ഇനി മലയാളികള്‍ എന്ത് പറഞ്ഞ് വിമര്‍ശിക്കും? ആ ചീത്തപ്പേരും മാറ്റിയെടുത്ത് സഞ്ജു
IPL
ഇനി മലയാളികള്‍ എന്ത് പറഞ്ഞ് വിമര്‍ശിക്കും? ആ ചീത്തപ്പേരും മാറ്റിയെടുത്ത് സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th December 2022, 7:47 am

 

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന മിനി ഓക്ഷനില്‍ അവേശം അല തല്ലിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമുയര്‍ന്ന വിലയുമായി സാം കറണ്‍ തിളങ്ങിയപ്പോള്‍ ബെന്‍ സ്‌റ്റോക്‌സിനെ പൊക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് വരാനിരിക്കുന്ന ഐ.പി.എല്ലിന് തങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നതിന്റെ ട്രെയ്‌ലര്‍ നല്‍കിയിരുന്നു.

കാമറൂണ്‍ ഗ്രീനിനെ പൊന്നും വില കൊടുത്ത് മുംബൈ ടീമിലെത്തിച്ചപ്പോള്‍ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ അടിസ്ഥാന വിലക്ക് ആശിഷ് നെഹ്‌റ ഗുജറാത്ത് ടൈറ്റന്‍സിന്റെ പാളയത്തിലെത്തിച്ചിരുന്നു.

ലേലത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ടീമുകളിലൊന്ന് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സാണ്. തങ്ങളുടെ ടീമില്‍ ഇല്ലാതിരുന്ന ക്വാളിറ്റി ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറായ ജേസണ്‍ ഹോള്‍ഡറെ ടീമിലെത്തിച്ച റോയല്‍സ് ജോ റൂട്ടിനെയും ടീമിലെത്തിച്ചിരുന്നു.

ഇതിനെല്ലാമുപരി മലയാളികള്‍ തന്നെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെതിരെ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനത്തിനും ലേത്തില്‍ റോയല്‍സ് മറുപടി നല്‍കിയിരുന്നു.

മലയാളിയായ ഒരാള്‍ ഐ.പി.എല്‍ ടീമിന്റെ നായകനായിട്ടും മലയാളി ക്രിക്കറ്റര്‍മാര്‍ക്ക് ഒരു ഗുണവുമില്ലെന്നായിരുന്നു ചിലരുടെ ആക്ഷേപം. സഞ്ജു കേരളത്തില്‍ നിന്നുള്ള യുവതാരങ്ങളെ ട്രയല്‍സില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോയിട്ടും ആ ആക്ഷേപം യഥേഷ്ടം തുടര്‍ന്നു.

എന്നാല്‍ ഇത്തവണ അതിനുള്ള അവസരം അത്തരക്കാര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മിനി ലേലത്തില്‍ മലയാളികളെയടക്കം ടീമിലെത്തിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സ്‌ക്വാഡ് ഒന്നുകൂടി ശക്തിപ്പെടുത്തിയത്.

മലയാളി താരം കെ.എം. ആസിഫാണ് രാജസ്ഥാന്‍ റോയല്‍സിലെ പുത്തന്‍ മലയാളി തിളക്കം. 30 ലക്ഷം രൂപക്കാണ് ആസിഫ് രാജസ്ഥാന്റെ ഭാഗമായത്. മീഡിയം പേസറായ ആസിഫിന്റെ കരിയറില്‍ തന്നെ ബ്രേക്ക് ത്രൂ ആവാനുള്ള പിക് ആയിട്ടാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍ ഇതിനെ നോക്കിക്കാണുന്നത്.

നേരത്തെ ആസിഫ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയും കളിച്ചിരുന്നു.

അബ്ദുള്‍ ബാസിത് പി.എ. ആണ് രാജസ്ഥാന്‍ പാളയത്തിലെത്തിയ മറ്റൊരു മലയാളി താരം. 20 ലക്ഷം രൂപക്കാണ് ‘ഏജന്റ് ചേട്ടന്റെ’ ടീമിലേക്ക് ബാസിത് എത്തിയത്.

 

മിനി ലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ താരങ്ങള്‍

ജേസണ്‍ ഹോള്‍ഡര്‍ (5.75 കോടി), ഡോണോവാന്‍ ഫെരേര (50 ലക്ഷം), കുണാല്‍ റോത്തോര്‍ (20 ലക്ഷം), ആരം സാംപ (1.5 കോടി), കെ.എം. ആസിഫ് (30 ലക്ഷം), മുരുഗന്‍ അശ്വിന്‍ (20 ലക്ഷം), ആകാശ് വസിഷ്ഠ് (20 ലക്ഷം), അബ്ദുള്‍ ബാസിത് പി.എ. (20 ലക്ഷം), ജോ റൂട്ട് (ഒരു കോടി)

 

മിനി ലേലത്തിന് ശേഷമുള്ള രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, നവദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുണാല്‍ റാത്തോര്‍, ആദം സാംപ, കെ.എം. ആസിഫ്, മുരുഗന്‍ അശ്വിന്‍, ആകാശ് വസിഷ്ഠ്, അബ്ദുള്‍ ബാസിത് പി. എ, ജോ റൂട്ട്.

Content highlight: Rajastan Royals picks Kerala players in mini auction