Kerala News
ഇന്ദിരാഗാന്ധി സൈലന്റ് വാലി സംരക്ഷിച്ചതുപോലെ പശ്ചിമഘട്ടം സംരക്ഷിക്കണം: കോണ്‍ഗ്രസിനോട് പി.ടി തോമസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 15, 11:28 am
Thursday, 15th August 2019, 4:58 pm

കൊച്ചി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൈലന്റ് വാലിയെ സംരക്ഷിച്ചതുപോലെ പശ്ചിമഘട്ടം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കണമെന്ന് പി.ടി തോമസ് എം.എല്‍.എ. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും മുന്നോട്ട് വരണമെന്നും പി.ടി തോമസ് എം.എല്‍.എ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന് തന്നെ പാര്‍ട്ടിയും നേതാക്കളും കുറ്റപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളടക്കം തള്ളിപ്പറഞ്ഞിരുന്നു. അതില്‍ അതീവമായ ദു:ഖവും വിഷമവുമുണ്ടായിരുന്നു. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ ജനങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെന്നും പി.ടി. തോമസ് പറഞ്ഞു.

‘ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തങ്ങളുടെ തീവ്രത കുറയുമായിരുന്നു. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരു ഉന്നതതല കമ്മിറ്റി രൂപവത്കരിക്കണം.’പി.ടി തോമസ് ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പിന്തിരിപ്പന്‍ നിലപാട് സ്വീകരിച്ച കത്തോലിക്കാ സഭാ നേതൃത്വം അവരുടെ നിലപാട് നീക്കണമെന്നും അത് തെറ്റാണെന്ന് തുറന്നുപറയാന്‍ ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.