ഒരു കള്ളനേയാണല്ലോ 25 വര്‍ഷം താന്‍ വളര്‍ത്തിയത്, അബദ്ധത്തില്‍പ്പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്ന് ആര്‍ ബാലകൃഷ്ണപിള്ള
D' Election 2019
ഒരു കള്ളനേയാണല്ലോ 25 വര്‍ഷം താന്‍ വളര്‍ത്തിയത്, അബദ്ധത്തില്‍പ്പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുതെന്ന് ആര്‍ ബാലകൃഷ്ണപിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2019, 8:42 pm

ചെങ്ങന്നൂര്‍: അബദ്ധത്തില്‍പ്പോലും കൊടിക്കുന്നില്‍ സുരേഷിന് വോട്ട് ചെയ്യരുതെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ബി.ജെ.പിയെ തുരത്താന്‍ കോണ്‍ഗ്രസ് ജയിക്കണമെന്ന പ്രചരണം തെറ്റെന്നും ആര്‍ ബാലകൃഷ്ണപിള്ള ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പറഞ്ഞു.

“കൊടിക്കുന്നില്‍ സുരേഷ് കള്ളനെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഒരു കള്ളനേയാണല്ലോ 25 വര്‍ഷം താന്‍ വളര്‍ത്തിയത്, അബദ്ധത്തില്‍പ്പോലും കൊടിക്കുന്നിലിന് വോട്ട് ചെയ്യരുത്”- എന്നായിരുന്നു ബാലകൃഷ്ണപിള്ള പറഞ്ഞത്.

പി.ജെ ജോസഫ് ഇനിയും കേരള കോണ്‍ഗ്രസില്‍ തുടരുന്നതെന്തിനാണ്. ജോസഫ് മത്സരിക്കാന്‍ തയ്യാറായി മുന്നോട്ട് വരണം. പരമാത്മാവിനെ വിട്ട് ജീവാത്മാവ് പോയ അവസ്ഥയാണെന്നും ബാലകൃഷ്ണപിള്ള ചെങ്ങന്നൂരില്‍ പറഞ്ഞു.

Read Also : വാഗ്ദാനം ചെയ്ത 15 ലക്ഷം എവിടെയെന്ന് നിങ്ങള്‍ ചോദിക്കണം; മോദിക്കെതിരെ പ്രിയങ്ക ഗാന്ധി -വീഡിയോ

മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും കെ.വി തോമസും സ്വന്തം മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയക്കുന്നെന്നും ബാലകൃഷ്ണപിള്ള പരിഹസിച്ചു.

അതേസമയം കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാളെ പി.ജെ ജോസഫുമായി ചര്‍ച്ച നടത്തും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നാണ് പി.ജെ. ജോസഫിന്റെ പ്രതികരണം. ഒന്നും അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും പി.ജെ. ജോസഫ് തൊടുപുഴയില്‍ അറിയിച്ചു.

കേരള കോണ്‍ഗ്രസ് പിളരില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ആവശ്യമെങ്കില്‍ ഇടപെടുമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. കോട്ടയത്ത് പാളിച്ചയുണ്ടാകാന്‍ അനുവദിക്കില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസ് കെ.മാണി വ്യക്തമാക്കി.

പി.ജെ.ജോസഫിനെ ഒഴിവാക്കി തോമസ് ചാഴികാടനെ കോട്ടയത്ത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് സ്റ്റിയറിങ് കമ്മിറ്റിയിലേയും പാര്‍ലമെന്ററി പാര്‍ട്ടിയിലേയും പൊതുവികാരത്തിന് എതിരാണമെന്നാണ് ജോസഫ് പക്ഷം ഉറപ്പിച്ചുപറയുന്നത്.