Advertisement
Entertainment
വെളിച്ചപ്പാട് കേറിയ പോലെയായിരുന്നു ആ സീനില്‍ മോഹന്‍ലാല്‍ പെര്‍ഫോം ചെയ്തത്: രഘുനാഥ് പലേരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 26, 11:12 am
Friday, 26th July 2024, 4:42 pm

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത് 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതന്‍. ഇറങ്ങിയ സമയത്ത് പരാജയം നേരിടേണ്ടി വന്ന ചിത്രം കാലങ്ങള്‍ക്കിപ്പുറം സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളിലൊന്നായി മാറി. കാലം തെറ്റിയിറങ്ങിയ ചിത്രമെന്നാണ് പലരും ദേവദൂതനെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ 24 വര്‍ഷങ്ങള്‍ക്കിപ്പുറം 4k റീമാസ്റ്റേര്‍ഡ് വേര്‍ഷന്‍ തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തനിക്ക് മറക്കാനാകാത്ത മൊമന്റിനെക്കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് രഘുനാഥ് പലേരി. മോഹന്‍ലാല്‍ അവതരിപ്പിച്ച വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രം ജയപ്രദയെ കാണാന്‍ വേണ്ടി അവരുടെ ബംഗ്ലാവിലേക്ക് പോകുന്ന സീന്‍ മോഹന്‍ലാല്‍ ചെയ്തത് കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്ന് രഘുനാഥ് പലേരി പറഞ്ഞു.

ആ ഒരു സീനിലേക്ക് മോഹന്‍ലാല്‍ നടത്തിയ ട്രാന്‍സിഷന്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ലെന്ന് രഘുനാഥ് പലേരി പറഞ്ഞു. വെളിച്ചപ്പാട് കയറിയതുപോലെ ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ടാണ് ഓരോ ഷോട്ടും എടുത്തതെന്നും ഇന്നും ആ മൊമന്റ് തന്നെ കണ്മുന്നില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു രഘുനാഥ് പലേരി.

‘ഇത്ര കാലം കഴിഞ്ഞിട്ടും ദേവദൂതനില്‍ ഷൂട്ടിങ്ങിനിടയിലുണ്ടായ ഒരു മൊമന്റ് എനിക്ക് മറക്കാന്‍ പറ്റില്ല. വിശാല്‍ കൃഷ്ണമൂര്‍ത്തിക്ക് ആ കമ്പോസിഷന്‍ കിട്ടിയ ശേഷം അതിന്റെ നോട്ട്‌സും കൊണ്ട് അലീനയുടെ ബംഗ്ലാവിലേക്ക് പോകുന്ന സീനുണ്ട്. ആ ബംഗ്ലാവിലേക്ക് മോഹന്‍ലാല്‍ കയറിയതിന് ശേഷം പുള്ളി നടത്തിയ പെര്‍ഫോമന്‍സ് വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാകില്ല.

വെളിച്ചപ്പാട് ദേഹത്ത് കയറിയതു പോലെയാണ് ഓരോ ചെറിയ മൂവ്‌മെന്റ്‌സും പുള്ളി നടത്തിയത്. ആ കീബോര്‍ഡിലേക്ക് കൈ കൊണ്ട് പോകുന്ന സീനിലൊക്കെ വല്ലാത്ത പെര്‍ഫക്ഷനായിരുന്നു. എങ്ങനെയാണ് ആ സീന്‍ ചെയ്തതെന്ന് ലാലിനോട് ചോദിച്ചാല്‍ പുള്ളിക്ക് കൃത്യമായ മറുപടി ഉണ്ടാകില്ല. അത് എങ്ങനെ എഴുതി എന്ന് എന്നോട് ചോദിച്ചാല്‍ എനിക്കും മറുപടിയുണ്ടാകില്ല. ആ ഒരു ഫ്‌ളോയില്‍ സംഭവിക്കുന്ന ഒരുതരം മാജിക്കാണത്,’ രഘുനാഥ് പലേരി പറഞ്ഞു.

Content Highlight: Raghunath Paleri about Mohanlal’s perfomance in Devadoothan