തൊപ്പി സംസാരിക്കുന്നതിലെ സാമൂഹിക വിരുദ്ധതയാണ് കുട്ടികളെ ആവേശം കൊള്ളിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ വേദന തോന്നി: ആര്‍. ബിന്ദു
Kerala News
തൊപ്പി സംസാരിക്കുന്നതിലെ സാമൂഹിക വിരുദ്ധതയാണ് കുട്ടികളെ ആവേശം കൊള്ളിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ വേദന തോന്നി: ആര്‍. ബിന്ദു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd June 2023, 12:30 pm

തിരുവനന്തപുരം: തൊപ്പിയെ പോലുള്ള യൂട്യൂബര്‍മാര്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെ ഏറെ ആശങ്കയോടെ മാത്രമേ കാണാന്‍ സാധിക്കൂവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധമായ കാര്യങ്ങളാണ് കുട്ടികളെ ആവേശം കൊള്ളിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ ഏറെ വേദന തോന്നിയെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘മുന്‍കാലങ്ങളിലെ പോലെയല്ല കുട്ടികള്‍ക്ക് വലിയ മാറ്റമുണ്ടായിക്കൊണ്ടിരിക്കുകയാണ്. കാലത്തിന്റെ മാറ്റങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് വേവലാതിയോടെ മാത്രമേ കാണാന്‍ സാധിക്കൂ. കഴിഞ്ഞ ദിവസം തൊപ്പിയെന്ന യൂട്യൂബര്‍ വളാഞ്ചേരി ചെന്നപ്പോള്‍ ആരാധനയോട് കൂടി കുട്ടികള്‍ ഓടിച്ചെന്നെന്നും തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധമായ കാര്യങ്ങളാണ് കുട്ടികളെ ആവേശം കൊള്ളിക്കുന്നതെന്നും മനസിലാക്കിയപ്പോള്‍ ഒരു അധ്യാപിക എന്ന നിലക്കും അമ്മ എന്ന നിലക്കും എനിക്ക് ഏറെ വേദനയുണ്ടായി. വ്യക്തിപരമായി പറയുകയാണെങ്കില്‍ എന്റെ മുന്നില്‍ വരുന്ന എല്ലാ കുട്ടികളെയും വിശ്വാസത്തിലെടുക്കുന്ന ഒരു പ്രകൃതക്കാരി ആയിരുന്നു ഞാന്‍,’ മന്ത്രി പറഞ്ഞു.

അതേസമയം, തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബര്‍ നിഹാലിനെ വളാഞ്ചേരി പൊലീസ് ഇന്ന് കൊച്ചിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് തൊപ്പി ആരോപിച്ചു. കസ്റ്റഡിയിലെടുക്കും മുമ്പ് തൊപ്പി യൂട്യൂബ് ലൈവിലെത്തി ഷൂട്ട് ചെയ്ത വീഡിയോയില്‍ പൊളിഞ്ഞ വാതിലിന്റെ ദൃശ്യങ്ങളും കാണാം.

ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനുമാണ് വളാഞ്ചേരി പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ഇയാളുടെ ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ളവയും പൊലീസ് കസ്റ്റഡിയിലെത്തിട്ടുണ്ട്. ഇയാളുടെ വീഡിയോകളുടെ ഉള്ളടക്കം അശ്ലീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ചെറിയ കുട്ടികള്‍ ഇയാളെ പിന്തുടരുന്നതും ചര്‍ച്ചയായിരുന്നു.

ഈ മാസം 17ന് വളാഞ്ചേരിയിലെ കടയുടെ ഉദ്ഘാടന പരിപാടിക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവ നടന്നത്. കട ഉടമക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നൂറ് കണക്കിന് കുട്ടികള്‍ പരിപാടിക്ക് തടിച്ചു കൂടിയത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. യൂട്യൂബില്‍ ആയിരക്കണക്കിന് ഫോളോവേഴ്സുള്ള ആളാണ് നിഹാല്‍. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പൊലീസിന് പരാതിക്കാരന്‍ നല്‍കിയിരുന്നു.

പരിപാടിയില്‍ ‘തൊപ്പി’ പാടിയ തെറിപ്പാട്ട് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടെന്നും കാണിച്ച് വളാഞ്ചേരി സ്വദേശി സെയ്ഫുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്.

Content Highlight: R Bindu talking about thoppi