ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത് 25ഓളം വരുന്ന പൊലീസ് സംഘം; നടത്തുന്നത് മിന്നല്‍ പരിശോധന
ആലുവ: നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത് 25ഓളം വരുന്ന പൊലീസ് സംഘം. മിന്നല്‍ പരിശോധനയാണ് നടത്തിയതെന്നാണ് വിവരം.
പൊലീസ് സംഘം ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇതോടെ ദിലീപിനെ ബന്ധപ്പെടുകയും തുടര്‍ന്ന് സഹോദരിയെത്തി വീട് തുറന്നുകൊടുക്കുകയുമായിരുന്നു.
ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ആലുവയിലെ പത്മസരോവരം എന്ന വീട്ടിലായിരുന്നു കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതെന്നും കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന ഇവിടെ വെച്ച് നടന്നെന്നായിരുന്നു മൊഴി.
ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തെളിവുകള്‍ ദിലീപിന്റെ കൈവശമുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. നടിയെ ആക്രമിക്കുന്ന വീഡിയോ ദിലീപും ബന്ധുക്കളും പത്മസരോവരത്തില്‍ വെച്ച് കണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ മൊഴിയില്‍ പറഞ്ഞിരുന്നു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി നാളെ പരിഗണിക്കും.
വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ കേസ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Raid On Actor Dileep Home In Aluva Actress Attack Case