Kerala
സി.പി.ഐ.എമ്മില്‍ ഫ്യൂഡലിസം, യു.ഡി.എഫുമായി സന്ധിയില്ലാ സമരം തുടരും: ശെല്‍വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Mar 09, 06:42 am
Friday, 9th March 2012, 12:12 pm

നെയ്യാറ്റിന്‍കര:  യു.ഡി.എഫുമായി സന്ധിയില്ലാ സമരം തുടരുമെന്ന് മുന്‍ നെയ്യാറ്റിന്‍കര എം.എല്‍.എ ശെല്‍വ രാജ്.  യു.ഡി.എഫിലേക്ക് ചേരുന്നതിനേക്കാള്‍ നല്ലത് തനിക്ക് ആത്മഹത്യ ചെയ്യുന്നതാണെന്നും രാജികാരണം വിശദീകരിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തില്‍ ശെല്‍വരാജ് പറഞ്ഞു.

“സി.പി.ഐ.എം പ്രവര്‍ത്തകനായി തുടരും. പാര്‍ട്ടിയുടെ തത്വശാസ്ത്രത്തില്‍ അടിയുറച്ച് വിശ്വസിക്കാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെയും അംഗീകാരം വേണ്ട. യാതൊരു കാരണവശാലം യു.ഡി.എഫിലേക്കില്ല. അതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ്. ” ശെല്‍വരാജ് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിന്റെ മറ്റ് വിശദാശങ്ങള്‍:

വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനരംഗത്ത് വരികയും 1968 മുതല്‍ പാര്‍ട്ടി അംഗമായും 1998 മുതല്‍ ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കുകയും 2006 ല്‍ പാറശാലയിലും 2011 ല്‍ നെയ്യാറ്റിന്‍കരയിലും നിന്ന് മത്സരിച്ചു ജയിച്ചു നിയമസഭയില്‍ എത്തുകയും ചെയ്ത ഞാന്‍ സംസ്ഥാന നേതൃത്വത്തിന്റെ തെറ്റായ രാഷ്ട്രീയ നയങ്ങള്‍ക്കും തിരുവനന്തപുരം പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ വഴിപിഴച്ച പ്രവര്‍ത്തനങ്ങള്‍ക്കും എതിരായി പാര്‍ട്ടിക്കുള്ളില്‍ നടത്തിയ പോരാട്ടത്തിന്റെ പേരില്‍ അവഗണനയ്ക്കും അവഹേളനത്തിനും ഇരയായി വരികയായിരുന്നു. ഇതിന്റെ ഭാഗമായി എന്റെ പ്രവര്‍ത്തനമേഖലയായ പാറശ്ശാലയില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്നെ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതുതന്നെ, തോല്‍പ്പിച്ചു ഒറ്റപ്പെടുത്തുക എന്ന അജണ്ടയുടെ ഭാഗമായിട്ടായിരുന്നു. ജനങ്ങള്‍ക്ക് എന്നിലുള്ള വിശ്വാസം മൂലം പാര്‍ട്ടി നേതൃത്വത്തിന് ആ ലക്ഷ്യം നേടാനായില്ല.

ജനങ്ങളുടെ അവിശ്വാസവും പാര്‍ട്ടി അണികളുടെ അതൃപ്തിയും മൂലം പാറശാലയില്‍ എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി തോല്‍ക്കാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം എന്റെ തലയില്‍ കെട്ടിവച്ച് എന്നെ വേട്ടയാടാനാണ് പാര്‍ട്ടി തുടര്‍ന്നു ശ്രമിച്ചത്. ആ ശ്രമം ഇപ്പോഴും തുടരുകയാണ്. ഭരണസിരാകേന്ദ്രമായ തലസ്ഥാന ജില്ല ആയിരുന്നിട്ടുകൂടി തൊഴിലാളിവര്‍ഗ്ഗത്തിന്റെയും സാധാരണക്കാരുടെയും താല്പര്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ കമ്മ്യൂണിസ്റ്റ് തത്ത്വങ്ങളിലും മൂല്യങ്ങളിലും അടിയുറച്ചു നിലകൊണ്ട പാരമ്പര്യമാണ് തിരുവനന്തപുരത്തെ പാര്‍ട്ടിക്കുണ്ടായിരുന്നത്. എന്നാല്‍ മലപ്പുറം സംസ്ഥാന സമ്മേളനത്തിനുശേഷം സംസ്ഥാനത്ത് ഒട്ടാകെ നടപ്പാക്കപ്പെട്ട ഒരു പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പാര്‍ട്ടി നേതൃത്വം പൂര്‍ണ്ണമായും അധികാരദല്ലാള്‍മാരുടെയും കച്ചവടതാല്പര്യക്കാരുടെയും അധോലോക താല്പര്യങ്ങളുടെയും പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. പുതിയ സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യപ്രകാരവും ഒത്താശയോടെയുമാണ് ഈ മാറ്റം നടപ്പിലാക്കപ്പെട്ടത്. സത്യസന്ധതയും ജനസമ്മതിയുമുള്ള നിരവധി നേതാക്കന്മാരും പ്രവര്‍ത്തകരും പുതിയ നേതൃത്വത്തിന്റെ നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് പുറംന്തള്ളപ്പെടുകയും അവഗണന കൊണ്ട് നിഷ്‌ക്രിയരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ജില്ലാ നേതൃത്വത്തിലും ഏരിയാ നേതൃത്വത്തിലും പ്രാദേശിക തലങ്ങളിലും ദീര്‍ഘകാലത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാര്‍ നേതൃത്വത്തിന്റെ ഉപജാപഫലമായ കള്ളക്കേസുകള്‍ക്കും ദുരാരോപണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായി നിഷ്‌ക്രിയരാവുകയോ മറ്റു പാര്‍ട്ടികളില്‍ അഭയം തേടാന്‍ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ മേഖലകളില്‍ ഈ പ്രക്രിയ തുടരുകയാണ്. ഇതിന്റെ ഫലമായി ഇപ്പോള്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങളുടെ ഏജന്റുമാരായ ഒരു സാമൂഹ്യവിരുദ്ധ സംഘത്തിന്റെ പിടിയില്‍ പൂര്‍ണ്ണമായും അമര്‍ന്നിരിക്കുകയാണ് പാര്‍ട്ടിയെ അത്തരക്കാരില്‍ നിന്ന് രക്ഷിക്കാനുള്ള നേരിയ സാദ്ധ്യതപോലും ഇക്കഴിഞ്ഞ സംസ്ഥാനസമ്മേളനത്തോടെ ഇല്ലാതായിരിക്കുന്നു.

കാട്ടായിക്കോണം വി ശ്രീധറിനെപ്പോലെ പൊതുസമൂഹത്തില്‍ വന്‍അംഗീകാരം നേടിയ നേതാക്കളുടെ സ്ഥാനത്ത് ദല്ലാളുകളും കള്ളപ്പണക്കാരുടെ ബിനാമികളുമാണ് ഇന്ന് സി.പി.ഐ.എമ്മില്‍ തിരുവനന്തപുരം ജില്ലയില്‍ അടക്കിവാഴുന്നത്. സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്നത് ദല്ലാള്‍പണിയാണ്. മാലിന്യപ്രശ്‌നമടക്കമുള്ള ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നോക്കുക്കുത്തിയായി നില്‍ക്കുകയാണ് പാര്‍ട്ടി. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് പാര്‍ട്ടിയുടെ മേല്‍വിലാസത്തില്‍ സ്ഥാനമാനങ്ങള്‍ നേടി പണം കുന്നുകൂട്ടുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. സി.പി.ഐ.എമ്മിലെ തിരുവനന്തപുരം ജില്ലയിലെ പല നേതാക്കളും കണ്ണഞ്ചപ്പിക്കുന്ന രഹസ്യനിക്ഷേപങ്ങള്‍ക്ക് ഉടമകളാണ്. അതേസമയം പഴയ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചിലരുണ്ട് എന്നുള്ളത് ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ അവരെയെല്ലാം പാര്‍ട്ടിയില്‍ മൂലയ്ക്കിരുത്തിയിരിക്കുകയാണ്.

ഒരാള്‍ക്കെതിരെയുള്ള ആക്രമണമാണ് സംസ്ഥാന സമ്മേളനത്തിലുണ്ടായത്. ആര്‍ക്കെതിരെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. ഞാനത് പറയേണ്ടതില്ല. സംസ്ഥാന സമ്മേളനം കഴിഞ്ഞശേഷം ഇത്തരം ആക്രമണം തുടരുന്നുവെന്ന് ഞാന്‍ വെറുതെ പറഞ്ഞതല്ല. സമ്മേളനം കഴിഞ്ഞശേഷം മെമ്പര്‍ഷിപ്പ് പുതുക്കുമല്ലോ. എന്റെ ഭാഗത്ത് നില്‍ക്കുന്ന ചില സഖാക്കളെ തിരഞ്ഞെുപിടിച്ച് അവരോട് മെമ്പര്‍ഷിപ്പ് പുതുക്കേണ്ടതില്ലെന്ന് പറയുകയാണ് ചെയ്തത്.

അഴിമതിയും ധനസമ്പാദനമോഹവും പാര്‍ട്ടിയില്‍ സര്‍വ്വസാധാരാണമായി കഴിഞ്ഞിരിക്കുകയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനുപോലും തുറന്ന് സമ്മതിക്കേണ്ടിവന്നു. വി.എസിനെ പി ബിയില്‍ നിന്ന് കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതിനുശേഷം കേരളത്തില്‍ മൂന്ന് മേഖലകളില്‍ നടന്ന മേഖലാ റിപ്പോര്‍ട്ടിംഗില്‍ പ്രകാശ് കാരാട്ട് തന്നെ ഈ ദുരവസ്ഥ തുറന്നുപറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ചിലര്‍ക്ക് പുറത്തു അറിയുന്നതിനെക്കാള്‍ സ്വത്തുണ്ടെന്നും ഇതുമൂലം ഇതിനെല്ലാം സാക്ഷിയാകാന്‍ കഴിയാത്തവര്‍ നല്ല കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ട്ടിയോട് വിടപറയുകയാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. ഇന്നത്തെ അവസ്ഥയില്‍ അദ്ദേഹം പോലും നിസ്സഹായനാണ്.

സി.പി.ഐ.എമ്മിലെ ആശയസമരത്തില്‍ ശരിയായ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ടവരെ വി.എസ് അനുകൂലികളായി മുദ്രകുത്തി പാര്‍ട്ടിയില്‍ നിന്ന് ഉന്മൂലനം ചെയ്യുന്ന കടുംകൈ തിരുവനന്തപുരം ജില്ലയില്‍ വ്യാപകമാണ്. സാധാരണ ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തന പാരമ്പര്യമോ സ്വാധീനമോ സംഘടനാ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കാതെയുള്ള പാര്‍ട്ടിക്കൂറോ അല്ല, നേരെമറിച്ച് പാര്‍ട്ടിയിലെ “കണ്ണൂര്‍ ലോബി”യുടെ ഇംഗിതത്തിന് ഒപ്പം നില്ക്കുന്നുണ്ടോ എന്ന മാനദണ്ഡം മാത്രംവെച്ചാണ് പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ നല്കുന്നത്. നാലുപതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവര്‍ത്തനവും രണ്ടു വട്ടം നിയമസഭാംഗവും പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ ഒരു വ്യാഴവട്ടക്കാലത്തോളം അംഗവുമായ എന്നെപ്പോലെ ഒരു പൊതുപ്രവര്‍ത്തകന് തലസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധിയാകാനുള്ള അവസരം നല്കാതെ പകവീട്ടിയത് ഈ മാനദണ്ഡം ഒന്നുകൊണ്ട് മാത്രമാണ്. സി.പി.ഐ.എമ്മിന്റെ നിയമസഭാംഗങ്ങളില്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കാത്ത ഏക അംഗവും ഞാന്‍ മാത്രമാണ്.

പാര്‍ട്ടിയുടെ പാരമ്പര്യങ്ങളിലും കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കും സ്വന്തം മനഃസാക്ഷിക്കും നിരക്കുന്ന പൊതുപ്രവര്‍ത്തനം ഈ പാര്‍ട്ടിയില്‍ അംഗമായും നിയമസഭാംഗമായും തുടര്‍ന്നുകൊണ്ട് നടത്താന്‍ കഴിയാതെ വന്നിരിക്കുന്ന സാഹചര്യത്തില്‍, നിരവധി പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും അഭിലാഷങ്ങളെ മാനിച്ചുകൊണ്ട് പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്വവും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു നേടിയ നിയമസഭാംഗത്വവും ഞാന്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. സമ്പന്നവര്‍ഗ്ഗ താല്പര്യങ്ങള്‍ക്കും വലതുപക്ഷരാഷ്ട്രീയത്തിനും ഫാസിസത്തിനും ജില്ലാ തല പാര്‍ട്ടി നേതൃത്വത്തിന്റെ ഫാസിസ്റ്റ്‌വല്‍ക്കരണത്തിനും എതിരായ യഥാര്‍ത്ഥ ഇടതുപക്ഷരാഷ്ട്രീയത്തില്‍ അടിയുറച്ചുനിന്ന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനുള്ള ദൃഢനിശ്ചയം ഈ രാജിയിലൂടെ ഞാന്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ്.

തിരുവനന്തപുരം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ നിസ്വാര്‍ത്ഥവും ത്യാഗനിര്‍ഭരവുമായ പ്രവര്‍ത്തനം കാഴ്ചവച്ചവരുടെ ഹൃദയവികാരമാണ് എന്റെ രാജിയിലുള്ളത്. പാര്‍ട്ടിയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങേണ്ടിവരുന്നത് കാരണം പരസ്യമായി എന്റെ നടപടിയെ പിന്തുണയ്ക്കാന്‍ കഴിയാത്തവരുടെ മനസ്സും എന്റെ തീരുമാനത്തിന് ഒപ്പമുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. അത്രകണ്ട് ചീഞ്ഞുനാറുകയാണ് സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന്റെ ചിലരുടെ പിന്തുണയുള്ളതുകൊണ്ട് എന്തും ആകാമെന്ന അഹന്തയിലാണ് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ നേതൃത്വം. കഴിഞ്ഞ നാലു പതിറ്റാണ്ടറേക്കാലം കളങ്കരഹിതമായ പൊതുപ്രവര്‍ത്തനം നടത്തിയ എന്നെ നേരിട്ടറിയുന്ന ജനങ്ങള്‍ എന്റെ തീരുമാനത്തോടൊപ്പം ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. അവര്‍ ഒരിക്കലും എന്നെ കുറ്റക്കാരനെന്ന് വിധിക്കില്ല. അത്രകണ്ട് ജനങ്ങളുടെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു എളിയ പ്രവര്‍ത്തകനാണ് ഞാന്‍.
സമാനചിന്താഗതിക്കാരായ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. അവരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കും.

Malayalam news

Kerala news in English