ഭ്രമയുഗം എന്ന് പേരിടാന്‍ കാരണം അതായിരുന്നു: രാഹുല്‍ സദാശിവന്‍
Entertainment
ഭ്രമയുഗം എന്ന് പേരിടാന്‍ കാരണം അതായിരുന്നു: രാഹുല്‍ സദാശിവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st February 2024, 9:47 am

തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തിയ ഭ്രമയുഗം. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ സിനിമ കൂടിയാണ് ഭ്രമയുഗം. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റ് താരങ്ങള്‍.

ചിത്രത്തിന് ഭ്രമയുഗം എന്ന് പേരിടാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. ഭ്രമയുഗം എന്ന പേര് എങ്ങനെയാണ് വന്നത് എന്ന ചോദ്യത്തിന് രാഹുലിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘ഏജ് ഓഫ് മാഡ്‌നെസ്സ് എന്ന ടാഗ്‌ലൈന്‍ ഈ സിനിമയുടെ സമയത്താണ് മനസില്‍ വന്നത്. പക്ഷേ, ഭ്രമയുഗം എന്ന പേര് കുറേ മുമ്പ് തന്നെ മനസില്‍ വന്നതായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഭൂതകാലത്തിന് മുമ്പ് തന്നെ ആ പേര് കിട്ടിയിരുന്നു. ആ പേര് വേണോ വേണ്ടയോ എന്ന് കുറേക്കാലം ആലോചിച്ചുകൊണ്ടിരുന്നു. ഏജ് ഓഫ് മാഡ്‌നെസ്സ് എന്ന ടാഗ്‌ലൈനും കൂടെ കൊടുത്താല്‍ നന്നാകുമെന്ന് തോന്നി. ‘ബി’ വെച്ച് തുടങ്ങണമെന്നും ‘എം’ എന്ന അക്ഷരത്തില്‍ അവസാനിക്കണമെന്നും ഉള്ളതുകൊണ്ടാണ് ഭ്രമയുഗം എന്ന പേര് കിട്ടിയത്. ആദ്യം തൊട്ടേ മനസിലുണ്ടായിരുന്ന ആ പേര് ടി.ഡി. രാമകൃഷ്ണന്‍ സാറിനോടും കൂടെ സംസാരിച്ച് ഉറപ്പിക്കുകയായിരുന്നു’ രാഹുല്‍ പറഞ്ഞു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും, വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ക്രിസ്‌റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന സിനിമ ആദ്യ വീക്കെന്‍ഡില്‍ തന്നെ മികച്ച കളക്ഷനാണ് നേടിയത്.

Content Highlight: Rahul Sadasivan explains why he choose Bramayugam  as title