ലഖ്നൗ: രാഷ്ട്രീയ പ്രതിസന്ധി തുടര്‍ക്കഥയായ പഞ്ചാബില്‍ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്. 2022 ലെ തെരഞ്ഞെടുപ്പില്‍ എങ്ങനെയും ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
ശിരോമണി അകാലിദള്‍ സഖ്യവും ബി.ജെ.പിയും അമരീന്ദറും ആം ആദ്മിയും ഭരണം പിടിക്കാനായി ഇതിനോടകം കരുനീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ശിരോമണി അകാലിദള്‍ മാസങ്ങള്‍ക്ക് മുന്‍പേ തന്നെ ബി.എസ്.പിയുമായും ഇടത് പാര്‍ട്ടികളുമായും സഖ്യചര്‍ച്ചകളും സീറ്റ് ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ ഉള്‍പാര്‍ട്ടി പോരില്‍ വലഞ്ഞ കോണ്‍ഗ്രസ് ഇതുവരെ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി എം.എല്‍.എമാരുടേയും നേതാക്കളുടേയും യോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ധാരണയായതായാണ് റിപ്പോര്‍ട്ട്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ തിരിച്ചുവിളിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
2017 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പ്രശാന്തായിരുന്നു. 2021 മാര്‍ച്ചില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിന്റെ മുഖ്യ ഉപദേഷ്ടാവായി പ്രശാന്ത് സ്ഥാനമേറ്റെടുത്തിരുന്നു.
എന്നാല്‍ ആഗസ്റ്റ് മാസത്തില്‍ പ്രശാന്ത് ഈ സ്ഥാനം രാജിവെക്കുകയായിരുന്നു.
അതേസമയം കോണ്‍ഗ്രസ് വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസമാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ‘പഞ്ചാബ് ലോക് കോണ്‍ഗ്രസ്’ എന്നാണ് ക്യാപ്റ്റന്റെ പാര്‍ട്ടിയുടെ പേര്. അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് മുന്‍പ് അമരീന്ദര്‍ സിംഗ് അറിയിച്ചിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതായി അറിയിച്ച് സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചതിന് ശേഷമാണ് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് പുതിയ പാര്‍ട്ടിയുടെ പിറവി.