കൊച്ചി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രയെ ഉള്‍പ്പെടുത്താത്ത അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നിലപാടില്‍ വിമര്‍ശനവുമായി ഹൈക്കോടതി. എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നത് സംബന്ധിച്ച് നാളെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവ് നടപ്പാക്കാത്ത സാഹചര്യം വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പി യു ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാനുള്ള മത്സരാര്‍ത്ഥികളുടെ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 24 ആയിരുന്നു. എന്നാല്‍ സുധ സിങ് പട്ടികയില്‍ ഉള്‍പ്പെട്ടു. പട്ടിക സമര്‍പ്പിച്ച ശേഷവും സുധ സിങ് എങ്ങനെ ഉള്‍പ്പെട്ടു എന്ന കാര്യവും അത്ലറ്റിക് ഫെഡറേഷന്‍ നാളെ വിശദീകരിക്കണം. അത്ലറ്റിക് ഫെഡറേഷന് മേല്‍ സര്‍ക്കാരിന് നിയന്ത്രണമുണ്ടാകണമെന്നും കോടതി പറഞ്ഞു.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തന്നെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് പി യു ചിത്രയെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അത്ലറ്റിക് ഫെഡറേഷനോട് ചിത്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും എന്നാല്‍ സമയപരിധി കഴിഞ്ഞതിനാല്‍ ചിത്രയെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമായിരുന്നു അത്ലറ്റിക് ഫെഡറേഷന്റെ നിലപാട്.