national news
'രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണം'; സുപ്രീംകോടതി വിധിക്ക് പിന്നാലെ രാഹുലിനെതിരെ കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 14, 08:52 am
Thursday, 14th November 2019, 2:22 pm

ന്യൂദല്‍ഹി: ചൗകീദാര്‍ ചോര്‍ ഹേ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തലാണ് മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

സുപ്രീംകോടതിയില്‍ മാപ്പു പറഞ്ഞാല്‍ പോരെന്നും പൊതുജനത്തോട് ക്ഷമ ചോദിക്കണമെന്നും രവി ശങ്കര്‍ പറഞ്ഞു.

വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ പരാതിയാണ് സുപ്രീംകോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് രവി ശങ്കറിന്റെ പ്രസ്താവന.

ഹരജി തള്ളിയ കോടതി, ഭാവിയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് രാഹുലിനോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഫാല്‍ കരാറിലെ ഇടപെടലിനെ വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇത് ക്രിമിനല്‍ക്കുറ്റമാണെന്നു വാദിച്ച് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ രാഹുല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലേഖിയെ പിന്തുണച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി രംഗത്തെത്തുകയും സുപ്രീംകോടതിയോട് വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ