പതിവ് തെറ്റിച്ചില്ല, സ്ഥിരമായി വാട്ടര്‍ ബോയ് ആവാന്‍ വിധിക്കപ്പെട്ട 'അടുത്ത സഞ്ജു'വിനെ ഉള്‍പ്പെടുത്തിയ സ്‌ക്വാഡ്; പ്രായം കടന്ന് പോകുന്നു, അവനെ കളിപ്പിച്ചൂടേ...
കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്കുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചത്. മൂന്ന് ടി-20യും അത്ര തന്നെ ഏകദിനവുമടങ്ങിയ ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെയാണ് മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ടി-20 പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റനെന്ന പുതിയ ചുമതലയേറ്റെടുക്കാന്‍ സൂര്യകുമാറിനെയാണ് ബി.സി.സി.ഐ നിയോഗിച്ചിരിക്കുന്നത്. നിരവധി മത്സരങ്ങള്‍ കളിച്ച് അനുഭവ സമ്പത്ത് നേടിയ താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളുമായാണ് ഇന്ത്യ മരതക ദ്വീപിന്റെ പോരാളികളെ നേരിടാനൊരുങ്ങുന്നത്.
പല സൂപ്പര്‍ താരങ്ങളെ പോലെ ഇത്തവണയും സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ച താരമാണ് രാഹുല്‍ ത്രിപാഠി. ഐ.പി.എല്‍ 2022ലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇടം നേടിയ സണ്‍റൈസേഴ്‌സിന്റെ പവര്‍ഹൗസ് ഈ പരമ്പരയിലും തന്റെ ‘സാന്നിധ്യ’മറിയിക്കാന്‍ ഒരുങ്ങുകയാണ്.
ഐ.പി.എല്‍ 2022ന് ശേഷം പല സ്‌ക്വാഡിലും ത്രിപാഠി ഇത്തരത്തില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിലും ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും ഈയിടെ അവസാനിച്ച ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിനുള്ള സ്‌ക്വാഡിലും ഇടം കണ്ടെത്താന്‍ ത്രിപാഠിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇന്ത്യക്കായി ഒറ്റ മത്സരം പോലും കളിക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല എന്നതാണ് ഇതിലെ ദുഃഖകരമായ വസ്തുത.
നിലവില്‍ 31 വയസുകാരനായ താരത്തെ ബി.സി.സി.ഐ ഇനിയും പരിഗണിക്കാത്തതെന്താണെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. 2022 ഐ.പി.എല്ലില്‍ ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരമായിട്ടുപോലും ഇന്ത്യന്‍ ജേഴ്‌സിയില്‍ താരത്തിന് ഇതുവരെ ഒരു ടി-20 മത്സരം പോലും കളിക്കാന്‍ സാധിച്ചിട്ടില്ല.