Sabarimala
പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുത്: 'ജഡ്ജി മാറും', പ്രതീക്ഷയുണ്ട്: രാഹുല്‍ ഈശ്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 28, 06:27 am
Friday, 28th September 2018, 11:57 am

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുമതിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്ന് രാഹുല്‍ ഈശ്വര്‍.

ജെല്ലിക്കെട്ടിന്റെ കാര്യത്തിലൊക്കെ സംഭവിച്ചതുപോലെ ഇവിടെയും സംഭവിച്ചുകൂടായ്കയില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. ശബരിമല വിധിയില്‍ നീതി ലഭിച്ചില്ല. കോടതിയില്‍ നിന്ന് ബാലന്‍സ്ഡ് ആയുള്ള വിധി പോലുമല്ല വന്നത്. ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെട്ട രീതി ശരിയായില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മാത്രമല്ല ഒക്ടോബര്‍ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നതും പ്രതീക്ഷ തരുന്നതാണ്.


ആര്‍ത്തവ കാലത്ത് ഏത് ക്ഷേത്രത്തിലും ഇനി സ്ത്രീകള്‍ക്ക് പ്രവേശിക്കാം; ചട്ടം 3 ബി സുപ്രീം കോടതി റദ്ദാക്കി


ഇത് മണ്ഡലകാലമാണ്. ശബരിമല അടച്ച സമയമാണ്. ഒക്ടോബര്‍ 16 വരെ റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ സമയമുണ്ട്. ഇതിനിടയില്‍ ജനങ്ങളില്‍ നിന്നും പ്രതിഷേധമോ മറ്റ് അക്രമ സംഭവങ്ങളോ ഉണ്ടായാല്‍ അത് ഭക്തരുടെ വികാരമായി മാത്രം കാണേണ്ടി വരും. ആ സമയത്ത് ആരും ചോദിക്കാനായി വരരുത്.

ശക്തമായ പ്രതിഷേധം തന്നെ ഇക്കാര്യത്തില്‍ അറിയിക്കുകയാണ്. ഭരണഘടന നമുക്ക് റിവ്യൂ ഓപ്ഷന്‍ തരുന്നുണ്ട്. അത്തരത്തില്‍ ആലോചിച്ച ശേഷം റിവ്യൂ പെറ്റീഷനുമായി മുന്നോട്ടോപോകും.

ഇത്തരമൊരു വിധിയില്‍ റിവ്യൂ പെറ്റീഷനുമായി പോയില്ലെങ്കില്‍ വരും തലമുറ തങ്ങളോട് ചോദിക്കും. തങ്ങള്‍ സ്വന്തം വിശ്വാസത്തില്‍ നിന്നും മാറിപ്പോയെന്ന് അവര്‍ പറഞ്ഞാല്‍ അതില്‍ മറുപടി പറയാന്‍ ഉണ്ടാവില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.