മത്സരത്തില്‍ പന്തുകൊണ്ട് വിരുത് കാണിച്ചാണ് അശ്വിന്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയത്. നാല് ഇംഗ്ലണ്ട് വിക്കറ്റാണ് അശ്വിന്‍ പിഴുതെറിഞ്ഞത്. മൂന്ന് പന്തിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തിയും അശ്വിന്‍ തിളങ്ങി.
ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ വിക്കറ്റാണ് അശ്വിന്‍ പിഴുതെറിഞ്ഞത്.
ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബാറ്റിങ്ങില്‍ അശ്വിന് പിഴച്ചു. അഞ്ച് പന്ത് നേരിട്ട് റണ്‍സൊന്നും നേടാന്‍ സാധിക്കാതെയാണ് താരം പവലിയനിലേക്ക് മടങ്ങിയത്. ടോം ഹാര്‍ട്‌ലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് അശ്വിന്‍ പുറത്തായത്.
ഇതിന് പിന്നാലെ ഒരു മോശം റെക്കോഡും അശ്വിനെ തേടിയെത്തി. നൂറാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ പട്ടികയിലാണ് അശ്വിന്‍ ഒമ്പതാമനായി ഇടം നേടിയത്. അശ്വിന്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ താരങ്ങളും ഈ മോശം റെക്കോഡ് പട്ടികയിലുണ്ട്.
ക്രിക്കറ്റ് ഇതിഹാസം അലന്‍ ബോര്‍ഡര്‍ മുതല്‍ ഇംഗ്ലണ്ട് പരിശീലകന്‍ ബ്രണ്ടന്‍ മക്കെല്ലവും അശ്വിന് മുമ്പ് ഇന്ത്യക്കായി 100ാം ടെസ്റ്റ് കളിച്ച ചേതേശ്വര്‍ പൂജാരയും ഉള്‍പ്പെടുന്ന ലിസ്റ്റിലേക്കാണ് അശ്വിമനുമെത്തിയത്.