നല്ല കാശ് കിട്ടുമെങ്കില്‍ ഞാന്‍ തന്നെ ചെയ്‌തോളാം, വേറെ ആരെയും വിളിക്കേണ്ട; ഞെട്ടിച്ച് ഇന്ത്യയുടെ വന്‍മതില്‍
Sports News
നല്ല കാശ് കിട്ടുമെങ്കില്‍ ഞാന്‍ തന്നെ ചെയ്‌തോളാം, വേറെ ആരെയും വിളിക്കേണ്ട; ഞെട്ടിച്ച് ഇന്ത്യയുടെ വന്‍മതില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd August 2024, 8:45 am

ഇന്ത്യന്‍ ഇതിഹാസം യുവരാജ് സിങ്ങിന്റെ ബയോപിക് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തത്. എം.എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറിക്ക് ശേഷം ക്രിക്കറ്റില്‍ നിന്നും വെള്ളിത്തിര കീഴടക്കുന്ന ഐറ്റം തന്നെയാകും യുവരാജ് സിങ്ങിന്റെ ചിത്രമെന്ന കാര്യത്തിലും സംശയമില്ല.

ധോണിയുടെ ബയോപിക്കില്‍ യുവരാജിനെ കുറിച്ച് സുശാന്ത് സിങ്ങിന്റെ കഥാപാത്രം നരേറ്റ് ചെയ്യുന്ന ഒരു സീനുണ്ട്. ആരാണ് യുവരാജ് എന്നും ബീഹാറിനെതിരെ അദ്ദേഹം എങ്ങനെയാണ് വണ്‍ മാന്‍ റെക്കിങ് ബോള്‍ എന്ന നിലയില്‍ ബാറ്റ് ചെയ്തതെന്നും ധോണി തന്റെ സുഹൃത്തുക്കള്‍ക്ക് വിവരിക്കുന്ന സീന്‍. ഇത് കണ്ടതോടെ യുവരാജിന്റെ ബയോപിക് എന്നത് ആരാധകരും ആഗ്രഹിച്ചുതുടങ്ങി.

 

ഏറെ കാത്തിരുന്ന യുവരാജ് സിങ്ങിന്റെ ബയോപിക് പ്രഖ്യാപിച്ചതോടെ മറ്റ് താരങ്ങളുടെയും ബയോപിക്കുകള്‍ വൈകാതെയെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അത്തരത്തിലുള്ള ചര്‍ച്ചകളിലേക്കാണ് രസകരമായ രീതിയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇന്ത്യയെ ലോകകപ്പ് ചൂടിച്ച പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് കടന്നുവന്നിരിക്കുന്നത്. തന്റെ ബയോപിക്കില്‍ ഏത് നടന്‍ രാഹുല്‍ ദ്രാവിഡിന്റെ റോള്‍ ചെയ്യണമെന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കിയാണ് ദ്രാവിഡ് ഒരിക്കല്‍ക്കൂടി ചര്‍ച്ചകളുടെ ഭാഗമായത്.

‘രാഹുല്‍ ദ്രാവിഡിന്റെ ബയോപിക്കില്‍ ആര് നായകനാകണം,’ എന്ന ചോദ്യത്തിന് ‘മികച്ച പ്രതിഫലം നല്‍കുകയാണെങ്കില്‍ ഞാന്‍ തന്നെ എന്റെ റോള്‍ അവതരിപ്പിക്കാം,’ എന്നായിരുന്നു ദ്രാവിഡിന്റെ മറുപടി. സിയറ്റ് ക്രിക്കറ്റ് അവാര്‍ഡ്‌സിനിടെയാണ് ദ്രാവിഡ് ഇക്കാര്യം സംസാരിച്ചത്.

 

അതേസമയം, ടി-സീരീസിലെ ഭൂഷണ്‍ കുമാറും 200 നോട്ട് ഔട്ട് സിനിമയുടെ രവി ഭാഗ്ചന്ദ്കയും ചേര്‍ന്നാണ് യുവരാജ് സിങ്ങിന്റെ ബയോപിക് ഒരുക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്.

ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.

സ്വന്തം വെല്ലുവിളകളെ അതിജീവിക്കാന്‍ ഈ ചിത്രം മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്നാണ് ബയോപിക് വാര്‍ത്തകളോട് പ്രതികരിച്ച് യുവരാജ് സിങ് പറഞ്ഞത്.

”ഭൂഷണ്‍ ജിയും രവിയും ചേര്‍ന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് വേണ്ടി എന്റെ കഥ സിനിമയായി അവതരിപ്പിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ക്രിക്കറ്റ് തന്നെയായിരുന്നു ഓരോ ഉയര്‍ച്ചയിലും താഴ്ചയിലും എന്റെ ഏറ്റവും വലിയ സ്നേഹവും ശക്തിയുടെ ഉറവിടവുമായി നിന്നത്.

സ്വന്തം വെല്ലുവിളികളെ അതിജീവിക്കാനും അവരുടെ സ്വപ്നങ്ങളെ അചഞ്ചലമായ അഭിനിവേശത്തോടെ പിന്തുടരാനും ഈ സിനിമ മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’മിഡ് ഡേയിലൂടെ യുവരാജ് പറഞ്ഞു.

 

Content highlight: Rahul Dravid joked that he would act in his own biopic if he was paid better