IPL
ഗെയ്‌ലും വിരാടും വാഴുന്ന ലിസ്റ്റില്‍ മാസ് എന്‍ട്രിയുമായി മിച്ചല്‍ മാര്‍ഷ്; കൊല്‍ക്കത്തയ്‌ക്കെതിരെ ലഖ്‌നൗവിന്റെ വെടിക്കെട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 08, 11:42 am
Tuesday, 8th April 2025, 5:12 pm

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് ലഖ്‌നൗവിനെ ബാറ്റിങ്ങിനയച്ചു.

നിലവില്‍ 14 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് ലഖ്‌നൗ നേടിയത്. ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രമും മിച്ചല്‍ മാര്‍ഷുമാണ് ടീമിന് മിന്നും തുടക്കം നല്‍കിയത്. മാര്‍ക്രം 28 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും റണ്‍സും ഉള്‍പ്പെടെ 47 റണ്‍സ് നേടിയാണ് പുറത്തായത്. ഹര്‍ഷിത് റാണയുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു താരം.

മാര്‍ഷ് 46 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 81 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്. തുടര്‍ന്ന് ക്രീസിലെത്തിയ നിക്കോളാസ് പൂരന്‍ 16 പന്തില്‍ നിന്ന് 32 റണ്‍സും നേടി ക്രീസിലുണ്ട്.

മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ട് പ്രകടനം ലഖ്‌നൗവിനെ ഉയര്‍ന്ന സ്‌കോറിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലിന്റെ ഒരു എഡിഷനിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന താരമാകാനാണ് മാര്‍ഷിന് സാധിച്ചത്. ഈ ലിസ്റ്റില്‍ വേള്‍ഡ് ലെജന്‍ഡ്രി താരങ്ങളായ ഡേവിഡേ വാര്‍ണര്‍, വിരാട് കോഹ്‌ലി, ക്രിസ് ഗെയ്ല്‍ എന്നിവരുടെ ഒപ്പമെത്താനാണ് താരത്തിന് സാധിച്ചത്.

ഐ.പി.എല്ലിന്റെ ഒരു എഡിഷനിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന താരം, എണ്ണം (വര്‍ഷം)

ഡേവിഡ് വാര്‍ണര്‍ – 4 (2016)

വിരാട് കോഹ്‌ലി – 4 (2016)

ക്രിസ് ഗെയ്ല്‍ – 4 (2018)

മിച്ചല്‍ മാര്‍ഷ് – 4 (2025)

നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയമാണ് ഇരുടീമുകള്‍ക്കുമുള്ളത്. പോയിന്റ് ടേബിളില്‍ കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തും ലഖ്‌നൗ ആറാം സ്ഥാനത്തുമാണ്. അവസാന മത്സരത്തില്‍ ജയിച്ചെത്തുന്ന ഇരു ടീമുകളുടെയും ലക്ഷ്യം തുടര്‍ വിജയമാണ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, അബ്ദുല്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, ആകാശ് ദീപ്, ആവേശ് ഖാന്‍, ദിഗ്വേഷ് സിങ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, ഹര്‍ഷിത് റാണ, സ്‌പെന്‍സര്‍ ജോണ്‍സന്‍, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി

 

Content Highlight: IPL2025: Mitchell Marsh In Great Record Achievement In IPL