Advertisement
Kerala News
'അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അരിമേടിക്കാന്‍ ഇവിടെ പണിയെടുക്കണം, അതെന്താ അങ്ങനെ?'; സാബു ജേക്കബിനെതിരെ പരോക്ഷ വിമര്‍ശനവുമായി ശ്രീനിജന്‍ എം.എല്‍.എ.
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 10, 02:21 am
Saturday, 10th July 2021, 7:51 am

കൊച്ചി: കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബ് നിക്ഷേപ പദ്ധതികള്‍ ആരംഭിക്കാന്‍ കേരളം വിട്ട് തെലങ്കാനയിലേക്ക് പോയതിന് പിന്നാലെ പരോക്ഷ വിമര്‍ശനവുമായി കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജന്‍. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീനിജന്‍ എം.എല്‍.എയുടെ പരാമര്‍ശം.

വലിയ കമ്പനികളെല്ലാം അന്യസംസ്ഥാനങ്ങളിലാകുമ്പോഴും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അന്നം കിട്ടാന്‍ കേരളത്തില്‍ തന്നെ പണിയെടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

‘വലിയ കമ്പനികളെല്ലാം അന്യ സംസ്ഥാനങ്ങളില്‍. പക്ഷേ, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അരിമേടിക്കാന്‍ കേരളത്തില്‍ പണിയെടുക്കണം. അതെന്താ അങ്ങനെ?,’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കിറ്റെക്‌സില്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി ലഭിക്കുന്നില്ലെന്ന ആരോപണം നേരത്തെ നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് തന്നെ ആട്ടി പായിച്ചതാണെന്നും കേരളം വ്യവസായ സൗഹൃദമല്ലെന്നും കഴിഞ്ഞദിവസം സാബു ജേക്കബ് പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനിജന്‍ എം.എല്‍.എയുടെ പ്രതികരണം.

കേരളത്തില്‍ തുടങ്ങാനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതികള്‍ റദ്ദാക്കുകയാണെന്ന് സാബു ജേക്കബ് അറിയിച്ചിരുന്നു.
കിറ്റെക്‌സില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ പദ്ധതികള്‍ തുടങ്ങാനായി ക്ഷണിച്ചെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു. തെലങ്കാന മന്ത്രി കെ.ടി. രാമ റാവു ക്ഷണിച്ചത് പ്രകാരമാണ് തെലങ്കാനയിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കിറ്റെക്സില്‍ പരിശോധനകള്‍ നടത്തിയതെന്നാണ് ശ്രീനിജന്‍ എം.എല്‍.എ പറഞ്ഞത്.

ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരു ജുഡീഷ്യല്‍ ഓഫീസറാണ് അവിടെ പരിശോധന നടത്തിയത്. കൊവിഡ് വ്യാപന സമയത്ത് കിറ്റെക്സിലെ തൊഴിലാളികള്‍ അവിടത്തെ രോഗ പ്രതിരോധമാര്‍ഗങ്ങളുടെ അഭാവം സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. ആ സന്ദേശം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടെന്നാണ് താന്‍ മനസിലാക്കുന്നത് എന്നാണ് വിഷയത്തില്‍ പ്രതികരിച്ച്
എം.എല്‍.എ. പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PV Sreenijan MLA indirectly criticized  Sabu M. Jacob