പ്യൂപ്പ/അലി
“കൊച്ചുകുട്ടി”, “കൊഴുത്ത മനുഷ്യന്‍” എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍, കേള്‍ക്കേണ്ട രണ്ട് പദങ്ങളാണിവ. ലോക ചരിത്രത്തിലെ തന്നെ രണ്ടദ്ധ്യായങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഭീതിതമായ രണ്ട് തലക്കെട്ടുകള്‍ എന്നു വിളിക്കാം ഈ പദങ്ങളെ. കേള്‍ക്കുമ്പോള്‍ കൊച്ചാണെന്നും കൊഴുത്തതാണെന്നും തോന്നുമെങ്കിലും ഭീതിയാണുള്ളില്‍ നിറയുക, ഈ കൊച്ചു പദങ്ങള്‍ കേട്ടാല്‍. ഇപ്പോഴും പറഞ്ഞില്ലല്ലോ ഈ നാമങ്ങള്‍ ആരുടെതാണെന്ന്. വേറെ ആരുടേതുമല്ല. രണ്ടാം ലോകയുദ്ധത്തിന് അവസാനം കുറിക്കപ്പെട്ടുവെന്ന് കരുതുന്ന ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച ആറ്റം ബോംബുകളുടെതാണ് ഈ രണ്ട് പേരുകള്‍.[]
1945 ആഗസ്റ്റ് 6ന് ഹിരോഷിമയിലും ആഗസ്റ്റ് 9 ന് നാഗസാക്കിയിലും ഇങ്ങനെ 2 ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍, ഫ്രാങ്ക്‌ലിന്‍ റൂസ് വെല്‍റ്റിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയുടെ പരമാധികാരത്തില്‍ കയറിയിട്ട് കേവലം മൂന്ന് മാസം മാത്രമായ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ മുഴക്കിയ ഭീഷണി, കൂട്ടുകാരെ, ഇന്നും മനുഷ്യ രാശിയെ വിറപ്പിക്കുന്നതാണ്. “ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത നാശത്തിന്റെ പെരുമഴ കാണാന്‍ തയ്യാറായിക്കോളൂ “എന്ന് ട്രൂമാന്‍ മുഴക്കുമ്പോള്‍ അത് ജാപ്പനീസ് ജനതയോട് മാത്രമായിരുന്നില്ലെന്നും അമേരിക്കയെ എതിര്‍ക്കുന്ന ലോക ജനതയോട് തന്നെയായിരുന്നെന്നും പില്‍ക്കാല ലോകചരിത്രം നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.
നിങ്ങള്‍ക്കറിയുമോ എത്രയോ കുഞ്ഞുങ്ങള്‍, അവരുടെ മാതാപിതാക്കള്‍, മുത്തശ്ശിമാരും മുത്തച്ഛന്‍മാരും, അവരുടെ വീടുകള്‍, അവരുടെ വസ്തുവകകള്‍, പക്ഷിമൃഗാദികള്‍ എന്നു വേണ്ട എല്ലാം എല്ലാം ജപ്പാന്‍ ജനതയ്ക്ക് ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടു. കണ്ണടച്ചു തുറക്കുന്നതിനിടയില്‍ പ്രതാപപ്പെരുമയില്‍ ഉയര്‍ന്നു നിന്നിരുന്ന ജനനിബിഡമായ രണ്ടു നഗരങ്ങള്‍ കത്തിക്കരിഞ്ഞ് ചാമ്പലായി. ഒന്നാലോചിച്ചു നോക്കു നമ്മള്‍ ജീവിക്കുന്ന നമ്മുടെ നാട് ഒരു സുപ്രഭാതത്തില്‍ ചാമ്പലായിത്തീരുന്നത്.. അതില്‍ നിന്ന് ഒരു ജനതയുടെ നിലവിളിയുയരുന്നത്.. ഹോ.. ആലോചിക്കാനേ വയ്യ അല്ലേ.. കണ്ണു നിറയുന്നു അല്ലേ.. അപ്പോള്‍ ഇതൊക്കെ അനുഭവിക്കേണ്ടി വന്ന ആ ഹതഭാഗ്യരായ ജനങ്ങളോ…?
യുദ്ധങ്ങള്‍ ആര്‍ക്കുവേണ്ടി?
എന്നും ഉയരുന്ന ചോദ്യമാണിത്? എക്കാലത്തും പ്രസക്തമായ ചോദ്യം. ഇന്ന്് ലോക ജനത ചോദിക്കുന്ന, നമ്മള്‍ ചോദിക്കേണ്ട ചോദ്യം. കാരണം യുദ്ധത്തിലൂടെ സാധാരണക്കാരായ ജനതയ്ക്ക് എന്താണ് നേട്ടം? അവരുടെ ജീവനും സ്വത്തും ഒപ്പം ഭൂമി തന്നെയും നഷ്ടപ്പെട്ട് മനുഷ്യന് കഷ്ടതകള്‍ മാത്രമേ അത് സമ്മാനിക്കുന്നുള്ളു. എല്ലാര്‍ക്കും ഇതുകൊണ്ട് നഷ്ടമാണ് ഉണ്ടാകുന്നതെന്ന് ധരിക്കരുതേ. ചിലയാളുകള്‍ക്ക് ഈ യുദ്ധം കൊണ്ട് നേട്ടവും ഉണ്ടാകുന്നുണ്ട്. അതറിയുമ്പോഴാണ് വാസ്തവത്തില്‍ യുദ്ധം ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം തെളിഞ്ഞുവരികയുള്ളു.
യുദ്ധങ്ങള്‍ കൊണ്ട് നേട്ടമുണ്ടാകുന്ന വഭാഗം സര്‍ക്കാരുകളും മുതലാളിമാരുമാണ്. അവരെ ചരിത്രത്തില്‍ വിളിക്കുന്ന പേര് അധികാരി വര്‍ഗങ്ങള്‍ എന്നാണ്. മുതലാളിമാര്‍ ഇന്നത്തെ അധികാരി വര്‍ഗമാണ്. ഇതിനും മുമ്പ് നിരവധി അധികാരി വര്‍ഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യവസ്ഥിതി മാറിമാറി വരുന്നതിനനുസരിച്ച് അധികാരി വര്‍ഗങ്ങളും മാറിമാറി വരുമെന്ന് നിങ്ങള്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ പഠിക്കുന്നുണ്ടാകും അല്ലേ.
ചരിത്രത്തില്‍ പ്രാകൃത കമ്മ്യൂണിസം എന്നൊരു വ്യവസ്ഥിതിയാണ് ചരിത്രാതീത കാലഘട്ടത്തില്‍ നിലനിന്നിരുന്നത്. ഈ വ്യവസ്ഥിതിയെ മറികടന്നു കൊണ്ടാണ് സമൂഹം അടിമത്ത വ്യവസ്ഥിതിയിലേയ്ക്ക് കടന്നത്. നൂബിയന്‍ മരുഭൂമിയിലെ “സ്പാര്‍ട്ടക്കസ്” എന്ന അടിമയുടെ വീരേതിഹാസങ്ങള്‍ വായിക്കാത്തവരായി ആരും കാണില്ല. ഇതിനും ശേഷമാണ് മതത്തിനും പൗരോഹിത്യത്തിനുമൊപ്പം അമിതാധികാരങ്ങളുണ്ടായിരുന്ന ജന്മിത്ത വ്യവസ്ഥിതി കടന്നു വരുന്നത്. 1600 കളില്‍ ലോകത്ത് ജന്മിത്ത വ്യവസ്ഥിതിയെ പരാജയപ്പെടുത്തിക്കൊണ്ട് കടന്നു വന്ന ഏറ്റവും പുതിയ വ്യവസ്ഥിതിയാണ് മുതലാളിത്തം. ഇതിന്റെ നെറുകയിലാണ് ഇന്ന് നാം ജീവിക്കുന്നത്.
ഈ വ്യവസ്ഥിതികളിലെല്ലാം തന്നെ യുദ്ധവും നടന്നിട്ടുണ്ടെന്ന് കൂട്ടുകാര്‍ക്കറിയാം. ഈ യുദ്ധങ്ങളൊക്കെത്തന്നെ എന്തിനുവേണ്ടിയായിരുന്നു? സ്വത്തുക്കള്‍ കൊള്ളടിക്കാനോ രാജ്യവ്യാപനത്തിനോ ആയിരുന്നു അല്ലേ. ഇതില്‍ മനം നൊന്ത് യുദ്ധമേ വേണ്ട എന്ന് തീരുമാനിച്ച അശോകനെന്ന ബുദ്ധമത ചക്രവര്‍ത്തിയുടെ കഥകള്‍ നിങ്ങള്‍ കേട്ടിട്ടില്ലേ? അതെ, ഇവിടെയെല്ലാം തന്നെ കാണുന്നത് അധികാരി വര്‍ഗങ്ങള്‍ക്കുവേണ്ടിയാണ് യുദ്ധമെന്ന ചോര കൊണ്ടുള്ള കളി. ഭാരതത്തിലെ രണ്ട് ഇതിഹാസങ്ങളെ തന്നെ നോക്കൂ. സ്വന്തം ബന്ധുജനങ്ങളോടാണ് അര്‍ജ്ജുനനും സഹോദരങ്ങളും യുദ്ധം ചെയ്തത്. എന്നിട്ടോ? എല്ലാം അധികാരത്തിനുവേണ്ടി. യാതന അനുഭവിക്കുന്നതോ സാധാരണക്കാരായ പൗരന്‍മാരും.
മറ്റൊരു വര്‍ഗം മുതലാളി വര്‍ഗത്തില്‍ തന്നെ പെടുന്ന യുദ്ധങ്ങള്‍ക്കു വേണ്ടി ആയുധങ്ങള്‍ നിര്‍മിക്കുന്നവരാണ്. അവര്‍ക്ക് യുദ്ധങ്ങള്‍ നടന്നേ മതിയാകൂ. എങ്കലേ അവര്‍ക്ക് തങ്ങള്‍ ഉണ്ടാക്കുന്ന തോക്കും പീരങ്കിയും പോര്‍വിമാനങ്ങളുമൊക്കെ കച്ചവടം ചെയ്യാനാവൂ.
അതുകൊണ്ടാണ് റഷ്യന്‍ വിപ്ലവത്തിന്റെ ശില്‍പിയായ വ്‌ളദിമിര്‍ ലെനിന്‍ ലോക യുദ്ധങ്ങളെ സാമ്രാജ്യത്വ യുദ്ധം എന്നു വിളിച്ചത്. അവയെ ബഹിഷ്‌ക്കരിക്കാന്‍ യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന രാജ്യങ്ങളിലേതടക്കം ലോകത്തിലെ സാധാരണ ജനങ്ങളോട് ആഹ്വാനം ചെയ്തത്.
രണ്ടാം ലോകയുദ്ധത്തിന് അന്ത്യം കുറിച്ചത് അമേരിക്കയോ?
പലപ്പോഴും അമേരിക്ക നമുക്ക് പറഞ്ഞു തന്നിരിക്കുന്നത് തങ്ങള്‍ ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചത് രണ്ടാം ലോകയുദ്ധത്തിന് അന്ത്യം കുറിക്കാനായാണെന്നാണ്. എത്ര നുണയാണ് അവര്‍ പറഞ്ഞു പഴകിയ ഈ വാക്കുകളെന്ന് കൂട്ടുകാര്‍ക്ക് ട്രൂമാന്റെ മേലുദ്ധരിച്ചിട്ടുള്ള വാക്കുകളില്‍ നിന്നും മനസിലാക്കാവുന്നതാണ്. അണുവായുധം ഉപയോഗിച്ച് ലോകത്തെ തന്നെ ഭയപ്പെടുത്തുക എന്ന തന്ത്രമായിരുന്നു അമേരിക്കക്കുണ്ടായിരുന്നതെന്ന് ഇന്ന് ഏതാണ്ട് എല്ലാരും അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ വിയറ്റ്‌നാമെന്ന കുഞ്ഞ് രാഷ്ട്രത്തിനുമേല്‍ ധാര്‍ഷ്ട്യത്തോടെ അമേരിക്ക നപ്ലാം ബോംബ് പ്രയോഗിച്ചത്. ക്യൂബയ്ക്കുമേല്‍ മിസൈല്‍ പ്രയോഗിക്കാന്‍ തയ്യാറായത്. ഇറാഖടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയുടെ യുദ്ധക്കൊതിയുടെ ഇരകളായത് കണ്ടവരാണ് നാം.
രണ്ടാം ലോക യുദ്ധത്തില്‍ പ്രധാനമായും രണ്ട് ചേരികളായി മാറിനിന്നു കൊണ്ടാണ് ലോക രാജ്യങ്ങള്‍ യുദ്ധം നടത്തിയിരുന്നതെന്ന് നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ. സഖ്യശക്തികളും അച്ചുതണ്ട് ശക്തികളും. സഖ്യശക്തികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അമേരിക്കയും ഫ്രാന്‍സും ഇംഗ്ലണ്ടുമായിരുന്നു. ഹിറ്റലറുടെ ജര്‍മനിയും മുസ്സോളിനിയുടെ ഇറ്റലിയും മറുഭാഗത്ത് നിലയുറപ്പിച്ചു.
സാമ്രാജ്യത്വ യുദ്ധത്തില്‍ താല്‍പര്യമില്ലാതിരുന്ന സോവിയറ്റ് യൂണിയന്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ യുദ്ധത്തെ അപലപിക്കുകയും അതില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജര്‍മ്മനി സോവിയറ്റ് യൂണിയനെ കടന്നാക്രമിച്ചു. 1943 ജൂലൈ നാലിന്. നാസി ജര്‍മ്മനിയുടെ വരവ് മുന്‍കൂട്ടി കണ്ട സോവിയറ്റ് യൂണിയന്‍ അതിനെ തടയാനുള്ള എല്ലാ മുന്‍കരുതലുകളുമെടുത്തിരുന്നു. അങ്ങനെ സോവിയറ്റ് യൂണിയന്‍ രണ്ടാം ലോക യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടു.
എന്നാല്‍ സോവിയറ്റ് യൂണിയന്റെ ഇച്ഛാശക്തിക്കു മുന്നില്‍ നാസിപ്പടയ്‌ക്കോ അച്ചുതണ്ട് ശക്തികള്‍ക്കോ പിടിച്ചു നില്‍ക്കാനായില്ല. സോവിയറ്റ് പട ഹിറ്റ്‌ലറെയും നാസി സൈന്യത്തെയും ഭൂമുഖത്തു നിന്നു തന്നെ തുരത്തി. സോവിയറ്റ് യൂണിയനോട് ജര്‍മ്മന്‍ സൈന്യം അമ്പേ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 1945 ഏപ്രില്‍ 30ന് ഹിറ്റലര്‍ തന്റെ ഭാര്യ ഈവാ ബ്രൗണിനൊപ്പം ആത്മഹത്യ ചെയ്തു. ഹിറ്റ്‌ലറിന്റെ ഒപ്പം നിന്ന് യുദ്ധത്തെ നയിച്ചിരുന്ന ഇറ്റലിയുടെ ഏകാധിപതി, മുസ്സേളിനിയെ ഇറ്റലിയിലെ ജനതതന്നെ 1945 ഏപ്രില്‍ 28ന് അടിച്ചു കൊന്ന് തെരുവില്‍ കെട്ടിത്തൂക്കി. അങ്ങനെ രണ്ടാം ലോക മഹായുദ്ധത്തിന് നേതൃത്വം കൊടുത്തിരുന്ന അച്ചുതണ്ട് ശക്തികളുടെ രണ്ട് വന്‍മരങ്ങളും വീണിരുന്നു. അതിന് സോവിയറ്റ് യൂണിയന് വന്‍വില തന്നെ കൊടുക്കേണ്ടി വന്നു.
കൂട്ടുകാരെ, ഈ രണ്ട് ശക്തികളുടെയും പിന്‍ബലത്തില്‍ മാത്രം നില്‍ക്കുന്ന ജപ്പാന് പിന്നീട് വിജയിച്ച് നില്‍ക്കാന്‍ കഴിയുമായിരുന്നോ എന്നതാണ് ചോദ്യം. നിശ്ശേഷം പറയാന്‍ കഴിയും ഇല്ല എന്ന്. ജര്‍മ്മനിയും ഇറ്റലിയും ഏതാണ്ട് പരാജയപ്പെടും എന്നുറപ്പായിരുന്നു 1943 ഫെബ്രുവരിയില്‍ തന്നെ. കാരണം അന്ന് ഇവര്‍ പരാജയപ്പെട്ടാല്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുന്നതിനായി യാള്‍ട്ടയില്‍ വെച്ച് ഫെബ്രുവരി 4 മുതല്‍ പതിനൊന്നു വരെ സഖ്യശക്തികള്‍ ഒരു കോണ്‍ഫെറന്‍സും നടത്തിയിരുന്നു.
പ്യൂപ്പയിലെ മറ്റ് ലേഖനങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..
ഇനി പറയൂ, ജപ്പാനെ വീഴ്ത്തിയതിലൂടെയാണോ രണ്ടാം ലോക യുദ്ധത്തിന് തിരശ്ശീല വീണതെന്ന്? ഹിറ്റലറും മുസ്സോളിനിയും വീണപ്പോള്‍തന്നെ പരാജയത്തിന്റെ വക്കിലെത്തിയ ജപ്പാന്റെ മേല്‍ അണുബോംബ് വര്‍ഷിക്കേണ്ട ആശ്യമുണ്ടായിരുന്നോ? ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നത് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നാണ്. പിന്നെ എന്താകാം അണുബോംബ് വര്‍ഷിച്ചതിനു പിന്നിലെ ചേതോ വികാരം? വളര്‍ന്നു വരുന്ന സോവിയറ്റ് യൂണിയനെ ഭയപ്പെടുത്തുക, രണ്ടാം ലോകയുദ്ധം അവസ്സാനിപ്പിച്ചതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്കാണെന്ന് വരുത്തി തീര്‍ക്കുക. ലോക ആധിപത്യം നേടിയെടുക്കുക. ഇതൊക്കെയാണ് അമേരിക്കയെ ഇത്തരമൊരു കൊടും ക്രൂരതയിലേയ്ക്ക് നയിച്ചത്.
കൂട്ടുകാരെ ഇനി പറയൂ, നമുക്ക് യുദ്ധത്തെ ന്യായീകരിക്കാനാവുമോ?