Advertisement
Kerala News
വില്‍പത്രം അച്ഛന്‍ സ്വന്തം ഇഷ്ടപ്രകാരം മാസങ്ങള്‍ക്ക് മുമ്പ് എഴുതിയത്; ആരോപണങ്ങള്‍ തള്ളി ബാലകൃഷ്ണപിള്ളയുടെ ഇളയ മകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 19, 04:54 am
Wednesday, 19th May 2021, 10:24 am

കൊട്ടാരക്കര: വില്‍പ്പത്ര വിവാദത്തില്‍ കെ.ബി ഗണേഷ്‌കുമാറിനെതിരായ ആരോപണങ്ങള്‍ തള്ളി ആര്‍. ബാലകൃഷ്ണപിള്ളയുടെ ഇളയ മകള്‍ ബിന്ദു ബാലകൃഷ്ണന്‍.

വില്‍പ്പത്രം പൂര്‍ണമനസോടെ തന്റെ അച്ഛന്‍ മാസങ്ങള്‍ക്ക് മുമ്പ് എഴുതിവെച്ചതാണെന്നും ഗണേഷിന്റെയോ മറ്റാരുടെയോ ഇടപെടല്‍ അതില്‍ ഉണ്ടായിരുന്നില്ലെന്നും ബിന്ദു പറഞ്ഞു.

അച്ഛന്‍ മരിച്ചിട്ട് 16 – 17 ദിവസമാകുന്നതെയുള്ളു. വിവാദങ്ങളിലേക്ക് മരിച്ച അച്ഛനെ വലിച്ചിഴയ്ക്കരുതെന്നും ബിന്ദു ബാലകൃഷ്ണന്‍ പറഞ്ഞു. നേരത്തെ കെ.ബി ഗണേഷ്‌കുമാറിനെതിരെ ആരോപണങ്ങളുമായി സഹോദരി ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിയെ സമീപിച്ചെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

മരണത്തിന് മുമ്പ് ബാലകൃഷ്ണ പിള്ളയെഴുതിയ വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്നാണ് ഉഷ പറയുന്നത്. ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് മോഹന്‍ദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

ഈ ഘട്ടത്തില്‍ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കാതിരുന്നതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

അതേസമയം ഉഷ മോഹന്‍ദാസിന്റെ ആരോപണങ്ങള്‍ തള്ളിയ സാക്ഷി പ്രഭാകരന്‍ പിള്ള രംഗത്ത് എത്തിയിരുന്നു. ഗണേഷിന് വില്‍പ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംഭവത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നുമായിരുന്നു ഉഷ മോഹന്‍ദാസ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: R Balakrishna Pillai’s youngest daughter denies allegations and Support KB Ganeshkumar