ന്യൂദല്‍ഹി: പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഭാഗമാകണമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലായിരുന്നു ശിവസേനയുടെ പ്രതികരണം.
‘രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിന്റെ നിരന്തര വിമര്‍ശകനാണ്, പക്ഷെ അത് ട്വിറ്ററിലാണ്,’ സാമ്‌നയിലെ എഡിറ്റോറിയലില്‍ പറയുന്നു
പ്രതിപക്ഷ ഐക്യത്തിന് ചുക്കാന്‍ പിടിക്കുന്ന ശരദ് പവാറുമായി കൈകോര്‍ക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നും എഡിറ്റോറിയലില്‍ പറയുന്നു. പവാറിന് എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളേയും ഒന്നിച്ചുചേര്‍ത്താനുള്ള കഴിവുണ്ടെന്നും സാമ്‌ന നിരീക്ഷിച്ചു.
നിലവില്‍ ദേശീയാടിസ്ഥാനത്തില്‍ കാര്യപ്രാപ്തിയുള്ള ഒരു പ്രതിപക്ഷനിരയില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു.
നേരത്തെ പവാര്‍ തന്റെ വസതിയില്‍ 12 ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിച്ചിരുന്നു. ഇതില്‍ എട്ട് പാര്‍ട്ടിയുടെ നേതാക്കള്‍ പങ്കെടുത്തിരുന്നു.
സി.പി.ഐ.എം, സി.പി.ഐ., തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ആര്‍.എല്‍.ഡി. തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തിനെത്തിയിരുന്നു. ചൊവ്വാഴ്ചയായിരുന്നു എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തത്.