കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തെ ഞങ്ങള്‍ എത്ര ശക്തിയോടെ എതിര്‍ക്കുന്നുവോ അത്ര ശക്തിയോടെ ടി.ജി മോഹന്‍ദാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹരജി എതിര്‍ക്കുമെന്നും പരാജയപ്പെടുത്തുമെന്നും രാഹുല്‍ ഈശ്വര്‍. യുവതീ പ്രവേശനം അയ്യപ്പന്റെ പ്രതിഷ്ടാ സങ്കല്‍പ്പങ്ങള്‍ക്ക് എത്രമാത്രം വിരുദ്ധമാണോ അതുപോലെ അയ്യപ്പന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണ് ടി.ജി മോഹന്‍ദാസിന്റെ വര്‍ഗീയവാദപരമായ ഹരജി. അത് ഒരു കാരണ വശാലും അംഗീകരിക്കില്ല. അതിനെ ഏതു വിധേനയും പരാജയപ്പെടുത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ടി.ജി മോഹന്‍ദാസിന്റെ ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേര്‍ന്ന് അയ്യപ്പ കര്‍മ സേനയും താനും ശക്തമായി എതിര്‍ക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കൂടാതെ ആര്‍.എസ്.എസ് സംഘടന ശബരിമല സമരത്തിന്റെ ഭാഗമല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തീവ്ര നിലപാടുള്ള വ്യക്തികളാണ് ശബരിമലയില്‍ ആക്രമണങ്ങല്‍ നടത്തിയത്, അല്ലാതെ ആര്‍.എസ്.എസ് അല്ലാ എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് ഒരു കാരണവശാലും ശബരിമലയുടെ കാശെടുത്ത് ശബരിമലക്ക് എതിരായി വാദിക്കരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. “ശബരിമലയുടെ കാശെടുത്ത് ശബരിമലക്ക് എതിരായി വാദിക്കുന്നത് മര്യാദ കേടും വൃത്തികെട്ട പരിപാടിയുമാണ്. ദേവസ്വം ബോര്‍ഡ് ശബരിമലയുടെ കാശെടുത്ത് വാദിക്കുകയാണെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ ഹുണ്ടികയില്‍ കാശിടരുത് എന്ന് വിശ്യാസികളോട് പറയും.
അയ്യപ്പനെ വിശ്വസിച്ചു ഇടുന്ന കാശ് അയ്യപ്പനെതിരേ വാദിക്കാന്‍ ഉപയോഗിക്കുകയാണെങ്കില്‍ ഏതെങ്കിലും തീവ്ര വിശ്വാസികള്‍ ഇതിനെ എതിര്‍ത്താല്‍ അത് തടയില്ല. 13ാം തിയ്യതിക്ക് ശേഷം ദേവസ്വം ബോര്‍ഡ് ശബരിമലയിലെ കാശെടുത്ത് അയ്യപ്പനെതിരെ വാദിക്കുകയാണെങ്കില്‍ ഞാനടക്കമുള്ള ഭക്തര്‍ തീവ്ര പ്രതിഷേധത്തിലേയ്ക്ക് പോകും. തിരിച്ചടികള്‍ ഉണ്ടാകും. ഒരു സംശയവും വേണ്ട” രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
“1248 ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ട്. ഭക്തര്‍ ഹുണ്ടികയില്‍ കാശ് ഇട്ടില്ലെങ്കില്‍ ഈ ക്ഷേത്രങ്ങള്‍ നിലനില്‍ക്കില്ല. കോടിക്കണക്കിനു ഭക്തര്‍ വരുന്നതു കൊണ്ടാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വരുന്ന ഭക്തരോട് ശബരിമലയില്‍ പണം ഇടരുതെന്ന് കാംമ്പയിന്‍ ചെയ്യുമെന്നും” രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
“ശബരിമല എല്ലാ ജാതിക്കാര്‍ക്കും മതക്കാര്‍ക്കും പ്രവേശനമുണ്ടായിരുന്ന ക്ഷേത്രമാണ്. ഇസ്‌ലാമിക ബിംബമായിരുന്ന വാവര്‍ക്ക് അവിടെ പ്രതിഷ്ഠയുണ്ട്. വാവര്‍ സ്വാമിയെ വര്‍ഗീയ കണ്ണിലൂടെ നോക്കുന്നത് അപലപനീയമാണെ്. മുസ്‌ലിം വിരോധവും ക്രിസ്റ്റ്യന്‍ വിരോധവും ഉള്ള ആളുകളാണ് ശബരിമലക്കെതിരെ പ്രചരണം നടത്തുന്നത്.
ഇവരില്‍ ചില ആളുകളാണ് അര്‍ത്തുങ്കല്‍ പള്ളി പൊളിച്ച് ശിവ ക്ഷേത്രം വേണമെന്നു പറഞ്ഞത്. ഇത് അപരമത വിദ്വേഷമാണ്. യുവതീ പ്രവേശനം വേണ്ട എന്ന് പറഞ്ഞ് ഞാന്‍ അടക്കമുള്ളവര്‍ പോരാടുമ്പോള്‍ അതിനെ പിന്തുണക്കാതെ ശബരിമല ഹിന്ദു ക്ഷേത്രമാണെന് പറയുന്നവര്‍ക്ക് മുസ്‌ലിം വിരോധവും ക്രിസ്റ്റ്യന്‍ വിരോധവുമാണ്.
പി.സി ജോര്‍ജ് അടക്കമുള്ള ആളുകള്‍ ശബരിമലക്ക് വേണ്ടി നിരാഹാരമിരുന്നു. സുന്നി സംഘടനകള്‍, ജമാഹത്ത് ഇസ്‌ലാമി, എം.ഇ.എസ്, മുസ്‌ലിം ലീഗ് തുടങ്ങിയ സംഘടനകള്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. അമ്പലത്തെ സംരക്ഷിക്കണം എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍, വര്‍ഗീയ വാദമാണെന്നും ജാതീയതയാണെന്നും പറഞ്ഞു. ഞങ്ങളെ ഇതൊക്കെ പറഞ്ഞു മുദ്രകുത്താന്‍ ശ്രമിക്കുകയാണ്. സേവ് ശബരിമല എന്നു പറഞ്ഞ ഇത്രയും ബഹുസ്വരമായ മറ്റൊരൂ സമരവും ഉണ്ടായിട്ടില്ലെന്നും” രാഹുല്‍ ഈശ്വര്‍ പറഞ്ഞു.