ലക്ഷദ്വീപ് എന്ന പേരില്‍ പുതിയ പെര്‍ഫ്യൂം; പ്രതിഷേധിക്കുന്ന ജനതയ്ക്ക് പിന്തുണയുമായി ഖത്തര്‍ കമ്പനി
Lakshadweep
ലക്ഷദ്വീപ് എന്ന പേരില്‍ പുതിയ പെര്‍ഫ്യൂം; പ്രതിഷേധിക്കുന്ന ജനതയ്ക്ക് പിന്തുണയുമായി ഖത്തര്‍ കമ്പനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st June 2021, 6:11 pm

ദോഹ: പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി ഖത്തറിലെ പെര്‍ഫ്യൂം കമ്പനി. തങ്ങളുടെ പുതിയ പെര്‍ഫ്യൂമിന് ലക്ഷദ്വീപ് എന്ന പേര് നല്‍കികൊണ്ടാണ് കമ്പനി പിന്തുണ രേഖപ്പെടുത്തിയത്.

മലയാളികളുടെ നേതൃത്വത്തില്‍ ഖത്തറിലെ ദോഹ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റബ്ബാനി എന്ന കമ്പനിയാണ് ലക്ഷദ്വീപ് പെര്‍ഫ്യൂം ഇറക്കിയത്. A Frangrance Protest എന്ന ടാഗ് ലൈനും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. #Savelakshadweep, #AFragranceProtest എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് പുതിയ പെര്‍ഫ്യൂമിനെ കുറിച്ചുള്ള വിവരം കമ്പനി പങ്കുവെച്ചത്.

ദ്വീപിലെ ജനതയുടെ അതിജീവന സമരത്തെ സുഗന്ധത്തിന്റെ പേരില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് കമ്പനിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

റബ്ബാനി പെര്‍ഫ്യൂംസിന്റെ മാനേജ്‌മെന്റിലുള്ള മ്യൂസിഷ്യനും ആക്റ്റിവിസ്റ്റുമായ നാസര്‍ മാലിക്കിനോട് ഫേസ്ബുക്കില്‍ നടന്ന പെര്‍ഫ്യൂം റിവ്യുവിലുള്ള ചര്‍ച്ചക്കിടെയാണ് താജുദ്ധീന്‍ പൊതിയില്‍ എന്ന വ്യക്തി ലക്ഷദ്വീപിനോട് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചു കൊണ്ട് പെര്‍ഫ്യൂം ഇറക്കാന്‍ ആവശ്യപ്പെടുന്നത്.

തുടര്‍ന്ന് റബ്ബാനി പെര്‍ഫ്യൂം ലക്ഷദ്വീപ് എന്ന പേരില്‍ പെര്‍ഫ്യൂം അനൗണ്‍സ് ചെയ്യുകയായിരുന്നു. ദ്വീപിന്റെ ഘടനയോട് ചേര്‍ന്ന സീ നോട്ടുകള്‍ ചേര്‍ന്ന പെര്‍ഫ്യൂമാണ് ലക്ഷദ്വീപ് എന്ന പേരില്‍ ഇറക്കുകയെന്നും റബ്ബാനി പെര്‍ഫ്യൂംസിന്റെ ഉടമകളായ ഷഫീഖ്, ജാഫര്‍, നംഷീദ് എന്നിവര്‍ അറിയിച്ചു.

ഈ മാസം യു.എ.ഇ യില്‍ വെച്ച് ലക്ഷദ്വീപ് പെര്‍ഫ്യൂംസിന്റെ ലോഞ്ച് നടക്കും. ലക്ഷദ്വീപിനോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി കേരളത്തിലും സ്പെഷ്യല്‍ ലോഞ്ച് ഉണ്ടായിരിക്കുമെന്നും ടീം റബ്ബാനി പറഞ്ഞു.

ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും കുടിയൊഴിപ്പിക്കലും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം സംഘപരിവാര്‍ അജണ്ടകളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്തനും മുന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയും നിലവിലെ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ പ്രഫുല്‍ പട്ടേലിനെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോഴും ഉയരുന്നത്.

കേരളത്തിലും പ്രഫുല്‍ പട്ടേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.

ലക്ഷദ്വീപിന് മേല്‍ കാവി അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊളോണിയല്‍ കാലത്തെ വെല്ലുന്ന നടപടികളാണ് ലക്ഷദ്വീപില്‍ നടക്കുന്നതെന്നും ലക്ഷദ്വീപിന്റെ ഭാവി ഇരുള്‍ അടഞ്ഞ് പോകുന്ന പോലെയുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കുന്നതെന്നും സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണ ശാലകളാണ് ദ്വീപെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Qatar based Company owned by Malayalees names new perfume Lakshadweep as solidarity with the  protest