മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്‌ലെന്‍. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ നസ്‌ലെന്റേതായി തിയേറ്ററില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. സ്‌പോര്‍ട്‌സ് – കോമഡി ഴോണറില്‍ എത്തുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്‌മാന്‍ ആണ്.
ബോക്‌സിങ് പശ്ചാത്തലമാക്കി ഒരുങ്ങിയ സിനിമയില്‍ ജോജോ എന്ന കഥാപാത്രമായിട്ടാണ് നസ്‌ലെന്‍ എത്തുന്നത്. ഈ ചിത്രത്തിനായി നടന്‍ ആറ് മാസം ബോക്‌സിങ് പ്രാക്ടീസ് ചെയ്യുകയും ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ നടത്തുകയും ചെയ്തിരുന്നു.
ആദ്യമായി ആലപ്പുഴ ജിംഖാനയിലെ നസ്‌ലെന്റെ ഫോട്ടോസും മറ്റും പുറത്ത് വന്നപ്പോള്‍ ചിലരൊക്കെ അത് എ.ഐ ജനറേറ്റഡ് ഇമേജാണെന്ന് കമന്റ് ചെയ്തിരുന്നു. അത്തരം കമന്റുകള്‍ വേദനിപ്പിച്ചിരുന്നോ അതോ സന്തോഷിപ്പിച്ചോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നസ്‌ലെന്‍.
‘ആ ഫോട്ടോയ്ക്ക് വന്ന കമന്റുകളൊക്കെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു കൊണ്ട് ചിരിച്ചു. എന്തായാലും അത് പടം കാണുമ്പോള്‍ മനസിലാകുമല്ലോ. ആ കമന്റുകളൊക്കെ ഫണ്ണിയായിരുന്നു.
പിന്നീട് എന്റെ ഫ്രണ്ട്‌സും കൂടെ അഭിനയിച്ചവരുമൊക്കെ സോഷ്യല്‍ മീഡിയയില്‍ രണ്ട് റീലുകള്‍ ഷെയര്‍ ചെയ്തിരുന്നു. അതില്‍ വന്ന കമന്റുകളും ഫണ്ണിയായിരുന്നു (ചിരി),’ നസ്‌ലെന്‍ പറയുന്നു.
ആലപ്പുഴ ജിംഖാന:
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സംവിധായകരില്‍ ഒരാളായ ഖാലിദ് റഹ്‌മാന്‍ തല്ലുമാലക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. ബോക്‌സിങ് പശ്ചാത്തലമായി എത്തുന്ന സിനിമയില്‍ നസ്‌ലെന് പുറമെ ലുക്മാന്‍ അവറാന്‍, അനഘ രവി, ഗണപതി തുടങ്ങിയവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.
ഇവര്‍ക്കൊപ്പം കോട്ടയം നസീര്‍, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വിഷു റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.
Content Highlight: Naslen Talks About Social Media Comments That He Gets About Alappuzha Gymkhana Movie Look