national news
'കോണ്‍ഗ്രസ് അദ്ദേഹത്തിന് ജീവനും ശ്വാസവുമായിരുന്നു'; അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 25, 02:44 am
Wednesday, 25th November 2020, 8:14 am

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു തൂണ്‍ എന്നനിലയില്‍ എന്നും എക്കാലത്തും അഹമ്മദ് പട്ടേല്‍ ഓര്‍മിക്കപ്പെടുമെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

‘ഇന്ന് ഏറെ ദുഃഖകരമായ ഒരു ദിവസമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു തൂണായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസായിരുന്നു അദ്ദേഹത്തിന്റെ ജീവനും ശ്വാസവും.  ഏറ്റവും ബുദ്ധിമുട്ടേറിയ ഓരോ ഘട്ടത്തിലും അദ്ദേഹം കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടു. കോണ്‍ഗ്രസിന് അദ്ദേഹം വലിയൊരു മുതല്‍ക്കൂട്ടായിരുന്നു. നമ്മള്‍ അദ്ദേഹത്തെ മിസ് ചെയ്യും. ഫൈസലിനോടും മുംതാസിനോടും കുടുംബത്തോടും എന്റെ സ്‌നേഹവും അനുശോചനവുമറിയിക്കുന്നു,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെ 3.30ഓടെ മേദാന്ത ആശുപത്രിയില്‍വെച്ചായിരുന്നു അഹമ്മദ് പട്ടേലിന്റെ അന്ത്യം. 71 വയസ്സായിരുന്നു.

കൊവിഡ് ബാധിച്ച് ഒരു മാസത്തോളം ചികിത്സയിലായിരുന്നു അദ്ദേഹം. ഇടയ്ക്ക് ആരോഗ്യ നില വഷളാവുകയും അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തിരുന്നതായി മരണ വിവരം പങ്കുവെച്ച മകന്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.

അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.

അഹമ്മദ് പട്ടേലിന്റെ വിയോഗം ഏറെ സങ്കടപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എപ്പോഴും ഓര്‍മിക്കപ്പെടും. മകന്‍ ഫൈസലിനെ വിളിച്ച് എന്റെ അനുശോചനമറിയിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് ആത്മശാന്തി നേരുന്നു എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Rahul Gandhi pays tribute to Congress veteran Ahmed Patel