ന്യൂദല്‍ഹി: എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജനശബ്ദം ഉയരാന്‍ അനുവദിക്കുന്നില്ലെന്നും കേസുകളില്‍ കുടുക്കി ജയിലിലിടുക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
താന്‍ പറയുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രകോപിതരാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. എം.പിമാരുടെ പ്രതിഷേധത്തിനിടെ രാവിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
സത്യങ്ങള്‍ എത്ര പറയുന്നുവോ, അത്രയും ആക്രമണം തനിക്കെതിരെ നടക്കുകയാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈനയുടെ കടന്നുകയറ്റം അങ്ങനെ പല വിഷയങ്ങളും ഉയര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ സമരം. അതിനെ അക്രമത്തിലൂടെ പ്രതിരോധിക്കുകയാണ് പൊലീസെന്നും രാഹുല്‍ വ്യക്തമാക്കി.
ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലാണ്. എല്ലായിടത്തും അവരുടെ ആളുകളെ നിയോഗിച്ചിരിക്കുന്നു. സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ എവിടെയാണെന്നും രാഹുല്‍ ചോദിച്ചു.
ഇതിനിടയില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ദല്‍ഹി പൊലീസില്‍ നിന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് കിട്ടിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പൊലീസ് നടപടി കാര്യമാക്കുന്നില്ലെന്നും സമരം തുടരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇ.ഡി രാജ്യത്തെ സൂപ്പര്‍ പട്ടാളമായി മാറിയിരിക്കുകയാണെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സഭ നടക്കുമ്പോള്‍ സമന്‍സ് അയച്ച് രാജ്യസഭ പ്രതിപക്ഷ നേതാവിനെ ഇ.ഡി വിളിപ്പിക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത നടപടിയാണ്. സഭയിലെ മര്യാദകള്‍ക്ക് വിരുദ്ധമാണിത്. ഇ.ഡി നടപടിയെ നിയമപരമായി നേരിടാന്‍ ഭയമില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
#WATCH | Congress leader Priyanka Gandhi Vadra arrives at party HQ in Delhi. The party has called a nationwide protest today against unemployment and inflation. pic.twitter.com/fBj3IBIR2m
— ANI (@ANI) August 5, 2022