Entertainment
ബസൂക്കയുടെ കാര്യം പറഞ്ഞപ്പോള്‍ ബേസില്‍ മാമ തന്ന റിപ്ലൈ ഇതാണ്, ടൊവി മാമ കണ്ടിട്ട് അഭിപ്രായം പറയട്ടേ: വസിഷ്ഠ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 08, 11:18 am
Tuesday, 8th April 2025, 4:48 pm

മിന്നല്‍ മുരളിയിലെ ജോസ് മോനായി വന്ന് ഇന്ന് മമ്മൂട്ടി നായകനായ ബസൂക്കയില്‍ എത്തി നില്‍ക്കുകയാണ് ബാലതാരം വസിഷ്ട്.

മലയാള സിനിമയിലെ എല്ലാ നടന്മാരേയും മാമന്‍ എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്ന വസിഷ്ടിന്റെ രീതി കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

മമ്മൂട്ടി മാമയെന്നും മോഹന്‍ലാല്‍ മാമയെന്നും ടൊവി മാമയെന്നുമൊക്കെയാണ് വസിഷ്ട് വിളിക്കുന്നത്. മിന്നല്‍ മുരളിയിലെ ജെയ്‌സണ്‍ മാമന്റെ സ്വന്തം ജോസ് മോന്‍ ബസൂക്കയിലും ഞെട്ടിക്കുമെന്നതില്‍ പ്രേക്ഷകര്‍ക്ക് സംശയമില്ല.

ബസൂക്കയില്‍ അഭിയിക്കുന്ന കാര്യം ആരോടൊക്കെ പറഞ്ഞെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വസിഷ്ട്. ഒപ്പം മലയാളത്തിലെ തന്റെ പ്രിയ നടന്മാരെ കുറിച്ചും വസിഷ്ട് സംസാരിക്കുന്നുണ്ട്.

‘ മിന്നല്‍ മുരളിയില്‍ ജോസ് മോന്‍ മാമന്റെ ഫാനായിരുന്നു. മലയാള സിനിമയില്‍ മമ്മൂട്ടി മാമയേയും മോഹന്‍ലാല്‍ മാമയേയുമൊക്കെയാണ് കൂടുതല്‍ ഇഷ്ടം.

ഇവരാണല്ലോ മലയാളത്തിലെ ഏറ്റവും ടോപ്പിലിരിക്കുന്ന ആക്ടേഴ്‌സ്. രണ്ടുപേരേയും ഇഷ്ടമാണ്. ടൊവിനോ മാമയെ എനിക്ക് പണ്ടേ ഇഷ്ടമാണ്.
ഗോദ പോലുള്ള സിനിമയൊക്കെ കണ്ടിട്ട്.

മിന്നല്‍ മുരളിയില്‍ കണ്ടപ്പോള്‍ തന്നെ ഇഷ്ടം തോന്നി. മാമയുടെ വലിയ ഫാനാണ് ഞാന്‍. എല്ലാവരുടേയും അഭിനയം എനിക്കിഷ്ടമാണ്. ബസൂക്കയിലേക്ക് വരുന്ന കാര്യം ബേസില്‍ മാമയോട് പറഞ്ഞിരുന്നു.

മിന്നല്‍ മുരളിയ്ക്ക് ശേഷം ഏത് സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോഴും മാമയോട് വിളിച്ചിട്ടോ മെസ്സേജ് അയച്ചിട്ടോ ഒക്കെ പറയാറുണ്ട്.

ഇത്രയും വലിയൊരു അവസരം കിട്ടിയിരിക്കുകയല്ലേ അടിപൊളിയാക്കൂ എന്ന് എന്നോട് പറഞ്ഞു. ടൊവിനോ മാമയോട് ബസൂക്കയുടെ കാര്യം പറഞ്ഞിട്ടില്ല. സിനിമ കണ്ടാല്‍ അവര്‍ക്കൊക്കെ ഇഷ്ടമാകുമെന്നാണ് ഞാന്‍ കരുതുന്നത്,’ വസിഷ്ട് പറഞ്ഞു.

Content Highlight: Actor Vasisht about Basil Joseph and Bazooka