Advertisement
Sports News
ഗംഭീര്‍ തീവ്ര സ്വഭാവക്കാരനാണ്, പക്ഷെ രോഹിത്തും ധോണിയും അങ്ങനെയല്ല; വെളിപ്പെടുത്തലുമായി അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 02, 06:50 am
Monday, 2nd September 2024, 12:20 pm

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായതിന് ശേഷം ഏറ്റെടുത്ത ആദ്യ അസൈമെന്റായിരുന്നു ശ്രീലങ്കയ്‌ക്കെതിരെയുള്ളത്. മൂന്ന് ടി-20 മത്സരങ്ങളടങ്ങുന്ന മത്സരം ഇന്ത്യ തൂത്ത് വാരിയപ്പോള്‍ ഏകദിനത്തില്‍ ഒരു സമനിലയും രണ്ട് തോല്‍വിയുമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ബംഗ്ലാദേശിനെതിരായ പരമ്പരയാണ് ഇനി ഇന്ത്യയുടെ മുന്നിലള്ള അന്താരാഷ്ട്ര അസൈന്‍മെന്റ്.

പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറുമായുള്ള സംഭാഷണത്തില്‍
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ചും പരിശീലകന്‍ ഗൗതം ഗംഭീറിനെക്കുറിച്ചും സംസാരിക്കുകയാണ് ആര്‍. അശ്വിന്‍.

50 ഓവര്‍ ഫോര്‍മാറ്റിലും റെഡ് ബോള്‍ ക്രിക്കറ്റിലും ക്യാപ്റ്റനായ രോഹിത് ശര്‍മയും ഗംഭീറും മികച്ച കോമ്പിനേഷന്‍ ആരംഭിക്കുമെന്നും ബംഗ്ലാദേശിനോടും ന്യൂസിലാന്‍ഡിനോടുമുള്ള പരമ്പരയാണ് അതിനുള്ള തുടക്കമെന്നും അശ്വിന്‍ പറഞ്ഞു.

‘ഗൗതി ഭായ് തീവ്ര മനോഭാവക്കാരനാണ്. രോഹിത്തും ഗൗതവും തമ്മില്‍ സാമ്യമുണ്ടെങ്കിലും രോഹിത് ശാന്തനാണ്. എന്നാല്‍ ഗൗതിക്ക് തീവ്രമായ വ്യക്തിത്വമുണ്ട്. രാഹുല്‍ ദ്രാവിഡിനെപ്പോലെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആവേശഭരിതനാണ് ഗംഭീര്‍. എന്നാല്‍ രണ്ടും വ്യത്യസ്തമാണ്.

എം.എസ്. ധോണി കൂള്‍ ആയിരുന്നു, അതുകൊണ്ട് തന്നെ മറ്റുള്ളവരും അവനെപ്പോലെയാകണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. പക്ഷേ എല്ലാവരിലും അത് അങ്ങനെയാവില്ല. ഓരോരുത്തര്‍ക്കും അവരവരുടെ ശൈലിയുണ്ട്, അത് അംഗീകരിക്കണം,’ അശ്വിന്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലുമാണ് നടക്കുക

 

Content Highlight: R. Ashwin Talking About Gautham Gambhir And Rohit Sharma