ന്യൂദല്‍ഹി: ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ ‘ഇന്ത്യയുടെ വൈവിധ്യം അതിന്റെ ബലഹീനതയല്ല, ശക്തിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ 23 ഭാഷകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ട്വീറ്റിലൂടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.
‘ഇന്ത്യയുടെ പല ഭാഷകളും അതിന്റെ ബലഹീനതയല്ല’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 23 ഭാഷകള്‍ പരാമര്‍ശിക്കുന്നതിനൊപ്പം ഓരോ ഭാഷയുടേയും കൂടെ രാഹുല്‍ ഇന്ത്യന്‍ ദേശീയ പതാകയും പോസ്റ്റ് ചെയ്തിരുന്നു.
കര്‍ണ്ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നട പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലെന്നും അതില്‍ വിട്ടു വീഴ്ച്ചയില്ലെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും പറഞ്ഞിരുന്നു.
ഒരു രാജ്യം, ഒരു ഭാഷ എന്ന നിര്‍ദേശം തികച്ചും ഏകാധിപത്യപരമാണെന്ന് എം.ടി വാസുദേവന്‍ നായര്‍ വ്യക്തമാക്കി.
ഹിന്ദി ഇന്ത്യയുടെ പ്രാഥമിക ഭാഷയാക്കണമെന്നും ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം.