ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെച്ച രാഹുല്‍ ഗാന്ധി തിരിച്ച് സ്ഥാനമേറ്റെടുക്കണമെന്ന് പലരും പല ഘട്ടങ്ങളിലായി ആവശ്യപ്പെട്ടിരുന്നു. അപ്പോഴെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു അദ്ദേഹം. അമ്മ സോണിയ ഗാന്ധിയില്‍നിന്നും ഉത്തരവാദിത്വമേറ്റെടുത്ത് രാഹുല്‍ പദവില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പല നേതാക്കളും പ്രവര്‍ത്തകരും.
135 വര്‍ഷം പഴക്കമുള്ള പാര്‍ട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്തം രാഹുല്‍ ഏറ്റെടുക്കുകയാണെങ്കില്‍ ഇനി വെല്ലുവിളികള്‍ ഏറെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ ആദ്യം നേരിടുന്ന പ്രതിസന്ധി ഒരു ടീമിനെ ഉണ്ടാക്കിയെടുക്കല്‍ തന്നെയാവും.
രാഹുലിന്റെ രാജിക്ക് പിന്നാലെ യുവ നേതൃത്വത്തിനിടയില്‍ വിള്ളലുകളും വിയോജിപ്പുകളും ഏറി വരുന്നുണ്ട്. രാഹുല്‍ നിയമിച്ച പലരും ഇപ്പോള്‍ കളത്തിലെങ്ങുമില്ല.
രാഹുലിന്റെ അടുപ്പക്കാരായിരുന്ന പല സംസ്ഥാനാധ്യക്ഷന്‍മാരും പാര്‍ട്ടി വിട്ടു. ഹരിയാനയില്‍നിന്നും അശോക് തന്‍വാര്‍, ത്രിപുരയില്‍നിന്നും പ്രദ്യോത് ദേബ് ബര്‍മന്‍, ജാര്‍ഖണ്ഡില്‍നിന്നും അജോയ് കുമാര്‍ എന്നിവര്‍ അവരില്‍ ചിലരാണ്.
2015ല്‍ ദല്‍ഹി അധ്യക്ഷനായി ചുമതലയേറ്റെടുത്ത അജയ് മാക്കനും 2019ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ഥാനമൊഴിഞ്ഞിരുന്നു.
മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. സിന്ധ്യയും രാഹുലുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവായിരുന്നു.
രാഹുല്‍ നിയമിച്ച മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപവും മിലിന്ദ് ദിയോറയും ചുമതലയൊഴിഞ്ഞു. പാര്‍ട്ടിക്കുള്ളില്‍നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണ് ഇരുവരും പിന്മാറിയതെന്നാണ് ഉയരുന്ന അഭ്യൂഹം.
രാഹുല്‍ ഗാന്ധി രാജിവെച്ച് 13 മാസങ്ങള്‍ക്കകം ഇത്രയധികം പ്രധാന ടീമംഗങ്ങള്‍ പിന്‍വാങ്ങിയത് എന്തുകൊണ്ടെന്നാണ് ഉയരുന്ന ചോദ്യം.
അങ്ങനെ സംഭവിച്ചു എന്നത് യാദൃശ്ചികമാണെന്ന് കരുതുകയാണെന്നാണ് സഞ്ജയ് നിരുപം പറയുന്നത്. അതിന് പിന്നില്‍ എന്തെങ്കിലും തന്ത്രമോ നീക്കമോ ഉണ്ടായിരുന്നതായി അറിയില്ലെന്നും അദ്ദേഹം പറയുന്നു.
രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിക്കുകയും തെരഞ്ഞെടുക്കുകയും ചുമതലപ്പെടുത്തുകയും ചെയ്ത ടീമിനെ പാര്‍ട്ടിക്കുള്ളിലെ കാരണവന്‍മാര്‍ തഴഞ്ഞെന്നാണ് പൊതുവിലുള്ള അഭിപ്രായം. ദേശീയ നേതാക്കളെ തൃപ്തിപ്പെടുത്താന്‍ രാഹുലിന്റെ ടീമിന് കഴിഞ്ഞില്ലെന്നാണ് മറ്റൊരു വാദം.
‘പുതിയ നേതൃത്വം കെട്ടിപ്പെടുക്കുന്നതിലും പരിഷ്‌കാരങ്ങളും പുതിയ സംരംഭങ്ങളും കൊണ്ടുവരുന്നതിലും മികച്ച കാഴ്ചപ്പാടും കഴിവുമുള്ള വ്യക്തിയായിരുന്നു രാഹുല്‍ ഗാന്ധി. പക്ഷേ, അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെ ഞങ്ങളുടെ വാക്കുകള്‍ക്ക് വിലയില്ലാതെയായി’, അശോക് തന്‍വാര്‍ പറയുന്നതിങ്ങനെ.
‘ചുമതലയൊഴിഞ്ഞവരാരും രാഹുല്‍ ഗാന്ധിയുടെ മേല്‍ പഴിചാരാന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഏറ്റവും ധൈര്യവും മനസുമുള്ള നേതാവാണ് രാഹുല്‍ എന്നാണ് ഞാന്‍ കരുതുന്നത്’, എന്നാണ് രാഹുലിന്റെ രാജിക്ക് പിന്നാലെ ജാര്‍ഖണ്ഡില്‍നിന്നും പാര്‍ട്ടി വിട്ട അജോയ് കുമാര്‍ പറയുന്നത്. ഇദ്ദേഹം കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
പാര്‍ട്ടിക്കുള്ളിലെ നേതൃത്വത്തിന്റെ അഭാവം മൂലമാണ് താന്‍ രാജിവെച്ചതെന്നാണ് കോണ്‍ഗ്രസ് ത്രിപുര അധ്യക്ഷനായിരുന്ന പ്രദ്യോത് ദേബ് ബര്‍മാന്‍ പറയുന്നത്. പാര്‍ട്ടിയുടെ നയങ്ങളില്‍ സ്ഥിരതയില്ല. പഴയ നേതാക്കള്‍ക്ക് നയിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ പട്ടികയെക്കുറിച്ച് അസമിലും ത്രിപുരയിലും കോണ്‍ഗ്രസ് വ്യത്യസ്ത നിലപാടുകളുണ്ടായത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.