ചെന്നൈ: ഭാരത് ജോഡോ യാത്രയെയും രാഹുല്‍ ഗാന്ധിയെയും അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. രാഹുലിന്റെ ജോഡോ യാത്രയിലെ പ്രസംഗങ്ങള്‍ രാജ്യത്തെ ജനങ്ങളെ രോമാഞ്ചം കൊള്ളിക്കുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.
ചെന്നൈയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. ഗോപണ്ണ നെഹ്റുവിനെ കുറിച്ച് എഴുതിയ ‘മാമനിതാര്‍ നെഹ്റു’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയ സഹോദരന്‍ രാഹുല്‍ ഭാരത് ജോഡോ യാത്ര നടത്തുകയാണെന്നും കന്യാകുമാരിയില്‍ നിന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.
‘രാഹുലിന്റെ പ്രസംഗങ്ങള്‍ രാജ്യത്തെ ജനങ്ങളെ രോമാഞ്ചം കൊള്ളിക്കുകയാണ്. അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയമോ കക്ഷി രാഷ്ട്രീയമോ അല്ല പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. അതുകൊണ്ടാണ് ചില വ്യക്തികള്‍ അദ്ദേഹത്തെ ശക്തമായി എതിര്‍ക്കുന്നത്.
അദ്ദേഹം ചിലപ്പോള്‍ നെഹ്‌റുവിനെ പോലെയാണ് സംസാരിക്കുന്നത്. നെഹ്‌റുവിന്റെ കൊച്ചുമകന്‍ അങ്ങനെ സംസാരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും അനന്തരാവകാശികള്‍ നടത്തുന്ന പ്രസംഗങ്ങള്‍ ഗോഡ്സെയുടെ പിന്‍ഗാമികളില്‍ കയ്പുണ്ടാക്കും.
രാജ്യത്ത് മതേതരത്വവും സമത്വവും നിലനിര്‍ത്താന്‍ ജവഹര്‍ലാല്‍ നെഹ്റുവിനെയും മഹാത്മാ ഗാന്ധിയെയും പോലുള്ള നേതാക്കളെ ആവശ്യമാണ്. നെഹ്റു യഥാര്‍ഥ ജനാധിപത്യവാദിയായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രതീകമായിരുന്നു. അതുകൊണ്ടാണ് എല്ലാ ജനാധിപത്യ ശക്തികളും അദ്ദേഹത്തെ വാഴ്ത്തുന്നത്,’ സ്റ്റാലിന്‍ പറഞ്ഞു.
നെഹ്‌റു പ്രതിപക്ഷ അഭിപ്രായങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നെന്നും എന്നാല്‍ ഇന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ പ്രധാനപ്പെട്ട വിഷയങ്ങള്‍ പോലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.