മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടിസം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ പരീക്ഷിച്ച് ഖത്തര്‍
Autism
മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടിസം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ പരീക്ഷിച്ച് ഖത്തര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd April 2018, 11:07 pm

ദോഹ: മിനിറ്റുകള്‍ക്കുള്ളില്‍ ഓട്ടിസം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഖത്തര്‍ പരീക്ഷിച്ചു. സാധാരണ ഗതിയില്‍ മാസങ്ങളെടുത്താണ് ഡോക്ടര്‍മാര്‍ ഓട്ടിസം തിരിച്ചറിയുന്നത്. ഖത്തര്‍ ബയോമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

ആറ് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ കണ്ണിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചാണ് ഗവേഷകര്‍ വികസിപ്പിച്ച ഉപകരണം ഓട്ടിസം തിരിച്ചറിയുന്നത്. ഓട്ടിസവുമായി ബന്ധപ്പെട്ടുണ്ടാവുന്ന കണ്ണിന്റെ അസാധാരണ ചലനങ്ങള്‍ അപഗ്രഥിച്ച് ഓട്ടിസം സ്‌പെക്ട്രം ഓഫ് ഡിസോഡര്‍ (എ.എസ്.ഡി) തിരിച്ചറിയുന്നതില്‍ 85 ശതമാനം കൃത്യത ഗവേഷകര്‍ അവകാശപ്പെടുന്നു.


Read Also: കുവൈത്ത് പ്രവാസികളുടെ പണമിടപാടിന് ഇനി നികുതി നല്‍കണം; ഇല്ലെങ്കില്‍ തടവും പിഴയും


ഓട്ടിസം നേരത്തെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ഗവേഷക സംഘത്തിന്റെ തലവന്‍ ഡോ. ഒമര്‍ എല്‍ അഘ്‌നാഫ് പറഞ്ഞു. “ഓട്ടിസം ബാധിച്ച കുട്ടിക്ക് ദീര്‍ഘകാലം ശ്രദ്ധലഭിക്കാത്ത അവസ്ഥയുണ്ടായാല്‍ പിന്നീട് അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍ നേരത്തെ തന്നെ ഇത് കണ്ടെത്തുന്നത് പ്രധാനമാണ്” – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ലോക ഓട്ടിസം ദിനം. തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്ന ഒരുപിടി സങ്കീര്‍ണമായ രോഗങ്ങളുടെ കൂട്ടത്തെയാണ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എ.എസ്.ഡി) എന്ന് വിളിക്കുന്നത്.


Don”t Miss: ഹിമാചലിലും കര്‍ഷകര്‍ തെരുവിലേക്ക്; അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നാളെ നിയമസഭാ മന്ദിരം വളയും


യു.എസ് സെന്റര്‍ ഫോര്‍ ഡിസീസിന്റെ കണക്ക് പ്രകാരം ഓരോ 68 കുട്ടികളിലും ഒരാള്‍ക്ക് വീതം ഓട്ടിസമുണ്ട്. ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍, സാമൂഹ്യ ഇടപെടലിലെ വിമുഖത, പെരുമാറ്റ വൈകല്യങ്ങള്‍ തുടങ്ങി നിരവധി ലക്ഷണങ്ങളാണ് ഓട്ടിസം ബാധിച്ച കുട്ടികളില്‍ കണ്ടുവരുന്നത്.