തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത് റെക്കോഡിലേക്ക്; ചെന്നൈക്ക് കിട്ടിയ അടാര്‍ ഐറ്റം!
Cricket
തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത് റെക്കോഡിലേക്ക്; ചെന്നൈക്ക് കിട്ടിയ അടാര്‍ ഐറ്റം!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th March 2024, 3:55 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 63 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനാണ് സാധിച്ചത്.

ചെന്നൈ ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ രചിന്‍ രവീന്ദ്ര തകര്‍ത്തടിക്കുകയായിരുന്നു. 20 പന്തില്‍ 46 റണ്‍സാണ് രചിന്‍ നേടിയത്. ആറ് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് ന്യൂസിലാന്‍ഡ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 230 പ്രഹര ശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് രചിന്‍ രവീന്ദ്രയെ തേടിയെത്തിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആറാമത്തെ താരം എന്ന നേട്ടമാണ് രചിന്‍ സ്വന്തമാക്കിയത്. 46 റണ്‍സാണ് പവര്‍പ്ലേയില്‍ രചിന്‍ നേടിയത്.

 

ഐ.പി.എല്ലില്‍ ചെന്നൈക്കായി പവര്‍ പ്ലെയിന്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ്, എതിര്‍ ടീം, വര്‍ഷം എന്നീ ക്രമത്തില്‍

സുരേഷ് റെയ്‌ന-87-പഞ്ചാബ് കിങ്സ്-2014

മൊയിന്‍ അലി-59- രാജസ്ഥാന്‍ റോയല്‍സ്-2022

അജന്യ രഹാനെ-53 മുംബൈ ഇന്ത്യന്‍സ്- 2023

ഡെയ്ന്‍ ബ്രാവോ- 50- മുംബൈ ഇന്ത്യന്‍സ്- 2015

സുരേഷ് റെയ്‌ന-47- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- 2010

രചിന്‍ രവീന്ദ്ര-46- ഗുജറാത്ത് ടൈറ്റന്‍സ്-2024

രചിന് പുറമെ ചെന്നൈ ബാറ്റിങ്ങില്‍ ശിവം ദൂബെ രണ്ട് ഫോറുകളും അഞ്ച് സിക്‌സും ഉള്‍പ്പെടെ 23 പന്തില്‍ 51 റണ്‍സും നായകന്‍ ഋതുരാജ് ഗെയ്ക്വാദ് അഞ്ച് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 36 പന്തില്‍ 46 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

ഗുജറാത്ത് ബൗളിങ്ങില്‍ റാഷിദ് ഖാന്‍ രണ്ട് വിക്കറ്റും രവി ശ്രീനിവാസന്‍ സായ് കിഷോര്‍, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ ദീപക് ചഹര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പണ്ടെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിക്കൊണ്ട് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. 31 പന്തില്‍ 37 റണ്‍സ് നേടിയ സായ് സുദര്‍ശന്‍ ആണ് ഗുജറാത്ത് ബാറ്റിങ്ങിലെ ടോപ്‌സ്‌കോറര്‍.

ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് രണ്ടു വിജയത്തോടെ നാലു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സൂപ്പര്‍ കിങ്സ്. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും ഒരു വിജയവും ഒരു തോല്‍വിയും അടക്കം രണ്ടുപോയിന്റോടെ ആറാം സ്ഥാനത്താണ് ഗുജറാത്ത്.

മാര്‍ച്ച് 31ന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. വിശാഖപട്ടണം ആണ് വേദി. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസ് ഹൈദരാബാദാണ് ഗുജറാത്തിന്റെ എതിരാളികള്‍. അഹമ്മദാബാദില്‍ വെച്ചാണ് മത്സരം നടക്കുക.

Content Highlight: Rachin Ravindra is the  6th player to Most Runs Scored for CSK in an Inning in Powerplay in IPL