ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഇ.വി.എമ്മുകളും വിവിപാറ്റുകളും പരിശോധിച്ചിരുന്നത് സ്വകാര്യ കമ്പനി
ന്യൂദല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒരു വിധത്തിലും സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടില്ലായെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റാണെന്ന് റിപ്പോര്‍ട്ട്. ദ ക്വിന്റാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
ദ ക്വിന്റ് നല്‍കിയ ആര്‍.ടി.ഐക്കുള്ള മറുപടിയിലാണ് ഒരു സ്വകാര്യ കമ്പനി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ ഭാഗമായിരുന്നു എന്ന് തെളിഞ്ഞത്.
വോട്ടിങ് മെഷീനുകളും വിവിപാറ്റുകളും നിര്‍മ്മിക്കുന്ന സ്വകാര്യ കമ്പനിയായ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ഇ.സി.ഐ.എല്‍) യുടെ കീഴിലുള്ള സ്വകാര്യ എന്‍ജിനിയര്‍മാര്‍ ‘കണ്‍സല്‍ട്ടന്‍സ്’ എന്ന പേരില്‍ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് ജോലികള്‍ ഏര്‍പ്പെട്ടിരുന്നെന്ന് ആര്‍.ടി.ഐ രേഖ വ്യക്തമാക്കുന്നു.
ഈ എന്‍ജിനീയര്‍മാരായിരുന്നു ഇ.വി.എമ്മുകളും വിവിപാറ്റുകളും പരിശോധിച്ചിരുന്നതും സൂക്ഷിച്ചിരുന്നതും. വോട്ടു എണ്ണുന്നതുവരെ ഈ എന്‍ജിനീയര്‍മാരായിരുന്നു ഇ.വി.എമ്മുകളും വിവിപാറ്റുകളും പൂര്‍ണമായും കൈകാര്യം ചെയ്തിരുന്നതും.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വകാര്യ കമ്പനികള്‍ ഇടപ്പെട്ടിട്ടുണ്ടോ എന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ചോദിച്ചപ്പോല്‍ ഇല്ലാ എന്നായിരുന്നു മറുപടി ലഭിച്ചതെന്നും ദ ക്വിന്റ് വ്യക്തമാക്കുന്നു.
2017ലെ ഉത്തരഖണ്ഡ് തെരഞ്ഞെടുപ്പിലാണ് ഇത്തരത്തില്‍ സ്വകാര്യ കണ്‍സല്‍ട്ടിങ് എന്‍ജിയര്‍മാരെ തെരഞ്ഞെടുപ്പിലെ നിര്‍ണ്ണായക ചുമതലകള്‍ ഏല്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതെന്നും അതിനെ തുടര്‍ന്നാണ് ആര്‍.ടി.ഐ അപേക്ഷ നല്‍കിയതെന്നും ദ ക്വിന്റ് വ്യക്തമാക്കുന്നു. അഭിഭാഷകനായ അമിത് അലുവാലിയയാണ് ആര്‍.ടി.ഐ നല്‍കിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടാതെ 2018ലെ രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകളിലും ഇ.വി.എമ്മുകളും വിവിപാറ്റുകളും കൈകാര്യം ചെയ്യാന്‍ സ്വകാര്യ എന്‍ജിനീയര്‍മാരെ ഉപയോഗിച്ചിരുന്നു.