ആ മോഹൻലാൽ ചിത്രം പരാജയപ്പെട്ടപ്പോൾ എനിക്കൊരു വിഷമവും തോന്നിയില്ല: രഘുനാഥ് പാലേരി
Entertainment
ആ മോഹൻലാൽ ചിത്രം പരാജയപ്പെട്ടപ്പോൾ എനിക്കൊരു വിഷമവും തോന്നിയില്ല: രഘുനാഥ് പാലേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th October 2024, 5:12 pm

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത് 2000ത്തില്‍ റിലീസ് ചെയ്ത ചിത്രമാണ് ദേവദൂതന്‍. മിസ്റ്ററി ഹൊറര്‍ ഴോണറില്‍ പെടുന്ന ചിത്രം അന്നത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞിരുന്നു.

24 വര്‍ഷങ്ങള്‍ക്ക് ശേഷം സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്‌റ്റേര്‍ഡ് വേര്‍ഷനായി ദേവദൂതൻ അണിയറപ്രവര്‍ത്തകര്‍ ഒരിക്കല്‍കൂടി ബിഗ്‌ സ്‌ക്രീനിലെത്തിക്കാൻ സാധിച്ചു. അനാവശ്യമായിട്ടുള്ള രംഗങ്ങള്‍ മുറിച്ചുമാറ്റി റീ റിലീസ് ചെയ്ത ദേവദൂതനെ പ്രേക്ഷകര്‍ സ്വീകരിച്ചു. പഴയതിലും മികച്ച ശബ്ദമികവില്‍ വന്ന ചിത്രത്തിന്റെ തിരിച്ചുവരവ് സിനിമാപ്രേമികള്‍ ആഘോഷമാക്കി മാറ്റുകയായിരുന്നു.

രഘുനാഥ് പാലേരിയായിരുന്നു ചിത്രത്തിന്റെ കഥ ഒരുക്കിയത്. രണ്ടായിരത്തിൽ ചിത്രം പരാജയപ്പെട്ടപ്പോൾ തനിക്ക് വിഷമമൊന്നും തോന്നിയില്ലെന്ന് പറയുകയാണ് രഘുനാഥ് പാലേരി. താനൊരു കഥ എഴുതി നൽകിയെന്നും എന്നാൽ പ്രേക്ഷകർക്ക് അത് വ്യത്യസ്‍ത രീതിയിലായിരിക്കും കിട്ടിയിട്ടുണ്ടാവുകയെന്നും രഘുനാഥ് പാലേരി പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവദൂതൻ ആദ്യമായി തിയേറ്ററിലെത്തി പരാജയപ്പെട്ടപ്പോഴും എനിക്ക് വിഷമമൊന്നും തോന്നിയില്ല. ആളുകൾ അത് സ്വീകരിക്കാതിരുന്നപ്പോഴോ, വാണിജ്യ വിജയം കിട്ടാതിരുന്നപ്പോഴോ എനിക്കൊന്നും തോന്നിയില്ല. എല്ലാവരും അങ്ങനെയാണലോ. സാമ്പത്തിക വിജയത്തിലൂടെയാണല്ലൊ ഒരു സിനിമയുടെ ക്വാളിറ്റി കണക്കാക്കുന്നത്.

ദേവദൂതന്റെ കളക്ഷൻ കുറഞ്ഞപ്പോഴും എനിക്കങ്ങനെ വിഷമമൊന്നും തോന്നിയില്ല. കാരണം എന്നെ സംബന്ധിച്ച് ആ ഫലം ഞാൻ പറിച്ച് നൽകിയതാണ്. അത് രുചിച്ചില്ല എന്ന് പറയുന്നതുകൊണ്ട് ആ ഫലം നല്ലതല്ല എന്നതിന് അർത്ഥമില്ലല്ലോ. ഒരു ദേവദൂതനാണ് ഞാൻ എഴുതിയതെങ്കിലും സിനിമ കണ്ട പ്രേക്ഷകർക്ക് കിട്ടുക നൂറ് ദേവദൂതനെയായിരിക്കും.

ഇപ്പോൾ എന്റെ പുതിയ സിനിമ ‘ഒരു കട്ടിൽ ഒരു മുറി’ എടുത്ത് നോക്കിയാലും ഞാനൊരു കഥ ഷാനവാസിന് എഴുതികൊടുത്തത് പ്രേക്ഷകൾ പക്ഷെ അതിൽ കാണുക നൂറ് മുറികളും നൂറ് കട്ടിലുകളുമൊക്കെയായിരിക്കും,’രഘുനാഥ് പാലേരി പറയുന്നു.

അതേസമയം പതിനെട്ട് വർഷങ്ങൾക്ക് ശേഷം രഘുനാഥ് പാലേരി തിരക്കഥയെഴുതുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസായിരുന്നു. ഷാനവാസ്.കെ.ബാവകുട്ടി സംവിധാനം ചെയ്ത ചിത്രത്തിൽ ഹക്കിം ഷാ, പൂർണിമ ഇന്ദ്രജിത് തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

Content Highlight: Raghunath Paleri Talk About Theater Response Of  Devadoothan Movie