Advertisement
Daily News
ഗുജറാത്തില്‍ രാഹുല്‍ഗാന്ധിയ്ക്ക് ലഭിച്ചത് വന്‍സ്വീകരണം: വാക്കുകള്‍ക്ക് കൈയ്യടിച്ച് ഗുജറാത്തി ജനത
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 11, 08:33 am
Wednesday, 11th October 2017, 2:03 pm

വഡോദര: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് ഗുജറാത്തില്‍ ലഭിച്ചത് വന്‍ സ്വീകരണം. മുദ്രാവാക്യം വിളിച്ചും അഭിവാദ്യമര്‍പ്പിച്ചും വന്‍ജനക്കൂട്ടമായിരുന്നു റോഡുകളില്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

വഴിയോരത്തെ കെട്ടിടങ്ങളുടെ വരാന്തകളിലും മറ്റും പൊള്ളുന്ന ചൂടിനെ അവഗണിച്ച് നിരവധി പേരാണ് മണിക്കൂറുകളോളം അദ്ദേഹത്തെ കാത്തിരുന്നത്.

മൂന്നുദിവസത്തെ തെരഞ്ഞെടുപ്പു കാമ്പെയ്‌നിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തിയത്. രാഹുല്‍ഗാന്ധിയ്ക്ക് ലഭിച്ച സ്വീകരണം ഗുജറാത്തിലെ നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും വലിയ ആവേശം ജനിപ്പിച്ചു.

കര്‍ജാന്‍ നഗരത്തിലെ പൊതുയോഗത്തില്‍ ജനക്കൂട്ടം വളരെ ആവേശത്തോടെയാണ് രാഹുലിന്റെ വാക്കുകള്‍ കേട്ടത്. “നരേന്ദ്രമോദിജി മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്ന വേളയില്‍ ഗുജറാത്തിന്റെ പൊതുകടം 6000 കോടിയായിരുന്നു. ഇപ്പോഴിത് രണ്ടുലക്ഷം കോടിയായി. എവിടെയാണ് ഈ പണം ചിലവഴിച്ചത്?” എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ “കള്ളന്മാര്‍” എന്നായിരുന്നു ജനക്കൂട്ടത്തിന്റെ പ്രതികരണം.


Must Read: ജനരക്ഷായാത്രയുടെ പരാജയം: അന്വേഷണം നടത്തി നേതാക്കള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പിയിലെ ഒരുവിഭാഗം


കര്‍ഷകര്‍ക്കോ, തൊഴിലാളികള്‍ക്കോ, വിദ്യാര്‍ഥികള്‍ക്കോ ചെറുകിട കര്‍ഷകര്‍ക്കോ ഇതുകൊണ്ട് ഗുണമുണ്ടായോയെന്ന് രാഹുല്‍ ചോദിച്ചപ്പോള്‍ ” ഇല്ല” എന്ന് കൂടിനിന്നവര്‍ പറഞ്ഞു.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികള്‍ക്കെതിരായ അധിക്ഷേപത്തെ രാഹുല്‍ വിമര്‍ശിച്ചപ്പോള്‍ കയ്യടിയോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. ബേട്ടി ബചാഓ ബേട്ടി പഠാവോ പോലുള്ള പ്രസംഗങ്ങള്‍ക്ക് അപ്പുറം പെണ്‍കുട്ടികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. പകരം അമിത് ഷായുടെ ബേട്ടയെ രക്ഷിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചിരുന്നു.