന്ദ് ആചാര്യ സമുദായിക സൗഹാർദം തകർത്തെന്ന് കോൺഗ്രസ് എം.എൽ.എയായ അമിൻ കഗാസി ആരോപിച്ചു. ഫെബ്രുവരി രണ്ടിനകം നടപടി ഉണ്ടായില്ലെങ്കിൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുവന്ന ഒരു വീഡിയോയിൽ എം.എൽ.എ വിദ്യാർത്ഥികളോട് ‘ഭാരത് മാതാ കി ജയ്’, ‘സരസ്വതി മാതാ കി ജയ്’ എന്ന് വിളിക്കാൻ ആവശ്യപ്പെടുന്നതും അത് നിരാകരിച്ച പെൺകുട്ടികളോട് കാരണം ചോദിക്കുന്നതും കാണാം.
അദ്ദേഹം മതപരമായിട്ടുള്ള മുദ്രാവാക്യങ്ങൾ ഉയർത്താൻ തങ്ങളോട് ആവശ്യപ്പെട്ടുവെന്നും ചില പെൺകുട്ടികൾ നിശബ്ദത പാലിച്ചപ്പോൾ പറഞ്ഞതുപോലെ ചെയ്യാൻ അവരോട് ആവശ്യപ്പെട്ടുവെന്നും സ്കൂളിൽ ഹിജാബ് ധരിക്കുന്നത് അനുവദനീയമല്ലെന്നും പറഞ്ഞതായി സ്ക്കൂളിലെ വിദ്യാർത്ഥിനികൾ പറഞ്ഞു.
അദ്ദേഹം നിയമസഭയിൽ പോകുന്നത് കാവി വസ്ത്രം ധരിച്ചാണ്. പിന്നെ എന്തിനാണ് ഹിജാബിനോട് ഈ വിവേചനമെന്നും വിദ്യാർത്ഥികൾ ചോദിച്ചു.
ഹിന്ദു, മുസ്‌ലിം വിദ്യാർത്ഥികളിൽ നിന്നായി രണ്ട് പരാതികൾ പൊലീസിന് ലഭിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ മതപരമായ ആചാരങ്ങൾ പിന്തുടരാൻ അനുവദിക്കില്ലെന്ന് ഇരുകൂട്ടരും പരാതിയിൽ ആരോപിക്കുന്നു.
അതേസമയം മുഖ്യമന്ത്രി ഭജൻലാൽ ശർമയോട് രാജസ്ഥാനിലെ സർക്കാർ, പ്രൈവറ്റ് സ്കൂളുകളിൽ ഹിജാബ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുമെന്ന് ക്യാബിനറ്റ് മന്ത്രിയായ കിരോഡി ലാൽ മീണ പറഞ്ഞു.
‘മുസ്‌ലിം സമുദായത്തിന്റെ മതഭ്രാന്തും കോൺഗ്രസിന്റെ രാഷ്ട്രീയപ്രീണനവും കാരണം മുസ്‌ലിം സമുദായത്തിന് പുരോഗതി കൈവരിക്കാൻ കഴിയുന്നില്ല. അവർക്ക് വിദ്യാഭ്യാസം കുറവാണ്. അതിനാൽ അവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. മുസ്‌ലിങ്ങൾക്കിടയിൽ വിദ്യാഭ്യാസവും പുരോഗമനചിന്തയും ഉണ്ടാകേണ്ടതുണ്ട്. സ്കൂളുകളിൽ ഡ്രസ് കോഡ് പാലിക്കേണ്ടതുണ്ട്. പെൺകുട്ടികൾ സ്കൂളിൽ ഹിജാബ് ധരിച്ചു പോയാൽ സ്കൂളിൻറെ അച്ചടക്കം നഷ്ടപ്പെടും,’ കിരോഡി ലാൽ മീണ പറഞ്ഞു.
Content Highlight: Rajasthan: BJP MLA faces protests after he objects to hijabs in schools