Entertainment
പാന്‍ ഇന്ത്യന്‍ സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഇന്‍സ്പിറേഷനായത് ആ നടന്‍: എസ്. എസ്. രാജമൗലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 08, 11:51 am
Friday, 8th November 2024, 5:21 pm

ഇന്ത്യന്‍ സിനിമയിലെ ബ്രാന്‍ഡ് സംവിധായകരിലൊരാളാണ് എസ്.എസ്. രാജമൗലി. ഇന്ത്യയിലെ സിനിമാപ്രേമികള്‍ മുഴുവന്‍ ഒരു സംവിധായകന്റെ പേര് നോക്കി ടിക്കറ്റെടുത്ത് തുടങ്ങിയത് ബാഹുബലി മുതല്‍ക്കാണ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകളിലൊന്നാണ്. പിന്നീട് അദ്ദേഹം ചെയ്ത ആര്‍.ആര്‍.ആര്‍ ഓസ്‌കര്‍ വേദിയില്‍ തിളങ്ങുകയും ലോകശ്രദ്ധ നേടുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഹൈദരബാദില്‍ നടന്ന കങ്കുവയുടെ പ്രീ റിലീസ് ഇവന്റില്‍ രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തെലുങ്ക് സിനിമയെ ആന്ധ്രയുടെ പുറത്തേക്ക് കൊണ്ടുചെല്ലാനും എല്ലായിടത്തുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനും തനിക്ക് പ്രചോദനമായത് നടന്‍ സൂര്യയാണെന്ന് രാജമൗലി പറഞ്ഞു.

ഗജിനി മുതല്‍ അയാളുടെ ഓരോ സിനിമയുടെ പ്രൊമോഷന് വേണ്ടി വരുന്നത് തന്നെ അത്ഭുതപ്പെടുത്തിയിരുന്നെന്ന് രാജമൗലി കൂട്ടിച്ചേര്‍ത്തു. ഓരോ സിനിമക്ക് വേണ്ടിയും സൂര്യ ആന്ധ്രയിലേക്ക് വരുന്ന രീതി തന്റെ നിര്‍മാതാക്കളുമായും നായകന്മാരുമായും സംസാരിക്കാറുണ്ടെന്നും രാജമൗലി പറഞ്ഞു.

അത്തരം പ്രൊമോഷന്‍ രീതികളാണ് ബാഹുബലി ചെയ്യാന്‍ തനിക്ക് ധൈര്യം നല്‍കിയതെന്ന് രാജമൗലി കൂട്ടിച്ചേര്‍ത്തു. തന്നോടൊപ്പം ചെയ്യേണ്ട സിനിമ നഷ്ടപ്പെടുത്തിയതില്‍ ഖേദിക്കുന്നു എന്ന് സൂര്യ പറഞ്ഞത് താന്‍ കേട്ടിരുന്നുവെന്നും എന്നാല്‍ സൂര്യയെപ്പോലൊരു നടനുമായി ചേര്‍ന്ന് വര്‍ക്ക് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തിയത് താനാണെന്നും രാജമൗലി പറഞ്ഞു. കങ്കുവ വന്‍ വിജയമാകാന്‍ താന്‍ ആശംസിക്കുന്നുവെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു.

‘എല്ലാവരും പറയുന്നത് പാന്‍ ഇന്ത്യന്‍ സിനിമക്ക് തുടക്കം കുറിച്ചയാള്‍ ഞാനാണെന്നാണ്. എന്നാല്‍ തെലുങ്ക് സിനിമകളെ ആന്ധ്രയുടെ പുറത്തേക്ക് കൊണ്ടുചെല്ലാന്‍ എനിക്ക് ഇന്‍സ്പിറേഷനായത് സൂര്യയാണ്. ഗജിനി മുതല്‍ക്ക് ഇങ്ങോട്ട് ഓരോ സിനിമയുടെ പ്രൊമോഷന് വേണ്ടിയും സൂര്യ ആന്ധ്രയില്‍ എത്തുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

തന്റെ സിനിമ എല്ലായിടത്തുമുള്ള പ്രേക്ഷകര്‍ കാണണമെന്ന ചിന്തയിലാണ് സൂര്യ അതിന് ഇറങ്ങി പുറപ്പെടുന്നത്. ബാഹുബലി പോലൊരു ബ്രഹ്‌മാണ്ഡ ചിത്രം ചെയ്യാന്‍ എനിക്ക് പ്രചോദനമായത് സൂര്യയാണ്.

ഓരോ സിനിമയുടെ പ്രൊമോഷനെയും സൂര്യ സമീപിക്കുന്ന രീതി എനിക്കൊരു കേസ് സ്റ്റഡിയാണ്. എന്റെ നിര്‍മാതാക്കളോടും നായകന്മാരോടും സൂര്യയുടെ പ്രൊമോഷന്‍ കണ്ടു പഠിക്കാന്‍ ഞാന്‍ ആവശ്യപ്പെടുമായിരുന്നു. പല വേദിയിലും എന്നോടൊപ്പമുള്ള സിനിമ വേണ്ടെന്നു വെച്ചത് നഷ്ടമായെന്ന് സൂര്യ പറയുന്നത് ഞാന്‍ കേള്‍ക്കാറുണ്ട്. സത്യം പറഞ്ഞാല്‍ സൂര്യയെപ്പൊലൊരു നടനോടൊപ്പം സിനിമ ചെയ്യാന്‍ കഴിയാത്തത് എന്റെ നഷ്ടമാണ്. കങ്കുവ വന്‍ വിജയമാകാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ട്,’ രാജമൗലി പറയുന്നു.

Content Highlight: Rajamouli saying that Suriya is inspiration for him to make Pan Indian films