മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗം; രാജ് താക്കറെക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍
national news
മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗം; രാജ് താക്കറെക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th May 2022, 7:52 am

മുംബൈ: ഔറംഗബാദില്‍ നടന്ന റാലിയില്‍ പ്രകോപനപരമായി പ്രസംഗിച്ചതിന് മഹാരാഷ്ട്രാ നവനിര്‍മാണ് സേന നേതാവ് രാജ് താക്കറെക്കെതിരെ കേസെടുത്ത് പൊലീസ്. റാലിയുടെ സംഘാടകരായ മറ്റ് മൂന്ന് പേര്‍ക്കെതിരെയും ഔറംഗബാദ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 153 പ്രകാരമാണ് രാജ് താക്കറെക്കെതിരെ കേസെടുത്തത്.

ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കില്‍ പള്ളികള്‍ക്കു മുന്നില്‍ ഹനുമാന്‍ ചാലിസ വായിക്കുമെന്ന അന്ത്യശാസനത്തെ തുടര്‍ന്നാണ് രാജ്താക്കറെക്കും എം.എന്‍.എസ് നേതാക്കള്‍ക്കുമെതിരെ കേസെടുത്തത്.
മുസ്‌ലിം പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ഉച്ചഭാഷിണിയില്‍ ചൊല്ലാന്‍ എം.എന്‍.എസ് പ്രവര്‍ത്തകരോട് രാജ് താക്കറെ ആഹ്വാനം ചെയ്തത് നോട്ടീസില്‍ പരാമര്‍ശിക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച രാജ് താക്കറെ ഔറംഗാബാദില്‍ റാലി സംഘടിപ്പിച്ചിരുന്നു.റാലിയില്‍ വെച്ചാണ് രാജ് താക്കറെയുടെ പ്രകോപനപരമായ പ്രസംഗം. ഈദ് മെയ് 3നാണെന്നും ആഘോഷങ്ങളുടെ ശോഭ കെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ മെയ് നാലിന് ശേഷം ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ ഇരട്ടി ശക്തിയോടെ ഹനുമാന്‍ ചാലിസ വായിക്കുമെന്നും രാജ് താക്കറെ ഭീഷണിപ്പെടുത്തിയിരുന്നു. ”ഞങ്ങളുടെ മുന്നറിയിപ്പ് നിങ്ങള്‍ വകവെച്ചില്ലെങ്കില്‍ ഞങ്ങളുടെ രീതിയില്‍ കൈകാര്യം ചെയ്യും. മെയ് നാലിനകം ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ മഹാരാഷ്ട്രയുടെ ശക്തി ഞങ്ങള്‍ കാണിക്കും” താക്കറെ പ്രസംഗത്തില്‍ പറഞ്ഞു.

”ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ സംഭവിക്കുന്നതിനൊന്നും ഞങ്ങള്‍ ഉത്തരവാദികളായിരിക്കില്ല. ഇത് മതപരമായ വിഷയമല്ല, സാമൂഹിക വിഷയമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇത് മതപരമായ വിഷയമാക്കിയാല്‍ ഞങ്ങള്‍ സമാനമായ രീതിയില്‍ പ്രതികരിക്കും,” രാജ് താക്കറെ പറഞ്ഞു.

സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നതില്‍ താല്‍പ്പര്യമില്ല. എന്നാല്‍ ഉച്ചഭാഷിണികള്‍ പൊതുജീവിതത്തത്തിന് ബുദ്ധിമുട്ടാണ്. ഉത്തര്‍പ്രദേശില്‍ ഉച്ചഭാഷിണി നീക്കം ചെയ്യാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ കഴിയില്ല. നിയമവിരുദ്ധമായാണ് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത്. എല്ലാ ആരാധനാലയങ്ങളില്‍ നിന്നും ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണം. ആദ്യം പള്ളികളില്‍ നിന്നുള്ളവ നീക്കണമെന്നും രാജ് താക്കറെ പറഞ്ഞു.

 

Content Highlights: Raj Thackeray Faces Police Case, Presses On With Loudspeaker Plan